Connect with us

Editorial

ഡി ജി പി മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നതെന്തിന്?

കേസന്വേഷണ വിവരങ്ങള്‍ തീര്‍ത്തും മാധ്യമങ്ങളില്‍ നിന്ന് മറച്ചു പിടിക്കുന്നത് ന്യായമല്ല. ജനങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വിവരാവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. അതേസമയം തങ്ങള്‍ക്ക് ലഭിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുമുണ്ട് മാധ്യമങ്ങള്‍.

Published

|

Last Updated

കേസന്വേഷണ വിവരങ്ങളും പ്രതികളുടെ കുറ്റസമ്മത മൊഴിയും മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവെന്ന് ഒക്ടോബര്‍ 29ന് ജില്ലാ പോലീസ് മേധാവികള്‍ക്കും വിവിധ അന്വേഷണ ഏജന്‍സി മേധാവികള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഡി ജി പി പറയുന്നു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന ഉദ്യോഗസ്ഥര്‍ കടുത്ത നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമാനമായ സര്‍ക്കുലറുകള്‍ നേരത്തേയും പുറപ്പെടുവിപ്പിച്ചിട്ടുണ്ട് പോലീസ് മേധാവികള്‍. കേസന്വേഷണത്തിന്റെ പ്രധാന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ അന്വേഷണത്തിന്റെ ദിശ തെറ്റിപ്പോകാനിടയുണ്ടെന്നാണ് വിലക്കിന് പറയപ്പെടുന്ന കാരണം. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍, മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുകയും മാധ്യമ വിചാരണക്ക് വിധേയമാക്കുകയും ചെയ്യുമ്പോള്‍ കോടതികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നാണ് മറ്റൊരു ദോഷവശം. ഇക്കാര്യം 2022 ജൂലൈയില്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തു വരുന്നത് പ്രതികളുടെയും ഇരകളുടെയും സുരക്ഷയെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പേ കുറ്റാരോപിതനെ സമൂഹം കുറ്റക്കാരനായി വിലയിരുത്താനും ഇടയാക്കും. ഒരിക്കല്‍ കുറ്റക്കാരനായി ചിത്രീകരിക്കപ്പെട്ട വ്യക്തി പിന്നീട് നിരപരാധിയാണെന്നു തെളിഞ്ഞാലും സമൂഹം തിരിച്ചു പറയാറില്ല. ഇതുവഴി ഒരു വ്യക്തിയുടെ ജീവതമാകെ കറപുരളുന്നു.

അതേസമയം കേസന്വേഷണ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതില്‍ ഗുണകരമായ വശങ്ങളുമുണ്ട് ധാരാളം. കുറ്റകൃത്യ കേസുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങള്‍ മുഖേന സമൂഹത്തില്‍ ചര്‍ച്ചയാകുമ്പോള്‍ അത്തരം ദുഷ്‌ചെയ്തികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പൗരന്മാര്‍ പ്രേരിതരാകും. സാമൂഹിക ബോധം വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് അംഗീകരിക്കപ്പെട്ടതാണ്. കേസന്വേഷണത്തിലെ പുരോഗതി പുറത്തു വരുമ്പോള്‍, അന്വേഷണ ഏജന്‍സികളുടെ ജനവിശ്വാസം വര്‍ധിക്കുന്നുവെന്നതാണ് മറ്റൊരു ഗുണവശം. അന്വേഷണവുമായി ബന്ധപ്പെട്ട് പുതിയ സാക്ഷികളും തെളിവുകളും പുറത്തു വരാനും സഹായകമാണ് മാധ്യമ വാര്‍ത്തകള്‍. നിരവധി കേസുകളില്‍ മാധ്യമങ്ങളാണ് അന്വേഷണ ഏജന്‍സികളെ സജീവമാക്കിയത്. പലപ്പോഴും അന്വേഷണത്തിന് അനുകൂലമായ തെളിവുകള്‍ പൊതുസമൂഹത്തില്‍ നിന്നെത്താന്‍ നിമിത്തമായതും മാധ്യമ വാര്‍ത്തകളാണ്. ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനുള്ള സമ്മര്‍ദവുമാണ് മാധ്യമ വാര്‍ത്തകള്‍. സര്‍വോപരി അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കലുമാണ് വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കല്‍.

