പ്രീമെട്രിക് ഹോസ്റ്റലിലെത്തിയ മന്ത്രിക്ക് മുമ്പില്‍ വിദ്യാര്‍ഥികളുടെ പരാതി പ്രളയം

Posted on: February 27, 2013 6:42 am | Last updated: March 11, 2013 at 8:56 pm

എടക്കര: ഇല്ലായ്മുയും പരിഭവങ്ങളുമായി കുട്ടികള്‍ മന്ത്രിക്കു മുന്നില്‍ പരാതികളുടെ പട്ടിക തന്നെ നിരത്തി. നിലമ്പൂരിലെ ഒരു ഔദ്യോഗിക പരിപാടിയിലേക്ക് പോകുന്ന വഴിയാണ് വഴിക്കടവ് മണിമൂളി പട്ടികവര്‍ഗ വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ മന്ത്രി പി കെ ജയലക്ഷ്മി സന്ദര്‍ശിച്ചത്.
മന്ത്രിയെത്തിയപ്പോള്‍ കുട്ടികള്‍ സ്‌കൂളിലായിരുന്നു. മന്ത്രി വന്നതറിഞ്ഞ് എത്തിയ കുട്ടികളെ മന്ത്രി കൈകൊടുത്താണ് സംസാരിച്ചത്. ഹോസ്റ്റലില്‍ നിങ്ങള്‍ക്ക് എന്താണ് കുറവുള്ളതെന്ന് ചോദിക്കേണ്ട താമസം പരാതിയെത്തി. വെള്ളമില്ലാത്തതിനാല്‍ കുളിക്കാതെയാണ് സ്‌കൂളില്‍ പോകാറെന്നും അസുഖം വന്നാല്‍ വീട്ടിലേക്ക് പറഞ്ഞയക്കും വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടുതല്‍ ദിവസങ്ങളിലും കരന്റുണ്ടാകില്ലെന്നും ടി വി കാണാന്‍ ഡിഷുമില്ലെന്നും മറ്റൊരാളുടെ പരാതി. പരാതികള്‍ കേട്ട ശേഷം പരിഹാരം ഉടന്‍ കാണണമെന്ന് അധികൃതരോട് പറഞ്ഞാണ് മടങ്ങിയത്. മന്ത്രിയെ ഷേര്‍ളി വര്‍ഗീസ്, മിനി വര്‍ഗീസ്, നാലകത്ത് മൊയ്തീന്‍, മച്ചിങ്ങല്‍ കുഞ്ഞു, എം എ മുജീബ്, ജൂഡി തോമസ് അനുഗമിച്ചു.