Connect with us

Kerala

നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതു വരെ ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണം: കെ സി വേണുഗോപാല്‍ എം പി

കേന്ദ്ര ഉപരിതല ഗാതഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി.

Published

|

Last Updated

ന്യൂഡല്‍ഹി | യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും മികച്ച സേവനവും ഉറപ്പാക്കുന്നതിന്, ദേശീയപാതയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുന്നതു വരെ കേരളത്തിലെ എല്ലാ ടോള്‍ പിരിവുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് കെ സി വേണുഗോപാല്‍ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗാതഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് അദ്ദേഹം കത്ത് നല്‍കി.

മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയിലെ യാത്രാ ദുരിതം ഇരട്ടിയായിരിക്കുകയാണ്. അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്നതിനാല്‍ കേരളത്തിലെ ദേശീയപാതകള്‍ യാത്രക്കാരുടെ മരണക്കെണികളായി മാറി. നിര്‍മാണത്തിലെ അപാകതകള്‍ മൂലവും ഗതാഗതക്കുരുക്കളാലും ജനം അനുഭവിക്കുന്ന ബുദ്ധിമുട്ട് പലപ്പോഴായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയപാതയിലെ യാത്ര ദുരിതം നിറഞ്ഞതായിട്ടും ടോള്‍ പിരിക്കുന്നത് യഥേഷ്ടം തുടരുകയാണ്. ആരൂരിലും പാലിയേക്കരയിലും ഉള്‍പ്പെടെ ഇതാണ് അവസ്ഥ. ഈ അനീതി ചോദ്യം ചെയ്ത് കേരള ഹൈക്കോടതി തന്നെ രംഗത്ത് വന്നിട്ടുണ്ടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

എന്‍ എച്ച് -66, എന്‍ എച്ച്-544 എന്നിവിടങ്ങളിലെ നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യാതൊരുവിധ സുരക്ഷാ മുന്‍കരുതലുകളും പാലിക്കാതെയാണ് നടക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ പതിവായി. സര്‍വീസ് റോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ആരൂര്‍-തുറവൂര്‍ ഭാഗത്തെ ദേശീയപാതയുടെ മോശം അവസ്ഥയിലും ജനം ടോള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ആറുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. എന്നിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്ന സാഹചര്യമാണ്. മണ്ണൂത്തി-ഇടപ്പള്ളി ഭാഗത്തെ അടിപ്പാത നിര്‍മാണം മൂലം ഉണ്ടാകുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതിനെതിരായ ഹരജികള്‍ പരിഗണിച്ച ഹൈക്കോടതി സുഗമമായ യാത്രാ സൗകര്യം ഒരുക്കാതെ യാത്രക്കാര്‍ എന്തിന് ടോള്‍ നല്‍കണമെന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ കത്തില്‍ പരാമര്‍ശിച്ചു.

 

---- facebook comment plugin here -----

Latest