Travelogue
തിർമിദ് സയ്യിദന്മാരും സാദാത്ത് കോംപ്ലക്‌സും
അവിടെ നിന്നും തൊട്ടടുത്തുള്ള സുൽത്താൻ സാദാത്ത് കോംപ്ലക്‌സിലേക്ക് ഞങ്ങൾ വാഹനം കയറി. ഉസ്‌ബെക്കിസ്ഥാനിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ച് ഇവിടെ തണുപ്പ് കുറവായാണ് അനുഭവപ്പെട്ടത്. നല്ല പച്ച വിരിച്ച കൃഷിപ്പാടങ്ങൾക്കിടയിലായി വാഹനം എത്തിച്ചേർന്നു. ഈ പ്രദേശത്തിനൊന്നാകെ "സുൽത്താൻ സാദാത്ത്' എന്നാണ് പറയുന്നത്. തിരുനബി(സ)യുടെ സന്താനപരമ്പരയിൽ നിന്നും പ്രബോധനാവശ്യാർഥം തിർമിദ് ഭാഗത്തു വന്നു താമസിച്ച് ഇവിടെ അധികാരം നടത്തി മൺമറഞ്ഞ ഒരുപാട് സയ്യിദന്മാരുടെ അന്ത്യവിശ്രമ കേന്ദ്രമാണിത്.
തിർമിദിലേക്കുള്ള ഉസ്‌ബെക്കിസ്ഥാൻ എയർവേയ്‌സിന്റെ നമ്പർ HY 0069 ബോയിംഗ് 757200 വിമാനം താഷ്‌കെന്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഞങ്ങളെയും കാത്ത് നിൽക്കുകയാണ്. നാട്ടിലെ പതിവ് പോലെ നേരത്തെ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനം ടേക്ഓഫിന് തൊട്ടുമുന്പ് മാത്രമാണ് വിദേശികളായ ഞങ്ങളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. സുരക്ഷാ കാരണങ്ങൾ കൊണ്ടായിരിക്കുമെന്നു ഊഹിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ ആറാം ദിനം ഞങ്ങൾക്ക് താഷ്‌കെന്റ്നഗരത്തിൽ നിന്നും എഴുന്നൂറ് കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന തിർമിദ് പട്ടണത്തിലേക്കുള്ള യാത്രയാണ്. ഇന്ന് രാത്രിയിൽ തന്നെ താഷ്‌കെന്റ്നഗരത്തിലേക്ക് മടങ്ങിയെത്തുകയും വേണം. ഇനി രണ്ട് ദിനം കൂടി മാത്രമാണ് ഉസ്‌ബെക്കിസ്ഥാൻ എന്ന പ്രവിശാലമായ ചരിത്രവും സംസ്‌കൃതിയും ഉറങ്ങുന്ന നാട്ടിൽ ഞങ്ങൾക്ക് അവശേഷിക്കുന്നത്. സന്ദർശിക്കേണ്ടതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു നഗരമാണ് തിർമിദ്. വിമാനത്തിൽ തദ്ദേശീയ യാത്രികരാണ് അധികവും. സ്വന്തം പൗരന്മാർക്ക് വളരെ കുറഞ്ഞ നിരക്കിൽ ആഭ്യന്തര സർവീസ് നടത്തുന്നതിൽ ഉസ്‌ബെക് എയർവേയ്സ് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
അപ്പോഴൊക്കെ നമ്മുടെ നാട്ടിലെ വിമാന കമ്പനികളുടെ ചൂഷണവും പകൽ ക്കൊള്ളയുമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ഏകദേശം ഒന്നര മണിക്കൂറിന്റെ യാത്ര കൊണ്ട് ഞങ്ങൾ തിർമിദിന്റെ ആകാശച്ചെരുവിലേക്കെത്തി. ഉച്ചിയിൽ നിന്നുള്ള ദൃഷ്ടിയിൽ മരുഭൂമി സമാനമായ കാഴ്ചയായിരുന്നു ലഭിച്ചത്. കുറെ ചെങ്കുത്തായ മലകളും ചെറിയ പുൽമേടുകളും അതിനിടയിൽ തകര കൊണ്ടുള്ള കെട്ടിടങ്ങളുമാണ് ആകാശക്കാഴ്ചയിൽ വന്നത്.
