Connect with us

Editorial

ലങ്കയില്‍ തീ കെടണം, വേണ്ടത് രാഷ്ട്രീയ പരിഹാരം

മഹിന്ദക്ക് രാജിവെച്ചൊഴിഞ്ഞ് മാളത്തില്‍ ഒളിക്കേണ്ടി വന്നുവെന്നത് ജനകീയ വിജയം തന്നെയാണ്. എന്നാല്‍ ഈ വിജയം സമാധാനപരമായ പ്രക്ഷോഭത്തുടര്‍ച്ചയിലൂടെയാകണം ആഘോഷിക്കേണ്ടത്. മറിച്ച് വംശീയമായ പകപോക്കലായി കാര്യങ്ങള്‍ അധഃപതിക്കാന്‍ പാടില്ല.

Published

|

Last Updated

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കന്‍ ജനത അവരെ പിളര്‍ത്തി നിര്‍ത്തിയിരുന്ന വംശീയതക്കും വര്‍ഗീയതക്കും പ്രാദേശികതക്കുമെല്ലാം അവധി കൊടുത്ത് പ്രക്ഷോഭ മുഖത്ത് ഒന്നിച്ചതിന്റെ ആവേശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്താകെയുള്ള ജനാധിപത്യവാദികള്‍ പങ്കുവെച്ചിരുന്നത്. തികച്ചും സമാധാനപരവും സര്‍ഗാത്മകവുമായിരുന്നു ആ സമരം. പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ഗാള്‍ ഫേസ് റോഡില്‍ ആരംഭിച്ച സമര ക്യാമ്പില്‍ ആയിരങ്ങള്‍ സംഗമിക്കുകയും അതിന് സമാനമായ ഒത്തുചേരലുകള്‍ രാജ്യത്താകെ നടക്കുകയുമായിരുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും മത നേതൃത്വവും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം അവരവരുടെ പങ്ക് നിര്‍വഹിച്ചുവന്ന അതിശക്തമായ സമരത്തിനാണ് ദ്വീപ് രാഷ്ട്രം സാക്ഷ്യം വഹിച്ചത്. ഒരു ബഹുസ്വര പൊളിറ്റിക്ക് സാധ്യമായ ഐക്യത്തിന്റെ ഏറ്റവും മഹത്തായ ആവിഷ്‌കാരങ്ങളായിരുന്നു ഈ സമരമുഖങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. ലങ്ക കത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്. സമരത്തെ അക്രമികള്‍ ഹൈജാക്ക് ചെയ്തുവെന്ന് തോന്നിപ്പിക്കുന്നതാണ് സംഭവവികാസങ്ങള്‍. അധികാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരു പക്ഷേ, സമരം അക്രമാസക്തമാകാന്‍ കരുക്കള്‍ നീക്കിയതുമാകാം. കൊളംബോയിലെ സമര സംഗമത്തിലേക്ക് സര്‍ക്കാര്‍ അനുകൂലികള്‍ ഇരച്ചു കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഭരണപക്ഷ എം പിയടക്കം അഞ്ച് പേര്‍ മരിച്ചു വീണു. ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന ഭരണകക്ഷി എം പി രണ്ട് പേര്‍ക്ക് നേരേ വെടിയുതിര്‍ത്തിരുന്നു. അതില്‍പ്പെട്ട 17കാരന്‍ പിന്നീട് മരിച്ചു. നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും തീവെച്ചു. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ വസതിക്കു പോലും തീയിടുന്ന സ്ഥിതിയുണ്ടായി. അദ്ദേഹവും കുടുംബവും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ട്രിങ്കോമാലിയില്‍ നാവിക താവളത്തില്‍ അഭയം പ്രാപിച്ചുവെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ട്. നാവിക താവളത്തിന് പുറത്തും പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുകയാണ്.

