ഗ്യാസ് ഉപഭോക്താക്കളുടെ പരാതി അന്വേഷിക്കാന്‍ മുംബൈ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി

Posted on: February 19, 2013 9:27 am | Last updated: February 19, 2013 at 9:27 am

കോട്ടക്കല്‍: ഗ്യാസ് ഉപഭോക്താക്കളില്‍ നിന്നും വിജിലന്‍സ് ഓഫീസര്‍മാര്‍ തെളിവെടുപ്പ് നടത്തി. കോട്ടക്കല്‍ ‘മേഘ’ ഏജന്‍സിയെ കുറിച്ചുള്ള പരാതിയിലാണ് മുബൈയില്‍ നിന്നുള്ള അന്വേഷണ സംഘം ഉപഭോക്താക്കളുടെ വീടുകളിലെത്തി പരാതി സ്വീകരിച്ചത്.
സിലിന്‍ഡറുകള്‍ മറിച്ച് നല്‍കല്‍, സമയത്തിന് ഗ്യസ് നല്‍കാതിരിക്കല്‍ തുടങ്ങി ഒട്ടേറെ പരാതികളാണ് ഈ ഏജന്റിനെ കുറിച്ചുള്ളത്. ഇത് സംബന്ധിച്ച് പുത്തൂര്‍ സ്വദേശി കളത്തിങ്ങല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് മൂന്ന് പേരാണ് അന്വേഷണത്തിനെത്തിയത്. ആട്ടീരി, പുത്തൂര്‍ ഭാഗങ്ങളില്‍ സംഘം തെളിവെടുപ്പ് നടത്തി. ഏജന്‍സിയെയും കൂട്ടിയായിരുന്നു തെളിവെടുപ്പ്.
ഏജന്റിനെ മാറ്റിനിര്‍ത്തിയാണ് മൂന്നംഗ സംഘം ഉപഭോക്താക്കളില്‍ നിന്നും പരാതികള്‍ കേട്ടത്.