Connect with us

UAE

ആറാം ക്ലാസിൽ ലാപ്‌ടോപ്പിന് നിയന്ത്രണം; പുതിയ മാർഗ നിർദേശം പ്രാബല്യത്തിൽ

സ്‌കൂളുകളിൽ നാളെ മുതൽ പാഠപുസ്തകങ്ങൾക്ക് മുൻഗണന

Published

|

Last Updated

ദുബൈ|യു എ ഇയിലെ രണ്ടാം ഘട്ട സ്‌കൂളുകളിൽ ആറാം ക്ലാസ് വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറക്കുന്നതിനുള്ള പുതിയ മാർഗനിർദേശം നാളെ മുതൽ പ്രാബല്യത്തിൽ വരും. ജനറൽ, അഡ്വാൻസ്ഡ് സ്ട്രീമുകളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർഥികൾ സ്‌കൂളിലേക്ക് ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ നിർദേശിച്ചു. രാജ്യവ്യാപകമായി ആറാം ക്ലാസ് വിദ്യാർഥികളുടെ ഡിജിറ്റൽ ആശ്രിതത്വം കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണിത്. സ്‌കൂളുകൾ ഇത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം അച്ചടിച്ച പാഠപുസ്തകങ്ങളിലൂടെ നേരിട്ട് പഠിക്കുന്നതിനും നോട്ട്ബുക്കുകളിൽ സ്വന്തം കൈപ്പടയിൽ കുറിപ്പുകളും ഉത്തരങ്ങളും എഴുതിയെടുക്കുന്നതിനും ക്ലാസ് മുറികളിലെ ആശയവിനിമയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകും. പഠനപ്രവർത്തനങ്ങൾക്കും അധ്യാപനത്തിനും കമ്പ്യൂട്ടറുകൾ സ്ഥിരമായ ഒരു ഉപാധിയായി മാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. പരമ്പരാഗത പഠനരീതികളെ ക്രിയാത്മകമായി ഉപയോഗിച്ച് കുട്ടികളിൽ വായന, എഴുത്ത്, നേരിട്ടുള്ള ആശയവിനിമയം എന്നിവ ശക്തിപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

ഇതിനുപുറമെ സ്‌കൂൾ പരിസരത്ത് വി പി എൻ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും സ്വകാര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സന്ദർശിക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഠനസമയത്ത് ഡിജിറ്റൽ ലോകത്തെ ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കി അധ്യാപകരുമായും സഹപാഠികളുമായും നേരിട്ട് സംവദിച്ച് പഠിക്കാനുള്ള അന്തരീക്ഷമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. കുട്ടികളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുറക്കുന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് സുപ്രധാന തീരുമാനം. നിലവിലെ അധ്യയനവർഷം മുഴുവൻ ആറാം ക്ലാസ് വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് നിയന്ത്രണം തുടരുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Content Highlights:
UAE schools will implement new guidelines from tomorrow banning Grade 6 students from bringing laptops and digital devices to class. The policy aims to reduce digital dependency by prioritizing printed textbooks, handwriting, and direct classroom interaction. Strict VPN restrictions are also enforced.

 

---- facebook comment plugin here -----

Latest