Connect with us

Articles

ബസുകള്‍ക്ക് നഗര പ്രവേശം അസാധ്യമാകുമോ?

കുരുക്കില്‍ പെടാതെ വീട്ടിലും ഓഫീസുകളിലുമെത്തണമെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചോളൂവെന്നാണ് സ്വകാര്യ ബസുകള്‍ ഓവര്‍ടേക്കിംഗ് ചെയ്യരുതെന്ന കോടതി വിധിയുടെ പരോക്ഷ നിലപാട്. ബസുകാരൊെക്ക ഹോണടിക്കാതെ, ഓവര്‍ടേക് ചെയ്യാതെ പതുക്കെ വന്നാല്‍ മതിയെന്ന് പറയുന്നവര്‍ ഇടക്കെങ്കിലും ബസുകളില്‍ യാത്ര ചെയ്യണം. നിയമ നിര്‍മാണത്തിലൂടെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനാണ് ലക്ഷ്യമെങ്കില്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന സമീപനമല്ല പിന്തുടരേണ്ടത്.

Published

|

Last Updated

കൊച്ചി നഗര പരിധിയില്‍ സ്വകാര്യ ബസുകള്‍ ഹോണ്‍ മുഴക്കുന്നതും ഓവര്‍ടേക്കിംഗ് ചെയ്യുന്നതും ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായ കൊച്ചി പോലെയുള്ള വലിയ നഗരത്തില്‍ ഇതുപോലെയുള്ള നിയമങ്ങള്‍ നടപ്പാക്കിയാല്‍ പൊതുഗതാഗത സംവിധാനം പാടേ തകരുമെന്നതില്‍ സംശയമില്ല. കുരുക്കില്‍ പെടാതെ വീട്ടിലും ഓഫീസുകളിലുമെത്തണമെങ്കില്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചോളൂവെന്നാണ് കോടതി വിധിയുടെ പരോക്ഷ നിലപാട്. നിയമ നിര്‍മാണത്തിലൂടെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനാണ് ലക്ഷ്യമെങ്കില്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന സമീപനമല്ല പിന്തുടരേണ്ടത്.

പരിസ്ഥിതി മലിനീകരണ തോത് അനുദിനം വര്‍ധിക്കുന്നതിനാല്‍ മറ്റ് രാഷ്ട്രങ്ങളെല്ലാം പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിച്ച് സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുക്തിക്ക് നിരക്കാത്ത നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കണമെന്ന് പറയുന്നത്. കേരളത്തില്‍ നാലില്‍ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായാണ് നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപോര്‍ട്ട്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് ഈ സര്‍വേ നടത്തിയത്. സര്‍വേയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്ത് 26 ശതമാനം കാറുകളുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. രാജ്യത്തെ ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വെറും എട്ട് ശതമാനത്തോളം കുടുംബങ്ങള്‍ക്ക് മാത്രമേ സ്വന്തമായി കാറുള്ളൂ. എന്നാല്‍ കേരളത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ നാലിലൊന്ന് കുടുംബത്തിന് കാറുകളുണ്ട്. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് ഈ വാഹനപ്പെരുപ്പമെന്നത് ആശങ്കാജനകമാണ്. ഇത്തരം അവസ്ഥയിലും സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കേണ്ടതിന് പകരം പൊതുഗതാഗത സംവിധാനത്തിന് താഴിടാന്‍ ഭരണകൂടവും നിയമ സംവിധാനങ്ങളും പങ്കാളികളാകുന്നത് ആശ്ചര്യപ്പെടുത്തുന്നു.

സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്ന കോടതി വിധി സ്വാഗതാര്‍ഹമാണ്. അതോടൊപ്പം തന്നെ ബസുകള്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും കൂടി നിരോധിക്കണം. അനുമതിയുള്ള വാഹനങ്ങളല്ലാത്ത എല്ലാ വാഹനങ്ങളുടെയും അമിത വേഗതയും ട്രാഫിക് നിയമ ലംഘനങ്ങളും പിടികൂടണം. കൊച്ചിയിലെ ബസുകളും ഓട്ടോറിക്ഷകളും എവിടുന്ന് എപ്പോള്‍ തിരിയുമെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത കാര്യമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. തിരിയുന്നതിന് മുമ്പ് നിയമപരമായ അകലത്തില്‍ വെച്ച് വാഹനങ്ങള്‍ ഇന്‍ഡിക്കേറ്റര്‍ ഇടുന്നുണ്ടോയെന്ന് ഉറപ്പാക്കാനും നിയമപാലകര്‍ ശ്രമിക്കേണ്ടതുണ്ട്. ഇതൊക്കെ ചെയ്താല്‍ തന്നെ ഒരുപരിധി വരെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനാകും. അതല്ലാതെ അപകടത്തിന്റെ പേരില്‍ പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുന്ന സമീപനങ്ങളല്ല നടപ്പാക്കേണ്ടത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെയും വാഹനപ്പെരുപ്പത്തിനൊത്ത് റോഡ് വീതി കൂട്ടാതെയും അവിവേകപരമായ നിയമങ്ങള്‍ നടപ്പാക്കിയാലൊന്നും നിരത്തുകളിലെ നിലവിളികള്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