ഈ സംഭവവികാസങ്ങളാകെ കണക്കിലെടുക്കുമ്പോള്‍ ദ്വീപ് രാഷ്ട്രം ആഭ്യന്തര സംഘര്‍ഷത്തിലേക്ക് വഴുതി വീഴുന്നുവെന്നാണ് വിലയിരുത്തേണ്ടത്. സമാധാനപരമായ പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞ് കയറിയവരുടെ അക്രമാസക്ത എടുത്തു ചാട്ടങ്ങള്‍ക്കാകും ഇനി ലങ്ക സാക്ഷ്യം വഹിക്കേണ്ടി വരിക. അതിനിടക്ക് സൈന്യത്തിനും പോലീസിനും എമര്‍ജന്‍സി അധികാരങ്ങള്‍ നല്‍കിയിരിക്കുന്നു. മഹിന്ദയോടൊപ്പം മന്ത്രിമാരെല്ലാം രാജിവെക്കുകയും ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ ഏകാധിപത്യ ഭരണമാണ് അരങ്ങേറുക. അദ്ദേഹമാകട്ടെ സൈനിക ശക്തി കൊണ്ട് എന്തും നേരിടാമെന്ന ചിന്താഗതിയുള്ളയാളാണ്. ഒരു ഭാഗത്ത് അക്രമാസക്ത പ്രക്ഷോഭം, മറുഭാഗത്ത് ഏതറ്റം വരെയും അടിച്ചമര്‍ത്തല്‍ നടത്താന്‍ അനുമതി കിട്ടിയ സൈന്യവും പോലീസും. സങ്കീര്‍ണമായ ആഭ്യന്തര പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇതിലപ്പുറമെന്ത് വേണം. രാജപക്സെ കുടുംബത്തിന്റെ ശക്തി സ്രോതസ്സെന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂത്ത സഹോദരനാണ് മഹിന്ദ രാജപക്സെ. സിംഹളാധിപത്യത്തിന്റെ വക്താവാണ് അദ്ദേഹം. പുലിവേട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട സൈനിക ദൗത്യമാണ് അദ്ദേഹത്തിന് വീര പരിവേഷം നല്‍കിയത്. മുസ്ലിംകളെയും തമിഴരെയും അന്യവത്കരിക്കുന്നതിനും ക്രിസ്ത്യന്‍ സമൂഹത്തെയും മറ്റ് ന്യൂനപക്ഷങ്ങളെയും പരസ്പരം സംശയത്തിലാക്കുന്നതിനും നേതൃത്വം നല്‍കിയയാളുമാണ്. ചൈനീസ് മൂലധനത്തിന് പരന്നൊഴുകാന്‍ അവസരം നല്‍കിയ ഹമ്പന്‍തോട്ട തുറമുഖ പദ്ധതിയടക്കമുള്ള വന്‍കിട പ്രോജക്ടുകളുടെ ചാമ്പ്യനുമാണ് മഹിന്ദ. ശ്രീലങ്ക ഇപ്പോള്‍ അനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളിലും രാജപക്സെ കുടുംബത്തിന് പൊതുവെയും മഹിന്ദക്ക് വിശേഷിച്ചും പങ്കുണ്ടെന്ന് ചുരുക്കം. അതുകൊണ്ട്, അദ്ദേഹത്തിന് രാജിവെച്ചൊഴിഞ്ഞ് മാളത്തില്‍ ഒളിക്കേണ്ടി വന്നുവെന്നത് ജനകീയ വിജയം തന്നെയാണ്. എന്നാല്‍ ഈ വിജയം സമാധാനപരമായ പ്രക്ഷോഭത്തുടര്‍ച്ചയിലൂടെയാകണം ആഘോഷിക്കേണ്ടത്. മറിച്ച് വംശീയമായ പകപോക്കലായി കാര്യങ്ങള്‍ അധഃപതിക്കാന്‍ പാടില്ല.

മഹിന്ദ അധികാരഭ്രഷ്ടനായി എന്നത് കൊണ്ട് കാര്യങ്ങള്‍ നേരേയാകുമെന്ന് കരുതാനാകില്ല. ഇടക്കാല സര്‍വകക്ഷി സര്‍ക്കാറുണ്ടാക്കാനാണ് രാജിയെന്നാണ് പ്രസിഡന്റ് പറയുന്നത്. സര്‍ക്കാറിന്റെ ഭാഗമാകാന്‍ പ്രധാന പ്രതിപക്ഷ കക്ഷികളായ സാമാഗി ജന ബലവേഗയ (എസ് ജെ ബി)യും ജനത വിമുക്തി പെരുമുന (ജെ വി പി)യും തയ്യാറല്ല. എല്ലാവരും രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണം. എങ്കിലേ പൊതുജനാഭിപ്രായം പുലരൂ എന്നാണ് മെയ്ദിന പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പറഞ്ഞത്. പാര്‍ലിമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം. പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന് രണ്ടര വര്‍ഷം കഴിയാതെ പാര്‍ലിമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിന് അധികാരമില്ല. പ്രസിഡന്റടക്കം സര്‍വരും രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരും പ്രതിപക്ഷവും. സര്‍വകക്ഷി സര്‍ക്കാറുണ്ടാക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണ് ഗോതാബയ. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് പോകുക മാത്രമാണ് പോംവഴി. പ്രതിപക്ഷ, ഭരണപക്ഷ ഭേദമില്ലാതെ മികച്ച ഭരണകര്‍ത്താക്കള്‍ കൈകോര്‍ക്കണം. ഈ ഐക്യ ഭരണ സംവിധാനം പ്രക്ഷോഭകരുമായി സംസാരിക്കണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് ചെവികൊടുക്കാന്‍ സാധിക്കണം. അതിന് പ്രസിഡന്റ് ഗോതാബയ രാജപക്സെ സ്ഥാനമൊഴിഞ്ഞേ തീരൂ. യു എന്നടക്കമുള്ള അന്താരാഷ്ട്ര സംവിധാനങ്ങളും രാജ്യങ്ങളും ശ്രീലങ്കയുടെ സഹായത്തിനെത്തണം. ഇക്കാര്യത്തില്‍ ഇന്ത്യക്ക് നല്ല ഇടപെടല്‍ നടത്താനാകും. അശാന്തമായ ലങ്കയില്‍ നിന്ന് അഭയാര്‍ഥി പ്രവാഹമടക്കമുള്ള പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യത നിലനില്‍ക്കേ പ്രശ്നപരിഹാരത്തിന് ക്രിയാത്മകമായി ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കണം. രാഷ്ട്രീയ പരിഹാരം കാണേണ്ടത് ശ്രീലങ്കന്‍ ജനത തന്നെയാണ്. എന്നാല്‍ അതിനുള്ള മണ്ണൊരുക്കാനും സാമ്പത്തികമായി സഹായിക്കാനും മറ്റുള്ളവര്‍ക്ക് സാധിക്കും.

 

---- facebook comment plugin here -----

Latest