വനിതാ ലോകകപ്പ് ക്രിക്കറ്റ്-തുടര്‍ച്ചയായ ആറാം തവണയും ആസ്‌ത്രേലിയക്ക് കിരീടം

Posted on: February 18, 2013 2:21 pm | Last updated: February 18, 2013 at 2:36 pm

auswomenwin_342മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റ് കിരീടം തുടര്‍ച്ചയായ ആറാം തവണയും ആസ്‌ത്രേലിയക്ക്. ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ 114 റണ്‍സിന് തകര്‍ത്താണ് ഓസീസിന്റെ കിരീട നേട്ടം.
ആദ്യം ബാറ്റ് ചെയ്ത് ആസ്‌ത്രേലിയ നിശ്ചിത 50 ഓവറില്‍ 259 എടുത്തു. എന്നാല്‍ 260 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 43.1 ഓവറില്‍ 145 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തുന്നതില്‍ വിന്‍ഡീസ് വനിതകള്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ എലീസ് പെറി, രണ്ട് വീതം വിക്കറ്റുകള്‍ നേടിയ എറിന്‍ ഒസ്‌ബോണ്‍, ലിസ സ്തലേകര്‍, മെഗന്‍ സ്‌കൂട്ട് എന്നിവരാണ് വിന്‍ഡീസ് നിരയെ തകര്‍ത്തത്.
നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത ഓസീസ് ജെസ് കാമറൂണ്‍ (75), റെയ്ച്ചല്‍ ഹെയ്ന്‍സ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ മികവിലാണ് 259 റണ്‍സ് നേടിയത്. ജോഡി ഫീല്‍ഡ്‌സ് 36 റണ്‍സോടെയും എലീസ് പെറി 25 റണ്‍സോടെയും പുറത്താകാതെ നിന്നു.
ഇരുവരും അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഓസീസ് സ്‌കോര്‍ 250 കടത്തിയത്.