Connect with us

National

ഉത്തരാഖണ്ഡ് തുരങ്ക അപകടം; രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചിന കര്‍മപദ്ധതി

മൂന്ന് വശങ്ങളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ഏജന്‍സികള്‍ പങ്കെടുക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി അഞ്ചിന കര്‍മപദ്ധതിക്ക് അന്തിമരൂപം നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാധ്യതകള്‍ പരിശോധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

മൂന്ന് വശങ്ങളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അഞ്ച് ഏജന്‍സികള്‍ പങ്കെടുക്കുമെന്ന് ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ പറഞ്ഞു. തൊഴിലാളികളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനായി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), സത്‌ലജ് ജല്‍ വിദ്യുത് നിഗം(എസ്.ജെ.വി.എന്‍.എല്‍.), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍.), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.ഐ.ഡി.സി.എല്‍.), തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടി.എച്ച്.ഡി.സി.എല്‍.) എന്നിവയ്ക്കാണ് ചുമതല. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും (ബി.ആര്‍.ഒ.) ഇന്ത്യന്‍ ആര്‍മിയുടെ കണ്‍സ്ട്രക്ഷന്‍ വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കുന്നുണ്ടെന്നും അനുരാഗ് ജെയിന്‍ പറഞ്ഞു.

അതിനിടെ കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഇന്നലെ തുരങ്കം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചു. അതിപരിസ്ഥിതിലോല മേഖലയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതാണെന്നും തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

 

 

 

Latest