Connect with us

kerala waqf board

വഖ്ഫ് പണം ഓഹരി വിപണിയിൽ: മായിൻ ഹാജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വഖ്ഫ് ബോർഡ് പോലുള്ള മതവുമായി ബന്ധപ്പെട്ട സംവിധാനത്തിന്റെ പണം ഏത് സമയത്തും നഷ്ടമുണ്ടാകാവുന്ന ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഗുരുതരമായ ക്രമക്കേടായാണ് കണ്ടെത്തൽ.

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോർഡിന്റെ 25 കോടിയോളം രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. സർക്കാറിനെ അറിയിക്കാതെ മുൻ വഖ്ഫ് ബോർഡിന്റെ കാലത്തെടുത്ത തീരുമാനപ്രകാരം എസ് ബി ഐയുടെ മ്യൂച്വൽ ഫണ്ടിൽ 24,89,19,635 രൂപ നിക്ഷേപിച്ചതിലാണ് ധനകാര്യ ഓഡിറ്റിംഗ് വിഭാഗം അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. 2018ൽ അന്നത്തെ വഖ്ഫ് ബോർഡ് സി ഇ ഒ. ബി എം ജമാൽ തയ്യാറാക്കിയ പ്രൊപ്പോസൽ പ്രകാ‍രം ബോർഡിന്റെ അനുമതിക്കായി സമർപ്പിക്കുകയും മുസ്‌ലിം ലീഗ് നേതാവ് എം സി മായിൻ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖ്ഫ് ബോർഡ് യോഗം അനുമതി നൽകുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

സുരക്ഷിതമായി ട്രഷറിയിലോ ദേശസാത്കൃത ബേങ്കുകളിലോ നിക്ഷേപിക്കുന്നതിന് പകരം അപകടകരമായ ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതിൽ ഗുരുതരമായ ക്രമക്കേടുണ്ടായതായാണ് കണ്ടെത്തിയത്. ചട്ടവിരുദ്ധമായ നടപടി വഖ്ഫ് ബോർഡ് എടുത്താൽ സർക്കാറിലേക്ക് റിപോർട്ട് ചെയ്യേണ്ട സി ഇ ഒ അക്കാര്യം അറിയിച്ചില്ലെന്നാണ് കണ്ടെത്തിയത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുക വഴി വൻതുക കമ്മീഷൻ കൈപ്പറ്റിയതായാണ് ആരോപണമുയർന്നത്.

2018 മാർച്ച് 28ന് എം സി മായിൻ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖ്ഫ് ബോർഡ് യോഗമാണ് സി ഇ ഒ. ബി എം ജമാലിന്റെ പ്രൊപ്പോസലിന് അനുമതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2018 മെയ് അഞ്ച് മുതൽ 2022 മാർച്ച് 31 വരെയുള്ള ബോർഡ് നിക്ഷേപങ്ങൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചുവരികയായിരുന്നു. ബോർഡിന്റെ സ്ഥിരം നിക്ഷേപം, പെൻഷൻ ഫണ്ട്, പ്രൊവിഡന്റ്ഫണ്ട്, കറണ്ട് അക്കൗണ്ടിലുണ്ടായിരുന്ന തുക എന്നിവയുൾപ്പെടെയുള്ളവയാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി നിക്ഷേപിച്ചത്.

പുതിയ വഖ്ഫ് ബോർഡ് സി ഇ ഒ ചുമതലയേറ്റെടുത്ത ശേഷം നടത്തിയ പരിശോധനയിലാണ് ബോർഡിന്റെ പണം നിയമവിരുദ്ധമായി നിക്ഷേപിച്ചതായി കണ്ടെത്തിയത്. വഖ്ഫ് ബോർഡ് പോലുള്ള മതവുമായി ബന്ധപ്പെട്ട സംവിധാനത്തിന്റെ പണം ഏത് സമയത്തും നഷ്ടമുണ്ടാകാവുന്ന ഓഹരി വിപണിയിൽ നിക്ഷേപിച്ചത് ഗുരുതരമായ ക്രമക്കേടായാണ് കണ്ടെത്തൽ.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest