സമാധാന ചര്‍ച്ചയില്‍ നിന്ന് സിറിയന്‍ പ്രതിപക്ഷം വിട്ടുനില്‍ക്കും

Posted on: February 24, 2013 7:25 am | Last updated: February 24, 2013 at 7:25 am

ദമസ്‌കസ്: സിറിയന്‍ വിഷയത്തില്‍ റോമിലും റഷ്യയിലും അമേരിക്കയിലും നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിറിയയിലെ പ്രധാന പ്രതിപക്ഷ സഖ്യമായ സിറിയന്‍ നാഷനല്‍ കോലിയേഷന്‍ (എസ് എന്‍ സി) വക്താക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച അലെപ്പോയിലുണ്ടായ സൈനിക ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
സിറിയന്‍ ജനതക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര ശക്തികളും സംഘടനകളും വേണ്ടത്രെ ഇടപെടല്‍ നടത്തുന്നില്ലെന്നും സൈന്യത്തിന് റഷ്യ വ്യാപകമായ തോതില്‍ ആയുധങ്ങള്‍ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. സിറിയന്‍ വിഷയം പരിഹരിക്കാന്‍ വിവിധ രാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഫ്രീ സിറിയ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുപ്രധാന ചര്‍ച്ചയില്‍ നിന്നാണ് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നത്.
സിറിയന്‍ വിഷയത്തില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെയാണ് ഫ്രീ സിറിയ ചര്‍ച്ചക്ക് വേദിയൊരുക്കിയത്. ബശര്‍ അല്‍ അസദിന് അനുകൂല സമീപനം സ്വീകരിക്കുന്ന റഷ്യയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് യു എന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നുവെന്ന് അറിയിച്ചതോടെ സിറിയന്‍ പ്രതിസന്ധി പരിഹരിക്കാനാകാതെ നീളും.
വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയില്‍ സൈന്യം വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നിരവധി വിമത കേന്ദ്രങ്ങളും തകര്‍ന്നു.