ബസുകാരൊെക്ക ഹോണടിക്കാതെ, ഓവര്‍ടേക് ചെയ്യാതെ പതുക്കെ വന്നാല്‍ മതിയെന്ന് പറയുന്നവര്‍ ഇടക്കെങ്കിലും ബസുകളില്‍ യാത്ര ചെയ്യണം. സമയ നിഷ്ഠ പാലിച്ച് വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളാണ് നഗരത്തിലുണ്ടാവുകയെന്നത് ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മുമ്പില്‍ പോകുന്ന വാഹനങ്ങള്‍ നിരത്തിലൂടെ നിരങ്ങി നീങ്ങുകയും ഓവര്‍ടേക്കിംഗ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഉണ്ടാകുകയും ചെയ്താല്‍ പുതിയ നിയമ പ്രകാരം ബസുകള്‍ക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നത് നിയമവിരുദ്ധമാകും. മാത്രമല്ല, വിവിധ റൂട്ടുകളിലേക്ക് പോകുന്ന ബസുകളുടെ സമയത്തിലും വ്യത്യാസങ്ങളുള്ളതിനാല്‍ പലപ്പോഴും ഓരോ ബസും വിവിധ വേഗതയിലാണ് സഞ്ചരിക്കാറുള്ളത്. പുതിയ നിമയം നടപ്പാക്കിയാല്‍ ബസുകളെല്ലാം നിരനിരയായി നഗരത്തില്‍ കുരുങ്ങിക്കിടക്കുന്നതേ കാണാനാകൂ. സ്വകാര്യ വാഹനങ്ങള്‍ക്കൊന്നും ഈ നിയമം ബാധകമല്ലാത്തതിനാല്‍ യഥേഷ്ടം ഓവര്‍ടേക്കിംഗും ചെയ്യാം.

പൊതുഗതാഗത സംവിധാനങ്ങളെ അനാവശ്യ നിയമങ്ങള്‍ കൊണ്ടുവന്ന് നശിപ്പിക്കരുത്. ആദ്യം സ്വകാര്യ വാഹനങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. ഒന്നും രണ്ടും ആളുകളുമായി വരുന്ന നാലുചക്രത്തിന് മുകളിലുള്ള സ്വകാര്യ യാത്രാ വാഹനങ്ങളെ കൂടുതല്‍ തിരക്കനുഭവപ്പെടുന്ന നഗരങ്ങളിലേക്ക് പ്രവേശിപ്പാക്കിതിരിക്കുക. നഗരങ്ങളിലെങ്കിലും പൊതുഗതാഗത സംവിധാനങ്ങളെ ജനം ആശ്രയിച്ച് തുടങ്ങട്ടെ. വാഹനങ്ങളുടെ എന്‍ജിനുകളില്‍ നിന്ന് പുറന്തള്ളുന്ന പുക ഉള്‍പ്പെടെയുള്ളവ നിയന്ത്രിച്ച് പരിസ്ഥിതി സൗഹാര്‍ദ നഗരമാക്കി മാറ്റാനും ഇതുവഴി സാധിക്കും.

