Kerala
ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് 50 പവന്‍ കവര്‍ന്നു
പറപ്പൂരില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന കേച്ചേരി തോളൂര്‍ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്
തൃശൂര്‍ | ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് 50 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. പറപ്പൂരില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന കേച്ചേരി തോളൂര്‍ നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ബെഡ്റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
പിറകു വശത്തെ വാതില്‍ കമ്പിപ്പാരകൊണ്ടു തിക്കി തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. ഷക്കീറിന്റെ വീടിന്റെ പിറകുവശം റെയില്‍വേ ട്രാക്കാണ്. ഈ വഴിയാണ് മോഷ്ടാവ് എത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയില്‍ സഹായിക്കാന്‍ ഷക്കീറിന്റെ ഭാര്യയും കുട്ടികളും പോയിരുന്നു. ഓണത്തിരക്കായതിനാല്‍ പുലര്‍ച്ചെ 1.30 നാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ കടന്നപ്പോഴാണ് അലമാരകള്‍ തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്‍ വാരി വലിച്ചിട്ട നിലയില്‍ കണ്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:
Burglaries broke into the home of a textile owner in Parappur, Thrissur, stealing 50 sovereigns of gold. The culprits entered through the back door while the family was away at their shop. Peramangalam police launched an investigation with forensic experts and dog squads.



