രക്ത സമ്മര്‍ദം സൂക്ഷിക്കണം

Posted on: February 18, 2013 12:17 pm | Last updated: February 18, 2013 at 12:17 pm

bpആധുനിക ജീവിത ശൈലിയുടെ ഒരു സംഭാവനയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. തലകറക്കം, തലവേദന, നെഞ്ചിടിപ്പ്, ക്ഷീണാവസ്ഥ, ലൈംഗിക ശക്തിക്കുറവ്, കാഴച മങ്ങല്‍ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ മൂക്കിലൂടെ രക്തംവരിക, നെഞ്ചുവേദന, ശ്വാസം മുട്ടല്‍ എന്നിവയും കാണാറുണ്ട്. മറ്റു പല രോഗങ്ങള്‍ക്കൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദരോഗം കാണപ്പെടുമ്പോള്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദം വന്നാല്‍ വൃക്കരോഗങ്ങള്‍ക്കും ഹൃദ്‌രോഗത്തിനും സാധ്യത കൂടുതലാണ്.

ഗര്‍ഭകാലത്തുണ്ടാകുന്ന ആന്തരിക ശാരീരിക മാറ്റങ്ങള്‍ മൂലം ബി പിയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കുറയേണ്ടതാണ്. എന്നാല്‍ ചിലരില്‍ ബി പി കൂടൂന്നതായി കണ്ടുവരാറുണ്ട്. പതിനെട്ടു വയസ്സിനു താഴെയോ 35 വയസ്സിനു മുകളിലോ ഉള്ള ഗര്‍ഭിണികളിലാണ് കൂടുതലും ഇത് കാണുന്നത്. ഗര്‍ഭകാലത്തെ പരിശോധനയില്‍ ബി പി കൂടുതല്‍ കാണപ്പെട്ടാല്‍ ശ്രദ്ധിക്കണം. പാരമ്പര്യമായി ബി പിയുള്ളവരും നേരത്തെ തന്നെ ബി പി ഉള്ളവരും ഗര്‍ഭകാലത്തു കൂടുതല്‍ ശ്രദ്ധിക്കണം. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ കഴിക്കാവൂ. മുമ്പ് കഴിച്ചിരുന്ന മരുന്നുകളും ഡോക്ടറുടെ ഉപദേശ പ്രകാരം തുടരുന്നതാണു നല്ലത്. ബി പി കൂടുന്നത് പ്രസവത്തിനും കുഞ്ഞിനും പ്രശ്‌നങ്ങള്‍ വരുത്തും. മാനസിക ഉന്മേഷം നിലനിര്‍ത്തേണ്ടതുണ്ട്. ചിലരില്‍ ഗര്‍ഭാശയത്തിലെ മാറ്റങ്ങള്‍ മൂലം അവസാന മാസങ്ങളില്‍ ബി പി കൂടാറുണ്ട്.
ബി പി കുറയുന്നത് പ്രത്യേക പ്രശ്‌നങ്ങളോ ലക്ഷണങ്ങളോ നല്ലൊരു ശതമാനം പേരിലും ഉണ്ടാക്കാറില്ല. എന്നാല്‍ ചിലര്‍ക്ക് ബോധക്ഷയം, കാഴ്ച കിട്ടാന്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകും. ഗര്‍ഭാവസ്ഥയിലും ഇങ്ങനെ സംഭവിക്കാറുണ്ട്. കടുത്ത അണുബാധയും അലര്‍ജിയും ഡയബറ്റിക് ന്യൂറോപ്പതി, അമിത മദ്യപാനം, തൈറോയിഡിന്റെ പ്രശ്‌നങ്ങള്‍, ഡീ ഹൈഡ്രേഷന്‍ എന്നിവ കൊണ്ടും ബി പി കുറയാം. കഴിക്കുന്ന മരുന്നു കുറക്കുക മരുന്നു മാറുക എന്നിവ ചെയ്താല്‍ തന്നെ വ്യത്യാസമുണ്ടാകും. ഗര്‍ഭിണികള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തിനായി ശരീരം വേണ്ടത്ര കരുതലോടെ ശ്രദ്ധിക്കണം. ഡോക്ടറുടെ ഉപദേശം തേടുന്നതാണ് ഗുണകരം.