അനുകൂലവും പ്രതികൂലവുമായ ഈ വശങ്ങള്‍ പരിഗണിച്ച് സന്തുലിതമായ നിലപാടാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടത്. വിവരം ലഭിക്കാനുള്ള സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും അവകാശവും കുറ്റവാളികള്‍ക്ക് നീതി ലഭ്യമാക്കാനുള്ള നീതിസംവിധാനത്തിന്റെ കടമയും കണക്കിലെടുത്തുകൊണ്ടുള്ള മധ്യമപാതയാണ് വേണ്ടത്. നിയമവും മാധ്യമങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണം. കേസന്വേഷണ വിവരങ്ങള്‍ തീര്‍ത്തും മാധ്യമങ്ങളില്‍ നിന്ന് മറച്ചു പിടിക്കുന്നത് ന്യായമല്ല. ജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിവരാവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. സമൂഹത്തിന്റെ കണ്ണും ചെവിയുമാണ് മാധ്യമങ്ങള്‍. അന്വേഷണ ഏജന്‍സികള്‍ ശരിയായ ദിശയിലൂടെയാണോ നീങ്ങുന്നത് എന്ന് നിരീക്ഷിക്കേണ്ടത് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ബാധ്യതയുമാണ്. ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പിയിരുന്ന പല കേസുകളിലും അവര്‍ക്ക് ശരിയായ ദിശ കാണിച്ചു കൊടുത്തത് മാധ്യമ വാര്‍ത്തകളാണ്. അഴിമതി, പീഡനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട മാധ്യമ റിപോര്‍ട്ടുകള്‍ ജനപ്രക്ഷോഭങ്ങള്‍ക്കും അതുവഴി നിയമ പരിഷ്‌കാരങ്ങള്‍ക്കും വഴിതെളിയിച്ചിട്ടുണ്ട്.

അതേസമയം തങ്ങള്‍ക്ക് ലഭിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുമുണ്ട് മാധ്യമങ്ങള്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട പൊതുപ്രാധാന്യമുള്ള വാര്‍ത്തകള്‍ മാത്രമേ പുറത്തുവിടാവൂ. തെളിവുകളുടെ ഉള്ളടക്കം, അന്വേഷണ തന്ത്രം, രഹസ്യ സാക്ഷികളുടെ പേരുകള്‍, വ്യക്തിപര വിവരങ്ങള്‍, അപ്രമാണിത വിവരങ്ങള്‍ തുടങ്ങിയവ പുറത്തുവിടരുത്. പ്രേക്ഷകരെയും വായനക്കാരെയും ആകര്‍ഷിക്കാനുള്ള തത്രപ്പാടില്‍ മനുഷ്യാഭിമാനവും മറ്റുള്ളവരുടെ അന്തസ്സും അനാവശ്യമായി ഹനിക്കാന്‍ ഇടവരരുത്. സെന്‍സേഷന്‍ ചിന്തയായിരിക്കരുത്, വിശ്വാസ്യതയും നിഷ്പക്ഷതയുമായിരിക്കണം മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗദീപം. സത്യാവസ്ഥ ജനങ്ങളിലെത്തിക്കുകയെന്നതാണ് മാധ്യമ ധര്‍മം. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ തീര്‍ത്തും ഉത്തരവാദിത്വത്തോടെയായിരിക്കണം റിപോര്‍ട്ടിംഗ്.

2022ല്‍ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത കേസുകളില്‍ മാധ്യമങ്ങള്‍ തീര്‍ത്തും സത്യസന്ധമെന്ന് ബോധ്യപ്പെട്ട വിവരങ്ങളല്ലാതെ വെളിപ്പെടുത്തരുതെന്നും പ്രതിയെക്കുറിച്ച് വിധി പറയുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമ വിചാരണയായി കണക്കാക്കപ്പെടുമെന്നും പറയുന്നുണ്ട്. സുശാംഗ് സിംഗ് രജ്പുത്തുമായി ബന്ധപ്പെട്ട കേസില്‍ 2021ല്‍ ബോംബെ ഹൈക്കോടതി “അന്വേഷണ ഘട്ടത്തില്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും കുറ്റക്കാരായി ചിത്രീകരിക്കുന്നത് നീതിപ്രക്രിയയെ നേരിട്ട് ബാധിക്കു’മെന്നും ചൂണ്ടിക്കാണിച്ചു. ഇക്കാര്യം സുപ്രീം കോടതിയും പലപ്പോഴും ചൂണ്ടിക്കാട്ടിയതാണ്.