Connect with us

Editorial

ചില രൂപതകള്‍ക്ക് ഇതെന്ത് പറ്റി?

വിദ്വേഷ പ്രചാരണ ചിത്രമായ "ദ കേരള സ്റ്റോറി' ക്രിസ്ത്യന്‍ രൂപതകള്‍ മുന്‍കൈയെടുത്ത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശമുയര്‍ന്നിരിക്കുന്നു.

Published

|

Last Updated

കേരളത്തിനെതിരായ വിദ്വേഷ പ്രചാരണ ചിത്രമായ ‘ദ കേരള സ്റ്റോറി’ ക്രിസ്ത്യന്‍ രൂപതകള്‍ മുന്‍കൈയെടുത്ത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന് തന്നെ രൂക്ഷമായ വിമര്‍ശമുയര്‍ന്നിരിക്കുന്നു. ‘യേശുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി’കളാണ്; ‘ഹേറ്റ് സ്റ്റോറികള്‍ (വിദ്വേഷത്തിന്റെ കഥകള്‍) അല്ല’ എന്നാണ് ഇതേക്കുറിച്ച് ഫാദര്‍ ഗീവര്‍ഗീസ് കൂറിലോസ് പ്രതികരിച്ചത്. യാക്കോബായ സഭാനിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു ഗീവര്‍ഗീസ് കൂറിലോസ്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ സുചിന്തിതമായ നിലപാടുകളുള്ള അദ്ദേഹം കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിഞ്ഞത്. കേരള സ്റ്റോറിയും കശ്മീര്‍ ഫയല്‍സും ഹിന്ദുത്വ പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സന്‍ജോപുരം സെന്റ് ജോസഫ് പള്ളിയിലെ വൈദികന്‍ ഫാദര്‍ നിധിന്‍ പലവേലില്‍ അഭിപ്രായപ്പെട്ടത്.

വിശ്വോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിനാണ് സണ്‍ഡേ സ്‌കൂളിലെ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഇടുക്കി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചത്. വിവാദമായതോടെ ‘കൗമാരക്കാര്‍ പ്രണയത്തില്‍ അകപ്പെടാതിരിക്കാനുള്ള ബോധവത്കരണാര്‍ഥമാണ് സിനിമാ പ്രദര്‍ശനം നടത്തിയതെന്നാണ് ഇടുക്കി രൂപത മീഡിയാ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് അതിനെ ന്യായീകരിച്ചത്. ഇടുക്കി രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും പ്രദര്‍ശനം നടന്നതായാണ് വിവരം. ഇടുക്കി രൂപതക്ക് പിന്നാലെ തലശ്ശേരി അതിരൂപതക്ക് കീഴിലുള്ള കണ്ണൂര്‍ ചെമ്പന്‍തൊട്ടി പള്ളിയിലും സിനിമാ പ്രദര്‍ശനം നടന്നു. കെ സി വൈ എം ആണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. താമരശ്ശേരി രൂപതയും സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിലാണ്. സംഘടിത റിക്രൂട്ട്മെന്റുകളെ തുറന്നു കാട്ടുന്ന ചിത്രം ക്രിസ്ത്യന്‍ വിശ്വാസി സമൂഹത്തെ കാണിക്കേണ്ടത് അനിവാര്യമാണെന്നാണ് കെ സി വൈ എമ്മിന്റെ വിശദീകരണം.

കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ രണ്ട് വിഭാഗമുണ്ട്. സംഘ്പരിവാര്‍ സംഘടനകളെ മുഖ്യശത്രുവായി കാണുകയും മതന്യൂനപക്ഷമായ മുസ്ലിംകളുമായി പരമാവധി സൗഹൃദത്തില്‍ വര്‍ത്തിക്കണമെന്നാഗ്രഹിക്കുകയും ചെയ്യുന്ന മിതവാദികളാണ് ഒന്ന്. മുസ്ലിംകളെ മുഖ്യശത്രുവായി കണ്ട് സംഘ്പരിവാറുമായി ഐക്യപ്പെടുന്ന തീവ്രവാദി വിഭാഗമാണ് മറ്റൊന്ന്. ക്രിസംഘികള്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. വാരാപ്പുഴ സെന്റ് ജോര്‍ജ് പള്ളിയിലെ അസ്സിസ്റ്റന്റ് വികാരി ജെയിംസ് പനവേലില്‍ 2021 ആഗസ്റ്റില്‍ ഒരു പ്രസംഗത്തില്‍ ഇവരെ ക്രിസംഘികള്‍ എന്ന് വിശേഷിപ്പിച്ചതോടെ ആ പേരിലാണ് ഇവര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ‘ക്രിസ്തീയ സമൂഹത്തില്‍ ‘ക്രിസംഘി’ വിഭാഗം വളര്‍ന്നു വരുന്നുണ്ട്; ഇത് അപകടകരമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ക്രിസ്ത്യന്‍ മതവിഭാഗത്തിലെ ഈ തീവ്രവാദ സംഘടനയുടെ പിറവിക്ക് പിന്നില്‍ ബി ജെ പിയുടെ ന്യൂനപക്ഷ മോര്‍ച്ചയാണെന്ന് കെ സി ബി സി പ്രതിനിധി ഫാദര്‍ ജോഷി മയ്യാട്ടില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സീറോ മലബാര്‍ സഭയിലെ സിനഡും ബിഷപ്പുമാരും വൈദികരും ക്രിസംഘികളുടെ തീവ്രവാദത്തോട് വിയോജിക്കുന്നവരും ക്രൈസ്തവ സ്നേഹവും മതേതരത്വവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണെന്ന് ജോഷി മയ്യാട്ടില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇടുക്കി രൂപതയുടെ കേരള സ്റ്റോറി പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചില രൂപതകള്‍ മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു വരികയും ചെയ്യുന്നു. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നടത്തിയ കലാപമായിരുന്നു മണിപ്പൂരിലേത്.

ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് വന്‍തോതിലുള്ള മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ‘കാസ’ (ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് അസ്സോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്്ഷന്‍) എന്ന പേരില്‍ രംഗത്തു വന്ന സവര്‍ണ ക്രിസ്തീയ വംശീയ വിഭാഗം. ആര്‍ എസ് എസിനെ പോലെ തീവ്ര ദേശീയതയുടെ വക്താക്കള്‍ കൂടിയാണ് ഈ ക്രിസ്ത്യന്‍ തീവ്രവാദ ഗ്രൂപ്പ്. സാമുദായിക സൗഹൃദം തകര്‍ക്കുന്ന പ്രസംഗങ്ങളും പരാമര്‍ശങ്ങളും വ്യാജ വാര്‍ത്തകളുമാണ് നിരന്തരമായി സോഷ്യല്‍ മീഡിയ വഴി ഇവര്‍ പ്രചരിപ്പിച്ചു വരുന്നത്. ലവ് ജിഹാദ്, മയക്കുമരുന്ന് ജിഹാദ്, ഹലാല്‍ ഭക്ഷണം, ഹിജാബ് തുടങ്ങിയ വിഷയങ്ങളെടുത്തിട്ട് മുസ്ലിംകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ തന്നെ നടത്തി വരുന്നു. കേരളത്തില്‍ ലവ് ജിഹാദോ നാര്‍കോട്ടിക് ജിഹാദോ നടക്കുന്നില്ലെന്ന്, വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് മേധാവികളും കോടതികളും വ്യക്തമാക്കിയതാണെങ്കിലും ‘കാസ’ നുണപ്രചാരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സാധാരണമാണ്. മധ്യകേരളത്തില്‍ നിന്നിറങ്ങുന്ന ചില മാധ്യമങ്ങളും ഇവരെ അനുകൂലിച്ച് രംഗത്തുണ്ട്.

കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്ത് മതന്യൂനപക്ഷ വേട്ട പൂര്‍വോപരി ശക്തിപ്പെട്ട സാഹചര്യത്തില്‍, മുസ്ലിം-ക്രൈസ്തവ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചിന്താശക്തിയുള്ള വിവേകശാലികളായ ക്രിസ്തീയ നേതാക്കള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മുസ്ലിംകളുമായി ഒരു സൗഹൃദവും പാടില്ലെന്നാണ് ക്രിസംഘികളുടെ നിലപാട്. ബി ജെ പിയെ കൂട്ടുപിടിച്ച് മുസ്ലിംകളെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഇവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് ഇടവകകളില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ചില വൈദികരും ബിഷപ്പുമാരും ഇവരുടെ സ്വാധീനത്തിന് വിധേയമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശനവും പാലാ ബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാടിന്റെ ലവ് ജിഹാദ്- നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമെല്ലാം കാണാന്‍.

 

Latest