Connect with us

Ongoing News

കഞ്ചാവുമായി ക്രിമിനല്‍ കേസ് പ്രതിയുള്‍പ്പെടെ പിടിയില്‍

കൈകാണിച്ചിട്ട് നിര്‍ത്താതെ  രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട | രണ്ട് കിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുള്‍പ്പടെ രണ്ട് പേര്‍ അടൂരില്‍ അറസ്റ്റില്‍. പാലമേല്‍ കുടശ്ശനാട് കഞ്ചുക്കോട് പൂവണ്ണും തടത്തില്‍ വീട്ടില്‍ അന്‍സല്‍ (27), അടൂര്‍ പെരിങ്ങനാട് മേലൂട് സതീഷ് ഭവനം വീട്ടില്‍ വിനീഷ് (27) എന്നിവരെയാണ് കഴിഞ്ഞ രാത്രി കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്നും തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ 2.085 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൈകാണിച്ചിട്ട് നിര്‍ത്താതെ  രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു.

നര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി. ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഡാന്‍സാഫ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഏനാത്ത്, നെല്ലിമൂട്ടില്‍പ്പടി റൂട്ടില്‍ മണിക്കൂറുകളോളം നിരീക്ഷണം നടത്തിയതിനൊടുവിലാണ് പ്രതികളെ പിടികൂടാന്‍ സാധിച്ചത്. വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ തടയുന്നതിനിടയില്‍ സ്‌കൂട്ടര്‍ മറിഞ്ഞുവീണ് ഡാന്‍സാഫ് അംഗമായ എസ് ഐ അജി സാമുവലിന്റെ കാലിന് പരിക്ക് പറ്റുകയും ചെയ്തു. ഏനാത്ത് നിന്നും അടൂര്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ കഞ്ചാവുമായി രണ്ട് പേര്‍ വരുന്നുണ്ടെന്ന രഹസ്യവിവരം,  ഡാന്‍സാഫ് ടീമിനും അടൂര്‍ പോലീസിനും കൈമാറിയതിനെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്.

അടൂര്‍, നൂറനാട്, ഹരിപ്പാട്, കായംകുളം തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍സല്‍. കഞ്ചാവിന്റെ ഉറവിടം, എത്തിക്കാന്‍ ഉദ്ദേശിച്ച ഇടം തുടങ്ങിയ വിവരങ്ങള്‍ക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തു. കോടതിയില്‍ ഹാജാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  ക്രിമിനല്‍ പശ്ചാത്തലമുള്ള ഒന്നാം പ്രതിയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ലഹരി വസ്തുക്കള്‍ക്കെതിരായ പരിശോധന തുടരുമെന്നും ഇത്തരം ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു.

അടൂര്‍ ഡി വൈ എസ് പി. ആര്‍ ബിനു, പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്,  എസ് ഐ മനീഷ് എം, എസ് സി പി ഓമാരായ സോളമന്‍ രാജേഷ് ചെറിയാന്‍ എന്നിവരോടൊപ്പം ഡാന്‍സാഫ് ടീമിലെ എസ് ഐ അജി സാമൂവല്‍, എ എസ് ഐ അജി, സി പി ഓമാരായ മിഥുന്‍, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

Latest