Kozhikode
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് അജ്ഞാതസംഘം ബോംബെറിഞ്ഞു. പാതിരിപ്പറ്റ യു പി സ്‌കൂള്‍ അധ്യാപകന്‍ കല്ലുള്ളപറമ്പത്ത് ചന്ദ്രന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ നാടന്‍ ബോംബെറുണ്ടായത്.
സ്‌ഫോടനത്തില്‍ ഒന്നാം നിലയിലെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. ചന്ദ്രനും കുടുംബവും ബന്ധുവിന്റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനിടയിലാണ് ബോംബേറുണ്ടായത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുറ്റിയാടി സി ഐ. വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബേറുണ്ടായ വീട് ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അരയില്ലത്ത് രവി, വി എം ചന്ദ്രന്‍, കെ പി രാജന്‍, ബ്ലോക്ക് പ്രസിഡന്റ് കോരങ്കോട് മൊയ്തു, ടി മൂസ, ടി പി വിശ്വനാഥന്‍, ബാബു കുയ്‌തേരി, കൊയ്യാല്‍ ഭാസ്‌കരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.