അവഗണിക്കപ്പെട്ടവര്‍ക്ക് ആശ്വാസം

Posted on: February 18, 2013 3:09 pm | Last updated: February 18, 2013 at 3:09 pm

SIRAJ.......എല്‍ ടി ടി സി, ഡി എല്‍ ഇ ഡി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ വിവിധ സര്‍വകലാശാലകളുടെ ബി എഡ് കോഴ്‌സുകള്‍ക്ക് തുല്യമാക്കിക്കൊണ്ട് ഈ മാസം 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭാഷാധ്യാപകര്‍ ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ്.
പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകള്‍ ഇതുവരെ ബന്ധപ്പെട്ട വിഷയത്തിലെ ബി എഡ് കോഴ്‌സിന് തുല്യമായി അംഗീകരിച്ചിട്ടില്ലെന്നും ഇതേ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എസ് ഇ ആര്‍ ടിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു. എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകള്‍ക്കും ബന്ധപ്പെട്ട ബി എഡ് ഡിഗ്രി കോഴ്‌സുകള്‍ക്കും അഡ്മിഷനുള്ള മാനദണ്ഡങ്ങളില്‍ വലിയ അന്തരമില്ലാത്തതിനാലും പാഠ്യവിഷയങ്ങളും കോഴ്‌സുകളും കാലദൈര്‍ഘ്യവും ഏതാണ്ട് തുല്യമാണെന്നതിനാലും എസ് സി ഇ ആര്‍ ടിയുടെ മുപ്പത്തിയഞ്ചാമത് കരിക്കുലം കമ്മിറ്റി തീരുമാനപ്രകാരം മേല്‍ കോഴ്‌സുകള്‍ ബന്ധപ്പെട്ട ബി എഡ് കോഴ്‌സിന് തുല്യമാക്കാവുന്നതാണെന്ന നിര്‍ദേശം പരാമര്‍ശിത കത്ത് പ്രകാരം ഡയറക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എല്‍ ടി ടി സി, ഡി എല്‍ ഇ ഡി (അറബിക്, ഉറുദു, ഹിന്ദി കോഴ്‌സുകള്‍) കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന ബി എഡ് (അറബി, ഉറുദു, ഹിന്ദി) കോഴ്‌സുകള്‍ക്ക് തുല്യമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ജെ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
അധ്യയന രംഗത്ത് അനുഭവപാടവവും പരിചയസമ്പത്തുമുള്ള ഭാഷാധ്യാപകരെ പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപക പദവിക്ക് പരിഗണിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ അടിസ്ഥാന യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് കഴിവും പ്രാപ്തിയുമുള്ള ഭാഷാധ്യാപകരെ ഹെഡ്മാസ്റ്റര്‍ പദവിക്ക് പരിഗണിക്കാതെ തഴയുകയായിരുന്നു ഭരണകൂടങ്ങളും വിദ്യാഭ്യാസ വകുപ്പും.
