Kerala
പന്തീരാങ്കാവ് ടോള് പ്ലാസയില് വന് തട്ടിപ്പ്; സ്വകാര്യ സ്ഥാപനത്തിന്റെ ക്യുആര് സ്കാനര് ഉപയോഗിച്ച് ജീവനക്കാര് ഏഴ് ലക്ഷം തട്ടി
കേസില് ആറു പ്രതികളുണ്ട്. ഒന്നാം പ്രതി ബിപിന് രാജ്പുത്തിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട്|കോഴിക്കോട് പന്തീരാങ്കാവ് ടോള് പ്ലാസയില് വന് തട്ടിപ്പ്. സ്വകാര്യസ്ഥാപനത്തിന്റെ ക്യുആര് സ്കാനര് ഉപയോഗിച്ച് ജീവനക്കാര് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. കേസില് ആറു പ്രതികളുണ്ട്. എസ് ഐ എന് രാജ്കുമാറിനാണ് അന്വേഷണച്ചുമതല.
ഉത്തര്പ്രദേശ് സ്വദേശികളായ ഉമാശങ്കര്,മോണ്ടി രാജ്പുത്, ഹരിമോഹന്, ശിം, നവീന് സിങ് ഭദോരിയ എന്നിവരാണ് പ്രതികള്. ഒന്നാം പ്രതിയായ ബിപിന് രാജ്പുത്തിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെപ്തംബര് രണ്ട് മുതല് ഒക്ടോബര് അഞ്ച് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
ഒളവണ്ണ ടോള് പ്ലാസയിലെ ടോള് പിരിവ് പണം ഒന്നാം പ്രതിയുടെ നിര്ദേശപ്രകാരം ക്യുആര് സ്കാനര് വഴി സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി കമ്പനിക്ക് ഏഴ് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായി പരാതിയില് പറയുന്നു. അമിത് കുമാര് ശര്മ എന്നയാളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള് കടന്നുപോകുമ്പോള് ജീവനക്കാര് സ്വന്തം നിലയിലുള്ള ക്യുആര് കോഡ് സ്കാനര് കാണിച്ചു കൊടുക്കുകയും അതിലൂടെ ലഭിക്കുന്ന പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റുകയുമായിരുന്നു.
ടോള് പ്ലാസയിലെ മാനേജര് നടത്തിയ പരിശോധനയിലാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. തുടര്ന്ന് പോലീസില് പരാതി നല്കുകയായിരുന്നു.
Content Highlights: Six employees embezzled seven lakh rupees at the Pantheerankavu toll plaza by diverting toll collections using private QR codes. The manager discovered the scam during an audit, prompting a formal police complaint and the arrest of the prime suspect.




