ഇടനിലക്കാര്‍ ഇറ്റാലിയന്‍ പ്രസിഡന്റിനൊപ്പം ഇന്ത്യ സന്ദര്‍ശിച്ചു

Posted on: February 18, 2013 12:07 pm | Last updated: February 18, 2013 at 12:07 pm

AgustaWestland_payoff_UKന്യൂഡല്‍ഹി: അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാര്‍ ഇറ്റലിയുടെ മുന്‍ പ്രസിഡന്റ് കാര്‍ലോ അസഗ്ലിയോ സിയാംപിക്കൊപ്പം ഇന്ത്യയില്‍ വന്നിരുന്നതായി വെളിപ്പെടുത്തല്‍. 2005ല്‍ നടത്തിയ ഈ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷമാണ് ഹെലികോപ്റ്ററിന്റെ ഉയരം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതെന്നും വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ ഇടനിലക്കാരനായ ഗിഡോ ഹാഷ്‌കെയും ഇറ്റാലിയന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ഈ അവസരത്തില്‍ ഹാഷ്‌കെ, മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയുമായി വ്യോമസേനാ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ത്യാഗിയുടെ അടുത്ത ബന്ധുവായ ജൂലി ത്യാഗിയായിരുന്നു കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ഇതിനു ശേഷം അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന് ടെന്‍ഡര്‍ സമര്‍പ്പിക്കാനായി ഉയരപരിധിയുടെ മാനദണ്ഡം 18,000 അടിയില്‍ നിന്ന് 15,000 അടിയായി കുറച്ചതായി ഇറ്റാലിയന്‍ അന്വേഷണ സംഘം കണ്ടെത്തി. ഈ നടപടി മൂലമാണ് അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന് ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ വഴിയൊരുങ്ങിയത്.

ഫിന്‍മെക്കാനിക്കയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഗ്യുസെപ്പെ ഒര്‍സിയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കോഴ ഇടപാട് പുറത്തുവന്നത്. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യയില്‍ 362 കോടി രൂപ കോഴയായി ചെലവഴിച്ചു എന്നാണ് വെളിപ്പെടുത്തല്‍. ഇടപാടിലെ വിശദാംശങ്ങള്‍ നല്‍കാന്‍ ചീഫ് വിജിലന്‍സ് കമ്മീഷന്‍ പ്രതിരോധ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ഹെലികോപ്റ്റര്‍ ഇടപാടിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘം ഇറ്റലിയിലേക്ക് പോകുന്നത് സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി. ഇറ്റാലിയന്‍ കോടതിയില്‍ നടക്കുന്ന കേസില്‍ ഇന്ത്യ കക്ഷി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സി ബി ഐ ഇറ്റലിയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തി. അഴിമതി സംബന്ധിച്ച രേഖകള്‍ ലഭിക്കണമെന്നാണ് ഇന്ത്യ കോടതിയില്‍ ആവശ്യപ്പെടുക.
ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കുന്നത് റഷ്യക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍, 2008 ല്‍ റഷ്യയുമായി ഉണ്ടാക്കിയ വി വി ഐ പി ഹെലികോപ്റ്റര്‍ കരാറാണ് ഇറ്റാലിയന്‍ കരാര്‍ റദ്ദാക്കിയാല്‍ സജീവമാകുക. 7700 കോടി രൂപ ചെലവില്‍ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന 22 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ റഷ്യയുമായി കരാര്‍ ഉണ്ടാക്കിയിരുന്നത്.