Connect with us

തെളിയോളം

തിരക്കില്ലാതെന്തു ജീവിതം!

ചെയ്യുന്ന ജോലിക്കും എന്നും കഴിയുന്ന വീടിനും പുറത്ത് സമ്മർദങ്ങളും പിരിമുറുക്കങ്ങളുമില്ലാതെ മനസ്സിന് ശാന്തത ലഭിക്കുന്ന മറ്റെങ്കിലും പ്രവൃത്തിയിൽ തന്നെ മുഴുകണം. വിശ്രമവും തിരക്കിൽ തന്നെ ഉൾപ്പെടുന്ന ഒന്നായിരിക്കണമെന്നർഥം. ഇങ്ങനെ തിരക്കുള്ള ഒരാളിൽ നിന്ന് പിശാച് പോലും അകലം പാലിക്കും. ഉത്പാദനക്ഷമമായി തിരക്കുള്ള ഒരാൾ ഭാഗ്യം വരാൻ കാത്തിരിക്കുകയല്ല അത് സ്വയം സൃഷ്ടിക്കുകയാണ്.

Published

|

Last Updated

തിരക്കുണ്ടാവുക എന്നത് തീർച്ചയായും ഒരു മോശം കാര്യമല്ല, വിശ്രമിക്കുമ്പോൾ പോലും സന്തോഷത്തോടെ തിരക്കിലായിരിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഒരു യാത്ര കഴിഞ്ഞ് അതിനെക്കുറിച്ച് ഓർക്കുമ്പോൾ കിട്ടുന്ന സുഖം ആസ്വദിച്ചിട്ടില്ലേ നിങ്ങൾ?! ആ യാത്രയിൽ നിങ്ങൾ കടന്നു പോയ അതിസാഹസിക വഴികളായിരിക്കും ഒരുപക്ഷെ നിങ്ങളിൽ ഏറ്റവും കൂടുതൽ മധുരം നിറയ്ക്കുന്നത്.

തിരക്കു കാരണം ശ്വാസം വിടുന്നത് പോലും ഇപ്പൊ അലാറം വെച്ചിട്ടാണ് എന്ന മട്ടിൽ ജീവിക്കുന്നവരുണ്ട്. ഭക്ഷണം കഴിക്കൽ, ഉറക്കം, പ്രാഥമിക കർമങ്ങൾ ഇതെല്ലാം വല്ല ഏജൻസികളെയും ഏൽപ്പിച്ചാലോ എന്ന് ആലോചിക്കേണ്ട അവസ്ഥ. ബിസി ആയതിനാൽ സമ്മർദം കയറി ഡോക്ടറെ കാണലും ചെയ്തു പൂർത്തിയാകാത്ത പണികൾ നീട്ടിവെക്കാനുള്ള ഷെഡ്യൂൾ തയ്യാറാക്കലും തിരക്കു തീരുന്നില്ല എന്ന് പരാതി പറയലുമൊക്കെ ഹോബിയാക്കാനേ ഇത്തരക്കാർക്ക് കഴിയൂ.

“വളരെ തിരക്കുപിടിച്ച് കുതിരയെ പറത്തുകയാണെങ്കിലും ചുറ്റുവട്ടങ്ങളിലെ കാഴ്ചകൾ കാണാൻ മറക്കരുത്’ എന്ന തത്വം പാലിക്കാതിരുന്നാൽ “തിരക്കിന്റെ ആയിരം നിഴലുകൾ’ എന്ന പേരിലുള്ള ഒരു ജീവചരിത്രമായിരിക്കും നിങ്ങൾക്കു വേണ്ടി എഴുതപ്പെടുക.

“ഒരാഴ്ചയായി ഉറങ്ങിയിട്ട്’, “ഭക്ഷണം പോലും കഴിക്കാൻ സമയം തികയുന്നില്ല’, “ചെയ്യാനുള്ള പണികളുടെ കാര്യമോർത്തിട്ട് തല കത്തുകയാണ്’ ഇത്തരം ഡയലോഗുകൾ വലിയ അഭിമാനമായി പറഞ്ഞുനടക്കുന്നവരുണ്ട്. നമ്മൾ ചെയ്യുന്ന എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പുറത്തല്ല എന്ന ചിന്തയാണ് അത് മധുരമുള്ള അനുഭവമായി തീർക്കുന്നത് എന്നറിയാത്തവരാണിവർ.