ലോകാരോഗ്യ സംഘടനയും ക്ലൈമറ്റ് ആന്‍ഡ് ക്ലീന്‍ എയര്‍ കൊയലിഷനും (സി സി എ സി) ആരംഭിച്ച ബ്രെത്ത് ലൈഫ് ക്യാമ്പയിനിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പഠനത്തില്‍ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണം നടക്കുന്ന നഗരം കൊച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. ലോകത്തെ മറ്റ് മഹാനഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ മലിനീകരണം കുറവാണെങ്കിലും നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന വായു മലിനീകരണം വലിയ അപകടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ പ്രാകൃതരല്ല. പൊതുഗതാഗത സംവിധാനത്തെ തകര്‍ത്തുകൊണ്ടുള്ള നയം ഒരു ജനകീയ ഭരണകൂടവും പിന്തുടരരുത്. സ്വകാര്യ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലേക്ക് നീങ്ങിയാല്‍ ഭാവിയില്‍ നിരത്തുകള്‍ വാഹനപ്പെരുപ്പം മൂലം വീര്‍പ്പുമുട്ടുമെന്നതില്‍ സംശയം വേണ്ട. അതിനനുസരിച്ച് അപകടങ്ങളും വര്‍ധിക്കും. അഭിമാന പ്രശ്‌നത്തിന്റെ ഭാഗമായാണ് പലരും കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. വലിയ വീടുകളെ പോലെ വലിയ വാഹനങ്ങളുമെന്ന ചിന്തയിലേക്ക് മലയാളികള്‍ മാറുമ്പോള്‍ അതിന് തടയിടാനും വാഹനപ്പെരുപ്പം നിയന്ത്രിക്കാനുമുള്ള നിയമങ്ങളാണ് നടപ്പാക്കേണ്ടത്. സ്വന്തമായി വാഹനമില്ലാത്തവരും ബസുകളില്‍ യാത്ര ചെയ്യുന്നവരും പ്രാകൃതരാണെന്ന സമൂഹത്തിന്റെ ധാരണക്ക് മാറ്റം കൊണ്ടുവരണം. കടം വാങ്ങിയിട്ടെങ്കിലും സ്വന്തമായി വാഹനം നിരത്തിലിറക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ബസുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ നഗരങ്ങളില്‍ പ്രത്യേക പാതകളൊരുക്കിയും സര്‍ക്കാര്‍ പ്രത്യേക ധന സഹായങ്ങള്‍ പ്രഖ്യാപിച്ചും ഈ മേഖലയെ ചേര്‍ത്തുപിടിക്കണം. യാത്രക്കാരുടെ എണ്ണത്തിലെ കുറവും വര്‍ധിക്കുന്ന ചെലവുകളും മൂലം ബസ് സര്‍വീസുകള്‍ നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നത് ഈ മേഖലയോട് ഭരണകൂടം കാട്ടുന്ന അനീതിയുടെ മകുടോദാഹരണമാണ്. സാധാരണക്കാരുടെ ഗതാഗത മാര്‍ഗമായ ബസുകള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. പൊതുഗതാഗതം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇടക്കിടെ പ്രസംഗിക്കുന്നതിന് പകരം പ്രയോഗവത്കരിക്കാനാണ് ഭരണകര്‍ത്താക്കള്‍ ശ്രമിക്കേണ്ടത്.

വാഹനങ്ങളുടെ എണ്ണം കൂടുമ്പോള്‍ കൂടുതല്‍ റോഡുകളും റോഡുകള്‍ക്ക് കൂടുതല്‍ വീതിയും വേണം. അതിനായി കുടിയൊഴിപ്പിക്കലുകള്‍ ആവശ്യമായി വരും. പ്രധാനമായും സ്വകാര്യ കാറുകളാണ് കേരളത്തിലെ നിരത്തുകളില്‍ വാഴുന്നത്. നഗരങ്ങളിലേക്ക് കണ്ണോടിച്ചാല്‍ നൂറുവാഹനങ്ങള്‍ക്കിടയില്‍ ചുരുക്കം ബസുകളേ കാണാനാകൂ.

ലോകത്തെ പ്രധാന നഗരങ്ങളെല്ലാം പൊതുഗതാഗത സംവിധാനത്തിലേക്ക് വഴിമാറുമ്പോഴും ആഡംബര ഭ്രമത്തിന്റെ പേരില്‍ മലയാളികളാരും ആ വഴിക്ക് ചിന്തിക്കാറേയില്ല. കാറുകളുടെ അമിതമായ ഉപയോഗത്തിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ സെപ്തംബര്‍ 22ന് ലോകമെങ്ങും ആചരിക്കുന്ന കാര്‍ രഹിത ദിനാചരണം പോലും കേരളത്തില്‍ അപ്രാപ്യമാണ്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോള താപനത്തിന്റെയും അളവു കുറക്കുകയെന്നതാണ് ദിനാചരണം കൊണ്ട് ലക്ഷ്യമിടുന്നത്. ഒറ്റക്ക് കാറുകളില്‍ യാത്രചെയ്യുന്നത് കുറ്റകരമാക്കിയ രാജ്യങ്ങള്‍ വരെയുണ്ട്. മിക്ക രാജ്യങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യ വാഹനങ്ങളാണ് തടയുക. ഇവിടെ നേരേ മറിച്ചാണ്. ഭാവിയെ കുറിച്ച് ചിന്തിച്ചെങ്കിലും പരിസ്ഥിതിയെ ചവിട്ടിമെതിക്കുന്ന സംസ്‌കാരത്തോട് വിടപറയാന്‍ തയ്യാറായേ മതിയാകൂ.

 

Latest