കമ്പനി സെക്രട്ടറിയാവാന്‍

Posted on: February 18, 2013 2:13 pm | Last updated: February 18, 2013 at 2:26 pm

1331007804_326040455_1-Pictures-of--Gaurav-Shenoy-Practicing-Company-Secretary-Belgaum-Goaഉന്നതമായ പദവിയും വേതനവും ലഭിക്കുന്ന ഒരു പ്രൊഫഷനാണ് കമ്പനി സെക്രട്ടറി. കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടകാര്യങ്ങള്‍ യഥാക്രമം നടപ്പാക്കുന്നുണ്ടോ എന്ന് നോക്കുക, വിവിധ വിഷയങ്ങളില്‍ കമ്പനിക്ക് വിദഗ്‌ധോപദേശം നല്‍കുക തുടങ്ങിയവയാണ് കമ്പനി സെക്രട്ടറിയുടെ ജോലി. കമ്പനി നിയമമനുസരിച്ച് അഞ്ച് കോടിയില്‍ കവിഞ്ഞ അടച്ച് തീര്‍ത്ത മൂലധനമുള്ള എല്ലാ കമ്പനികള്‍ക്കും കമ്പനി സെക്രട്ടറി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കല്‍ നിര്‍ബന്ധമാണ്.
കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റിയൂട്ട്:
1980-ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റിയൂട്ട് നിലവില്‍ വന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നാല് പ്രാദേശിക ഓഫീസുകളും വിവിധ നഗരങ്ങളിലായി എഴുപതോളം ചാപ്റ്റര്‍ ഓഫീസുകളുമുണ്ട്.
കോഴ്‌സിന്റെ ഉള്ളടക്കം:
കമ്പനി സെക്രട്ടറീസ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കമ്പനി സെക്രട്ടറി പരീക്ഷ നടത്തുന്നത്. ഫൗണ്ടേഷന്‍, എക്‌സിക്യൂട്ടീവ്, പ്രൊഫഷണല്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ നടത്തുന്നത്. പ്ലസ് ടുവോ തതുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരാം. മാര്‍ച്ച് 31ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഡിസംബറിലും സെപ്റ്റംബര്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊട്ടടുത്ത വര്‍ഷം ജൂണിലും ഫൗണ്ടേഷന്‍ പരീക്ഷയെഴുതാം. ബിസിനസ് ലോസ്, മാനേജ്‌മെന്റ്, അക്കൗണ്ടന്‍സി, ഇക്കണോമിക്‌സ്, എന്നീ വിഷയങ്ങളാണ് പഠിക്കേണ്ടത്. ഓരോ വിഷയത്തിനും ചുരുങ്ങിയത് 40 ശതമാനവും മൊത്തം മാര്‍ക്കിന്റെ അമ്പത് ശതമാനവും ലഭിച്ചാല്‍ പരീക്ഷ വിജയിക്കും. ഇത് പാസായാല്‍ രണ്ടാം ഘട്ടമായ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിനുള്ള പഠനം ആരംഭിക്കാം. ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കും ചാര്‍ട്ടേര്‍ഡ് അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫൈനല്‍ പരീക്ഷ വിജയിച്ചവര്‍ക്കും ഫൗണ്ടേഷന്‍ പരീക്ഷ എഴുതാതെയും ചുരുങ്ങിയ മാര്‍ക്ക് നിബന്ധന കൂടാതെയും എപ്പോള്‍ വേണമെങ്കിലും വിദ്യാര്‍ത്ഥിയായി രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ കൊമേഴ്‌സ് ഒഴികെയുള്ള വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ ഫൗണ്ടേഷന്‍ കോഴ്‌സിന്റെ വിഷയങ്ങളില്‍ പോസ്റ്റല്‍ അഥവാ ഓറല്‍ ട്യൂഷന്‍ വിജയകരമായി പൂര്‍ത്തിയാക്കണം.
വിവരങ്ങള്‍ക്ക് www.icsi.edu/www.icsi.in
ചാപ്റ്റര്‍ ഓഫീസുകളിലെ ഫോണ്‍ നമ്പറുകള്‍: തിരുവനന്തപുരം:0471-2451915, കൊച്ചി:0484-2392950, കോഴിക്കോട്:0495-2374702, തൃശ്ശൂര്‍:04872327860, പാലക്കാട്:9495539260,