Connect with us

National

റെയില്‍ ബജറ്റ് ഇന്ന്; കേരളത്തിന് പ്രതീക്ഷക്ക് വകയുണ്ടാകില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന റെയില്‍ ബജറ്റ് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്ന് പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. നിരക്ക് വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിന് മേല്‍ സമ്മര്‍ദമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയോട് കോണ്‍ഗ്രസിലെ മിക്ക നേതാക്കള്‍ക്കും യോജിപ്പില്ല. ജനപ്രിയ ബജറ്റായിരിക്കില്ല ഇത്തവണത്തേതെന്ന് സൂചനയുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് റെയില്‍വെ അനുഭവിക്കുന്നത്. ഈയിടെ നിരക്ക് വര്‍ധിപ്പിച്ചെങ്കിലും അത് ഡീസല്‍ സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഫലമില്ലാതെയായി. ഇനിയും നിരക്ക് വര്‍ധിപ്പിച്ചാല്‍ ദീര്‍ഘ ദൂര യാത്രക്കാര്‍ വിമാനത്തെ ആശ്രയിക്കുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നിരവധി പദ്ധതികള്‍ ഫണ്ടില്ലാത്തത് മൂലം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
പുതിയ ബജറ്റില്‍ ട്രെയിന്‍ സുരക്ഷക്ക് പ്രാധാന്യം നല്‍കും. 25,000 കോടി രൂപയുടെ നഷ്ടമുണ്ടായപ്പോഴാണ് കഴിഞ്ഞ 21 ന് നിരക്ക് കൂട്ടിയത്. ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 6,600 കോടി രൂപയുടെ ചെലവ് വരും. 3,300 കോടി രൂപയെങ്കിലും റെയില്‍വെ കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി, ധനമന്ത്രി, പ്ലാനിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവരുമായി ബന്‍സല്‍ ഏഴ് തവണ ചര്‍ച്ച നടത്തി. തന്റെ ബജറ്റ് നിര്‍ണായകമായതിനാല്‍ സോണിയയെയും ബന്‍സല്‍ കണ്ടു. എ സി ഡബിള്‍ഡെക്കര്‍ ഉള്‍പ്പെടെ 100 പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വെ പദ്ധതിയിടുന്നുണ്ട്. 160 കിമി വേഗത്തില്‍ ഓടുന്ന രണ്ട് ആക്‌സിഡന്റ് റിലീഫ് ട്രെയിനുകള്‍ അനുവദിച്ചേക്കും. ട്രെയിന്‍ അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കാനാണിത്. മെമു സര്‍വീസുകള്‍ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയേക്കും.
ഏപ്രില്‍ 2012 മുതല്‍ ജനുവരി 2013 വരെയുള്ള പത്ത് മാസം റെയില്‍വെയുടെ വരുമാനം 1,01,223 കോടി രൂപയാണ്. രണ്ട് മാസത്തിനകം 34,000 കോടി രൂപ വരുമാന മുണ്ടായാലേ റെയില്‍വെക്ക് മുന്നോട്ട് പോകാനാകൂ. ചരക്ക് ഗതാഗതത്തിലൂടെ 70,067.36 കോടി രൂപയാണ് കഴിഞ്ഞ പത്ത് മാസത്തെ വരുമാനം. കേരളത്തിന് ഇത്തവണയും പ്രതീക്ഷ നല്‍കുന്നതായിരിക്കില്ല ബജറ്റെന്നാണ് സൂചന. ഏതാനും ട്രെയിനുകള്‍ നീട്ടുന്നതൊഴിച്ചാല്‍ കേരളത്തിന് ഒന്നോ രണ്ടോ പുതിയ ട്രെയിനുകള്‍ പോലും ഉണ്ടാകാനിടയില്ല.

Latest