സാംസംഗിനെ തറപറ്റിച്ച് യു എസില്‍ ആപ്പിള്‍ വസന്തം

Posted on: February 18, 2013 1:18 pm | Last updated: February 18, 2013 at 1:43 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഗാഡ്ജറ്റ് വിപണിയില്‍ സാംസംഗിന്റെ മേധാവിത്വം അവസാനിപ്പിച്ച് ആപ്പിളിന്റെ മുന്നേറ്റം. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ 17.7 ദശലക്ഷം ഐ ഫോണുകള്‍ വിറ്റഴിച്ചാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. യു എസില്‍ ഈ കാലയളവില്‍ ആകെ വിറ്റഴിച്ചത് 52 ദശലക്ഷം മൊബൈല്‍ ഫോണുകളാണ്. ഇതാദ്യമായാണ് ആപ്പിള്‍ അമേരിക്കന്‍ മൊബൈല്‍ വിപണിയില്‍ മുന്നിലെത്തുന്നത്. അതേസമയം 16.8 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ വിറ്റഴിച്ച് സാംസംഗ് തൊട്ടുപിന്നാലെ തന്നെയുണ്ട്.
ആപ്പിളിന്റെ ഐഫോണ്‍ 5ന് ലഭിച്ച് സ്വീകാര്യതയാണ് വിപണി പിടിക്കാന്‍ അവര്‍ക്ക് വഴിയൊരുക്കിയതെന്ന് നിരീക്ഷകള്‍ വിലയിരുത്തുന്നു. ആപ്പിളിന്റെ അപ്ലിക്കേഷന്‍ സ്റ്റോറും ഇക്കോസിസ്റ്റവും ഇതിന് ഉണര്‍വേകി. സാംസംഗ് സ്മാര്‍ട്ട് ഫോണ്‍ നിരയിലെ കരുത്തനായ ഗാലക്‌സി എസ് ത്രീയെ കടത്തിവെട്ടിയാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്.
2008 മുതല്‍ യു എസ് വിപണിയില്‍ സാംസംഗായിരുന്നു ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്.