ചിനക്കത്തൂര്‍ പൂരം; സുരക്ഷക്ക് അഞ്ഞൂറോളം പോലീസുകാര്‍

Posted on: February 24, 2013 8:35 am | Last updated: February 24, 2013 at 8:35 am

ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിന് സുരക്ഷ ഒരുക്കാനും സുഗമമായി നടത്തുന്നതിനും അഞ്ഞൂറോളം പോലീസുകാരുടെ സേവനം ഏര്‍പ്പെടുത്തും. ദേശപൂരങ്ങളുടെ എഴുന്നള്ളിപ്പിനൊപ്പം ഒരു എഎസ്‌ഐ ഉള്‍പ്പെടെ പത്തു പോലീസുകാരുടെ സേവനമുണ്ടാകും.
ആനപൂരം കാവുപറമ്പില്‍ നിരക്കുന്നതുമുതല്‍ ഇരുചേരികളിലും മുഴുവന്‍ സമയവും ആനകളുടെ മുന്നിലും പിന്നിലും പോലീസ് കാവലുണ്ടാകും.— ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്കാണ് പൂരത്തിന്റെ ക്രമസമാധാന ചുമതല. പൂരം കഴിയുംവരെ എലിഫന്റ് സ്‌ക്വാഡിന്റെ സേവനവുമുണ്ടാകും. വെടിക്കെട്ടിന് പ്രത്യേകം സുരക്ഷ ഉറപ്പാക്കും. പൂരംദിവസം കാവിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ മുന്നൂറുമീറ്ററോളം പ്രദേശത്ത് റോഡില്‍ പാര്‍ക്കിംഗ് നിരോധിക്കും.
പതിവുപോലെ ഉച്ച ക്ക് 12. 30 മുതല്‍ രാത്രി ഒമ്പതുവരെ സംസ്ഥാനപാതയില്‍ ഗതാഗതനിയന്ത്രണം ഉണ്ടാകും. പൂരം ആഘോഷിക്കുന്ന 25ന് തിരുമുറ്റത്ത് വൈകുന്നേരം മൂന്നുമുതല്‍ നാലുവരെ കുതിരകളി നടക്കും. നാലുമുതല്‍ 4. 45 വരെ തേര്, തട്ടിന്മേല്‍കൂത്ത് എന്നിവ നടക്കും.വൈകുന്നേരം ആറുവരെ വിവിധ സ്‌പെഷല്‍ ആഘോഷങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കും.
ആറുമുതല്‍ ഇരുചേരികളിലെയും ആനപൂരം തിരുമുറ്റത്ത് നടക്കും. എട്ടിന് ആനപൂരം പിരിഞ്ഞശേഷം ശേഷിക്കുന്ന സ്‌പെഷല്‍ ആഘോഷങ്ങള്‍ തിരുമുറ്റത്ത് കളിതുടരും. പൂരം മുന്‍നിര്‍ത്തി ക്ഷേത്രപരിസരത്ത് വൈദ്യുതി, ശുദ്ധജലവിതരണം എന്നിവ ഉറപ്പാക്കാന്‍ സബ്കളക്ടര്‍ ഡോ എ കൗശികന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.—എഴുന്നള്ളിപ്പിന് എത്തുന്ന ആനകള്‍ക്ക് കൃത്യസമയത്ത് ‘ക്ഷണവും വെള്ളവും നല്കാന്‍ കമ്മിറ്റിക്കാര്‍ക്ക് കര്‍ശനനിര്‍ദേശം നല്കി. പൂരം ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പൂരപറമ്പില്‍ വിനോദ സഞ്ചാരവകുപ്പിനു കൂടി സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി.
പൂരത്തിന് ഡ്യൂട്ടിക്കെത്തുന്ന റവന്യൂ, പോലീസ്, ഫയര്‍, മെഡിക്കല്‍, വെറ്ററിനറി വകുപ്പുകളുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനും സംവിധാനമൊരുക്കും