Kerala
വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ്; കേസെടുത്ത് ആറന്മുള പോലീസ്
ഹരിപ്പാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
പത്തനംതിട്ട | വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആറന്മുള പോലീസ് കേസെടുത്തു. ഹരിപ്പാട് സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്.
ആറന്മുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തി നാലുപേര്‍ക്ക് ആറന്മുള വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നല്‍കാമെന്ന് അറിയിച്ചു. ഇതിനായി 2,000 രൂപ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. പണമയച്ച ശേഷം വള്ളസദ്യ കഴിക്കുന്നതിനായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വിവരം ആറന്മുള എസ് എച്ച് ഒ, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിനെ അറിയിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.
ആറന്മുള സി ഐ. എം ആര്‍ രാജേഷ് കുമാര്‍, എസ് എച്ച് ഒ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ബേങ്ക് വിവരങ്ങള്‍ എന്നിവ ശേഖരിച്ചിട്ടുള്ളതായും പ്രതിയെ ഉടന്‍തന്നെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് പറഞ്ഞു.
Content Highlights:
Aranmula police have registered a case following reported financial fraud linked to Vallasadhya bookings. Fraudsters allegedly cheated devotees by promising online passes for the traditional feast. Authorities initiated an investigation to trace those responsible for collecting money deceitfully.