പ്രധാനാധ്യാപകരാകുന്നതിന് നിലവില്‍ ബിരുദം, ടി ടി സി, ബി എഡ് എന്നിവയോടൊപ്പം 12 വര്‍ഷത്തെ അധ്യാപന പരിചയവുമാണ് യോഗ്യതയായി പരിഗണിക്കുന്നത്. എസ് എസ് എല്‍ സി കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്ലസ്ടുവോ പ്രിലിമിനറി കോഴ്‌സോ വിജയിച്ച ശേഷം മൂന്ന് വര്‍ഷത്തെ ബി എ അഫ്‌സലുല്‍ ഉലമ, അദീബെ ഫാസില്‍, ഹിന്ദി സാഹിത്യാചാര്യാ ശിക്ഷാ ശാസ്ത്രിയും പാസായതിനു ശേഷം മെറിറ്റടിസ്ഥാനത്തിലാണ് എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നത്. ഈ കോഴ്‌സുകള്‍ക്ക് ചേരാന്‍ പത്താം ക്ലാസ് വിജയം മാത്രം മതിയെന്നുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭാഷാധ്യാപക സംഘടനാ ഭാരവാഹികള്‍ പറയുന്നു. ബി എഡ് കോഴ്‌സുകള്‍ സര്‍വകലാശാലകള്‍ നടത്തുമ്പോള്‍ എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകള്‍ സര്‍ക്കാറിന്റെ കീഴിലുള്ള പരീക്ഷാ ഭവനാണ് നടത്തുന്നത്. അതിനാല്‍, ഇതിന്റെ സാധുത പരിശോധിക്കേണ്ടത് എസ് സി ഇ ആര്‍ ടി തന്നെയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസും അക്കാദമിക് കൗണ്‍സിലുകളും ചേര്‍ന്ന് എടുക്കേണ്ട തീരുമാനം എസ് സി ഇ ആര്‍ ടി കൈക്കൊണ്ടത് ശരിയല്ലെന്നും ഇത് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ഈ ഉത്തരവിനെ എതിര്‍ക്കുന്ന അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇത് വസ്തുതാവിരുമാണെന്ന് ഭാഷാധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനത്തിന് പുറമെ ഒട്ടേറെ സ്വകാര്യ കോളജുകളും ബി എഡ് കോഴ്‌സ് നടത്തുന്നുണ്ട്. എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകളില്‍ സര്‍വകലാശാലാ സംവിധാനത്തില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. ഇതിനു പുറമെ ബി എഡ് വിജയിക്കാന്‍ 35 ശതമാനം മാര്‍ക്ക് മാത്രം വേണ്ടപ്പോള്‍ എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകള്‍ വിജയിക്കാന്‍ 40 ശതമാനം മാര്‍ക്ക് വേണമെന്ന യാഥാര്‍ഥ്യവും വിമര്‍ശകര്‍ മനഃപൂര്‍വം വിസ്മരിക്കുകയാണ്. ബി എഡ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന അതേ കാലയളവില്‍ തന്നെയാണ് എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകളും പൂര്‍ത്തിയാക്കുന്നത്. ഈ സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അധ്യാപകരാകാനും പ്രിന്‍സിപ്പലാകാനും ഈ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് നിയമപരമായും സാങ്കേതികമായും യാതൊരു തടസ്സവുമുണ്ടാകാനിടയില്ല. ഈ ഉത്തരവില്‍ പഴയ ഏഴാം ക്ലാസ് യോഗ്യതയുള്ള അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്ന തരത്തിലാണ് പ്രചാരണം. എന്നാല്‍ എല്‍ ടി ടി സി, ഡി എല്‍ ഇ ഡി കോഴ്‌സുകളെ മാത്രമാണ് ബി എഡിന് തുല്യമായി അംഗീകരിച്ചത്. അതിനാല്‍ അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ അനര്‍ഹമായത് നേടുന്നുവെന്ന വാദത്തില്‍ കഴമ്പില്ല.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്ന വിഭാഗമാണ് ഭാഷാധ്യാപകര്‍. രാഷ്ട്രഭാഷയായ ഹിന്ദിയും വിശ്വോത്തര ഭാഷയായ അറബിയും രാജ്യത്തെ രണ്ടാമത്തെ ജനകീയ ഭാഷയായ ഉറുദുവും മറ്റു ഭാഷകള്‍ക്കൊപ്പം വികാസം നേടേണ്ട ഭാഷകളാണ്. എന്നാല്‍ ഈ ഭാഷകളെയും ഇവ പഠിപ്പിക്കുന്ന അധ്യാപകരെയും പഠിതാക്കളെയും അവഗണിക്കുന്ന സമീപനമാണ് പലപ്പോഴും അധികൃതരില്‍ നിന്നുണ്ടാകുന്നത്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനയില്‍ പോലും പ്രത്യേക സംരക്ഷണം വിഭാവനം ചെയ്യുന്നുണ്ടങ്കിലും ഇവ പ്രാവര്‍ത്തികമാക്കുന്നതില്‍ നിഷേധാത്മക സമീപനമാണ് പ്രകടമാകുന്നത്. ഇതിനുള്ള മാറ്റമാകട്ടെ സര്‍ക്കാറിന്റെ പുതിയ ഉത്തരവും അനുബന്ധ നടപടികളും.