സമയം എല്ലാവർക്കും ഒരുപോലെയാണ്. സമയാനുഭവമാണ് എല്ലാവരിലും വ്യത്യസ്തമായിരിക്കുക. എനർജി അനുസരിച്ച് സമയാനുഭവം മാറും. മടുത്ത് ഇരിക്കുമ്പോൾ അരമണിക്കൂർ ആറ് മണിക്കൂർ ആയി തോന്നുന്നതും സന്തോഷ നിമിഷങ്ങൾ വേഗം തീർന്നു എന്ന് തോന്നുന്നതും അതുകൊണ്ടാണ്. സമയം കൂട്ടാനാവില്ല, എനർജി കൂട്ടാനാവുകയും ചെയ്യും. തിരക്കേറിയ ജീവിതത്തിന് നിങ്ങളുടെ മാനസിക ശക്തി കൂട്ടാൻ കഴിയും. തിരക്കിലായിരിക്കുമ്പോൾ നിങ്ങൾ സ്വന്തം പരിമിതികൾ മറികടക്കുകയും നിങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യുന്നു. നിങ്ങളുടെ മനസ്സ് നിരന്തരം സ്വിച്ച് ഓൺ ചെയ്യാനും ഒരു ക്രിയാത്മക വ്യക്തിത്വമായി നിങ്ങളെ വികസിപ്പിക്കാനും അത് സഹായിക്കുന്നു.

പുതിയ വൈദഗ്ധ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും ഉള്ള കഴിവുകളെ ഊർജസ്വലമാക്കുന്നതിനും കൂടുതൽ നേട്ടങ്ങളിലേക്ക് വഴി നടക്കാനും തിരക്ക് നിങ്ങളെ പ്രേരിപ്പിക്കും. ജീവിതത്തിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കുന്നു എന്നത് നിങ്ങളുടെ ആത്മവിശ്വാസവും സ്വയം മതിപ്പും വർധിപ്പിക്കും.

തിരക്കിലായിരിക്കുമ്പോൾ നിങ്ങൾ ശാരീരികമായി സജീവമാണെന്ന് മാത്രമല്ല, നിങ്ങളുടെ മസ്തിഷ്കം നിരന്തരം ചിന്തിക്കുകയും പതിവിലും കൂടുതൽ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

കുറെയേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന വസ്തുത, ടാസ്‌ക്കുകൾ എങ്ങനെ ഓർഗനൈസ് ചെയ്യാമെന്നും മുൻഗണന നൽകാമെന്നും ഉത്തരവാദിത്വങ്ങളിലൂടെ കടന്നുപോകുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ വഴികൾ എന്തൊക്കെയെന്നും നിങ്ങളെ പഠിപ്പിക്കും.
തിരക്കുകളുടെ കൂട്ടത്തിൽ നിങ്ങളെ തന്നെ പുതുക്കാനുള്ള സമയം കൂടി ഉൾപ്പെടുത്തുക എന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം. തിരക്കു കഴിഞ്ഞ് വിശ്രമിക്കുക എന്നത് വീട്ടിൽ ടി വിയോ മൊബൈൽ ഫോണോ ഓൺ ചെയ്ത് വെറുതെയിരിക്കുക അല്ലെങ്കിൽ കിടക്കുക എന്നല്ല. പ്രവർത്തന രഹിതമായ സമയം നമ്മുടെ മാനസിക സ്വാസ്ഥ്യത്തിന് ഭംഗം വരുത്തും. നമ്മുടെ മനസ്സിന്മേൽ നമുക്ക് നിയന്ത്രണമില്ലെങ്കിൽ സമയം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയില്ല. അനാവശ്യവും നിഷേധാത്മകവുമായ ചിന്തകളിലൂടെ നാം അറിയാതെ തന്നെ നമ്മുടെ സമയം അപഹരിക്കപ്പെടും.

ചെയ്യുന്ന ജോലിക്കും എന്നും കഴിയുന്ന വീടിനും പുറത്ത് സമ്മർദങ്ങളും പിരിമുറുക്കങ്ങളുമില്ലാതെ മനസ്സിന് ശാന്തത ലഭിക്കുന്ന മറ്റെങ്കിലും പ്രവൃത്തിയിൽ തന്നെ മുഴുകണം. വിശ്രമവും തിരക്കിൽ തന്നെ ഉൾപ്പെടുന്ന ഒന്നായിരിക്കണമെന്നർഥം. ഇങ്ങനെ തിരക്കുള്ള ഒരാളിൽ നിന്ന് പിശാച് പോലും അകലം പാലിക്കും. ഉത്പാദനക്ഷമമായി തിരക്കുള്ള ഒരാൾ ഭാഗ്യം വരാൻ കാത്തിരിക്കുകയല്ല അത് സ്വയം സൃഷ്ടിക്കുകയാണ്.

Latest