Connect with us

Pathanamthitta

ളാഹയില്‍ കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്തു; കൃഷി നശിപ്പിച്ചു

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ സാബു ഖാന്‍ കണ്ടത് വീണുകിടക്കുന്ന ഗേറ്റും തുമ്പികൈ ഉയര്‍ത്തി ചിന്നം വിളിച്ചു നില്‍ക്കുന്ന കാട്ടാനെയുമാണ്.

Published

|

Last Updated

പത്തനംതിട്ട |  ശബരിമല പാതയോരത്ത് ളാഹയില്‍ കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്തു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ളാഹ സ്വദേശി സാബു ഖാന്‍ എന്ന ആളിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയ സാബു ഖാന്‍ കണ്ടത് വീണുകിടക്കുന്ന ഗേറ്റും തുമ്പികൈ ഉയര്‍ത്തി ചിന്നം വിളിച്ചു നില്‍ക്കുന്ന കാട്ടാനെയുമാണ്.

ശബ്ദം കേട്ട് പരിസര വാസികള്‍ പുറത്തിറങ്ങി ബഹളം വച്ചതോടെ വീടിന്റെ മുറ്റത്തേക്ക് കയറാതെ കാട്ടാന പിന്തിരിയുകയായിരുന്നു. എന്നാല്‍ റോഡിലൂടെ നടന്നു നീങ്ങിയ ആന അടുത്തുള്ള കൃഷിയിടത്തിലേക്ക് ഇറങ്ങി. തുടര്‍ന്ന് തെങ്ങും വാഴയും നശിപ്പിച്ചു. ഏറെ നേരത്തിനു ശേഷമാണ് ആന വനത്തിലേക്ക് മടങ്ങിയത്. ളാഹയ്ക്ക് സമീപമുള്ള രാജാമ്പാറ വനം വര്‍ഷങ്ങളായി കാട്ടാനകളുടെ താവളമാണ്. ഇവിടെ ആദ്യമായല്ല ആന ഇറങ്ങുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Latest