തിർമിദുകാരനായ ഖ്വാജ റഹ്്മത്തുല്ല സൈഫുദീനോവും സർഹൻദറായോ മേഖലയുടെ ഗ്രാൻഡ് ഇമാം അലി അക്ബർ സൈഫുദീനോവും ഒപ്പം തിർമിദ് പ്രവിശ്യയുടെ ഭരണാധികാരിയും അവിടുത്തെ പ്രധാന മൗസോളിയങ്ങളുടെ സൂക്ഷിപ്പുകാരുമൊക്കെ കൂടി ഞങ്ങൾക്ക് തിർമിദ് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. അവിടെ നിന്നും തൊട്ടടുത്തുള്ള സുൽത്താൻ സാദാത്ത് കോംപ്ലക്‌സിലേക്ക് ഞങ്ങൾ വാഹനം കയറി. ഉസ്‌ബെക്കിസ്ഥാനിലെ മറ്റു പ്രവിശ്യകളെ അപേക്ഷിച്ചു ഇവിടെ തണുപ്പ് തുലോം കുറവായാണ് അനുഭവപ്പെട്ടത്. നല്ല പച്ച വിരിച്ച കൃഷിപ്പാടങ്ങൾക്കിടയിലായി ഞങ്ങളുടെ വാഹനം എത്തിച്ചേർന്നു. ഈ പ്രദേശത്തിനൊന്നാകെ “സുൽത്താൻ സാദാത്ത്’ എന്നാണ് പറയുന്നത്. തിരുനബി(സ)യുടെ സന്താനപരമ്പരയിൽ നിന്നും പ്രബോധനാവശ്യാർഥം തിർമിദ് ഭാഗത്തുവന്നു താമസിച്ചു ഇവിടെ അധികാരം നടത്തി മണ്മറഞ്ഞുപോയ നിരവധി സയ്യിദന്മാരുടെ അന്ത്യവിശ്രമ കേന്ദ്രമാണിത്. അതിൽ പ്രാധാന്യമേറിയത് സയ്യിദ് ഹസൻ അൽ അമീറിന്റെയും സയ്യിദ് അലി അക്ബറിന്റെയും മൗസോളിയങ്ങളാണ്. അവരാണ് ഇവിടെ ആദ്യമായി എത്തിച്ചേർന്നതും സയ്യിദ് സാമ്രാജ്യമെന്ന പേരിൽ തിർമിദിൽ ഭരണം നടത്തിയതും.
വാസ്തുവിദ്യ, ആത്മീയത, സൂഫിസം, മധ്യേഷ്യയുടെ മധ്യകാല ചരിത്രം എന്നിവയിൽ താത്പര്യമുള്ളവർക്ക് സുൽത്താൻ സാദാത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ടെത്താനാകും. സമർഖന്ദിലെ ഷാഹിസിന്ദയുടെ വാസ്തുവിദ്യയെന്ന പോലെ മനോഹരമാണ് സുൽത്താൻ സാദാത്ത് കോംപ്ലെക്‌സും. ഇഷ്ടികകൾ കൊണ്ടുള്ള മനോഹരമായ നിർമിതിയാണ് സുൽത്താൻ സാദാത്ത്. ധാരാളം ഖബറുകൾ അടുത്തടുത്തായാണ് സ്ഥിതിചെയ്യുന്നത്. ചുമരിനോട് ചേർന്നുള്ള ഒരു ഭാഗത്ത് മുന്നോട്ട് ഉന്തി നിൽക്കുന്നതിനാൽ സന്ദർശകർക്ക് അവിടെ ഇരുന്നുകൊണ്ട് ഖുർആൻ പാരായണവും മറ്റുള്ള ദിക്‌റുകളും ഉരുവിടാനുമൊക്കെ സാധിക്കും. വലിയൊരു മതിൽക്കെട്ടിനകത്ത് മുറ്റിനിൽക്കുന്ന ശാന്തതയും മൗനവും മൂകതയുമാണ് സുൽത്താൻ സാദാത്ത് കോംപ്ലക്‌സിൽ എന്നെ ഏറെ സ്വാധീനിച്ചത്. അത് നമ്മുടെ ഹൃദയത്തിനു നൽകുന്ന സമാധാനം വളരെ വലിയ കാര്യമാണ്. പൊതുവെ ഇവിടേക്ക് വിദേശികളുടെ വരവ് കുറവാണത്രേ!. ഒരുപാട് ഘടകങ്ങൾ അതിനുണ്ട്. ഒരു രാജ്യത്തിന്റെ അതിർത്തിപ്രദേശമായതിനാലും ആസ്വാദ്യകരമായ വിനോദ പരിപാടികളുടെ അഭാവവും സാധാ ടൂറിസ്റ്റുകൾക്ക് തിർമിദിൽ ഒന്നും സമ്മാനിക്കാനില്ല. ചുമരും പടവും മച്ചും താഴികക്കുടവുമെല്ലാം ചാര നിറത്താലുള്ള ഇഷ്ടികകളാൽ നിർമിക്കപ്പെട്ടതാണ്. എനിക്കതിലേറെ ഇഷ്ടമായത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടിടത്തിൽ പോലും ഇഷ്ടികകൾ ഏറെ മനോഹരമായി അടുക്കിവെച്ചിട്ടുള്ള കാഴ്ചയാണ്. തിർമിദ് സയ്യിദന്മാർ ആത്മീയതയിലും ഭരണത്തിലും വളരെ ശക്തരും കുലീനരുമായിരുന്നു. സമാനിദുകളെയും സെൽജൂക്കികളെയും തുർക്കികളെയും തൈമൂറികളെയും മുഗളന്മാരെയും സെൻട്രൽ ഏഷ്യയിലെ ഒട്ടുമിക്ക ഭരണകർത്താക്കളെയും തിർമിദ് സയ്യിദന്മാർ സ്വാധീനിച്ചിരുന്നു.
ഈ നിർമിതിയുടെ നടുവിലായാണ് പ്രധാന മൗസോളിയമുള്ളത്. താജ് മഹലിനും മറ്റു മുഗൾ വാസ്തുവിനുമുള്ളത് പോലെ ഒരു വലിയ ഇവാൻ അതിനുമുണ്ട്. മനോഹരമായ നീല നിറം കൊണ്ടുള്ള മൊസൈക്കിനാൽ അത് അലങ്കരിച്ചിട്ടുണ്ട്. സമീപത്തുള്ള കുകിൽദാർ ഖാൻഖാഹിനും അതിനു എതിർ ഭാഗത്തുള്ള മദ്റസക്കുമുള്ള ഇവാനിനു ഇഷ്ടികകൾ കൊണ്ട് തന്നെയാണ് അലങ്കാരം തീർത്തിട്ടുള്ളത്. ഇതിലേറെ കൗതുകകരമായ ഒരു കാര്യം ഈ കെട്ടിടങ്ങളുടെ നിർമാണ കാലഘട്ടവും നൂറ്റാണ്ടുകൾ വ്യത്യാസമുണ്ട്. പക്ഷെ എല്ലാം ഒരു കാലഘട്ടത്തിൽ നിർമിച്ചത് പോലെയായി അതിനെ സംരക്ഷിക്കുകയും അതിന്റെ ലാൻഡ്‌സ്‌കേപ്പിംഗ് അത്തരത്തിൽ ഒറ്റ നിർമിതിയെന്നത് പോലെ സംരക്ഷിക്കുന്നതുമാണ് ഏറെ ആശ്ചര്യകരം.
ശക്തമായ ചരിത്രവും പാരമ്പര്യവും പേറുന്ന ഒരു ജനതയുടെ ഇടയിലാണ് നമ്മളുള്ളത്. കാലത്തിന്റെ പരീക്ഷണത്തിൽ എത്ര വലിയ സ്വേച്ഛാധിപതികളും അക്രമികളും അവരുടെ മേൽ അതിക്രമം കാണിച്ചാലും വരുതിയിൽ വീഴ്ത്തിയാലും ഈ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പിന്തുണ മാത്രം മതിയാകും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഏതൊരു ജനതക്കും ഉയർന്നു വരാൻ എന്നുള്ളതിന്റെ നേർ ഉദാഹരണമാണ് ഉസ്‌ബെക്കിസ്ഥാൻ എന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നു അത്.

