ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാറിന് പിന്മാറേണ്ടി വരും-മുഖ്യമന്ത്രി

Posted on: February 18, 2013 12:55 pm | Last updated: February 18, 2013 at 4:23 pm

ommenchandy-3തിരുവനന്തപുരം: ശമ്പളത്തിനും പെന്‍ഷനും പലിശക്കും വേണ്ടി സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും നീക്കിവെക്കുമ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം മതിയാകാതെ വരുന്നുവെന്നും ഈ നില തുടര്‍ന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ആരംഭിക്കുന്ന കെ എം ബജറ്റ് പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ഷേമ രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കില്‍ðസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയേ തീരൂ. ആധുനിക കേരളത്തിന് ശക്തമായ ശിലയിടാന്‍ അച്യുതമേനോന്‍ 1957 ല്‍ അവതരിപ്പിച്ച പ്രഥമ കേരള ബജറ്റ് മുതല്‍ð2012ല്‍ കെഎം മാണി അവതരിപ്പിച്ച ഒടുവിലത്തെ ബജറ്റിനുവരെ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ðറവന്യൂ ചെലവ് 17 ശതമാനം വര്‍ധിച്ചപ്പോള്‍ മൂലധന നിക്ഷേപം 7.5 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കുന്നുകൂടിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, പഠന കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എം എ ഉമ്മന്‍ പ്രസംഗിച്ചു. എം എല്‍ എ മാരും സാമ്പത്തിക വിദഗ്ധരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മന്ത്രി കെ എം മാണിയെ ഉപരാഷ്ട്രപതി പൊന്നാടയണിയിച്ചു.