Connect with us

International

എഫ്- 35 യുദ്ധ വിമാനങ്ങള്‍ അമേരിക്ക പിന്‍വലിക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: എഫ്-35 യുദ്ധവിമാനങ്ങള്‍ അമേരിക്ക പിന്‍വലിക്കുന്നു. എന്‍ജിന്‍ തകരാറാണ് കാരണം. എഡ്‌വാര്‍ഡ്‌സ് വ്യോമത്താവളത്തിലുള്ള വിമാനങ്ങളുടെ ടര്‍ബൈന്‍ ബ്ലേഡില്‍ വിള്ളല്‍ കാണപ്പെട്ടതോടെ മുന്‍കരുതലെന്ന നിലക്കാണ് എഫ്-35 യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിള്ളല്‍ എങ്ങനെയുണ്ടായെന്നതിനെ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു കണ്ടെത്തുന്നതുവരെ വ്യോമത്താവളത്തിലുള്ള 51 വിമാനങ്ങളും പുറത്തിറക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് പ്രോഗ്രാം വക്താവ് കെയ്‌റ ഹോന്‍ അറിയിച്ചു.
പ്രശ്‌നം ഒറ്റപ്പെട്ടതാണോ അതോ നിര്‍മാണത്തിലുള്ള പിഴവാണോ എന്ന് അന്വേഷണത്തില്‍ മനസ്സിലാക്കുമെന്ന് ഹോന്‍ പറഞ്ഞു. മിഡില്‍ ടൗണിലുള്ള പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എന്‍ജിന്‍ പ്ലാന്റില്‍ നിന്നാണ് വിമാനത്തിന്റെ ടര്‍ബൈന്‍ ബ്ലേഡ് ഇറക്കുമതി ചെയ്തത്. യു എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഏറ്റവുമധികം വിശ്വാസം പ്രകടിപ്പിച്ച വിമാനമായിരുന്നു എഫ്-35. യു എസ് സേനയുടെ കൈവശമുള്ള മറ്റ് യുദ്ധവിമാനങ്ങളെ അപേക്ഷിച്ച് സാങ്കേതികമായി വളരെ മുന്നിലായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍.
2,443 എഫ്-35 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനായിരുന്നു അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നത്. യു എസ് സേനയോടൊപ്പം അന്താരാഷ്ട്ര നിക്ഷേപകരും പദ്ധതിയില്‍ പണമിറക്കിയിരുന്നു.