Kerala
ഡി വൈ എഫ് ഐ നാടക വിവാദം; നാടക പ്രവര്‍ത്തകരെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്
ഒരു നാടകത്തിന്റെ പ്രമേയത്തിനനുസരിച്ചാണ് കലാകാരന്മാര്‍ വേദിയിലേക്ക് വരുന്നത്. അതിനെ ഏതെങ്കിലും രൂപത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനോട് യോജിക്കുന്നില്ല
തിരുവനന്തപുരം | ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച ‘മിസ’ നാടക വിവാദത്തില്‍ നാടക പ്രവര്‍ത്തകരെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. നാടകം ആവശ്യപ്പെടുന്ന രംഗമാണത്. ആവിഷ്‌കാര സ്വാതന്ത്ര്യം മാനിക്കണം. അതിനെ മോശമായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ എന്നും കലാകാരന്മാര്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു.
നാടകം ആവശ്യപ്പെടുന്ന പെര്‍ഫോമന്‍സ് ആണ് അവിടെ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. സ്വാഭാവികമായിട്ടും ഒരു ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ഒരു നാടകത്തിന്റെ പ്രമേയത്തിനനുസരിച്ചാണ് കലാകാരന്മാര്‍ വേദിയിലേക്ക് വരുന്നത്. അതിനെ ഏതെങ്കിലും രൂപത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനോട് യോജിക്കുന്നില്ല. ആ കലാകാരന്മാരോടൊപ്പമാണ് സര്‍ക്കാര്‍ -മന്ത്രി പറഞ്ഞു.
ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിച്ച മിസ എന്ന നാടകമാണ് വിവാദമായി മാറിയത്. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തിന് ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയാണ് മിസ. നഗ്നതാപ്രദര്‍ശനം എന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഡി വൈ എഫ് ഐക്കെതിരായി ചിലര്‍ ഉന്നയിച്ചത്. എന്നാല്‍, നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാന്‍ ശ്രമിക്കുന്നവര്‍ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിന്റെ പ്രതികരണം.
നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് കഥാപാത്രത്തെ അവതരിപ്പിച്ച നടി ചിന്നൂസ് ചിലങ്ക പ്രതികരിച്ചു. മിസ എന്ന നാടകം ജനങ്ങളോട് പറയുന്നത് രാജ്യത്തെ ഭരണകൂട ഭീകരതയെ കുറിച്ചാണ്. ആര്‍ക്കും അറിയാത്ത ചരിത്രം കണ്ടുപിടിച്ച് പഠിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഫ്ളോട്ടിങ് തിയറ്റര്‍ ചെയ്യുത്. ഭരണകൂട ഭീകരതക്കെതിരെ ഇനിയും ചോദ്യം ചോദിക്കുമെന്നും ചിന്നൂസ് ചിലങ്ക പറഞ്ഞു.
Content Highlights:
Minister P C Vishnunath backed the artists of the Misa play staged at the DYFI state conference. He stressed respecting artistic freedom and stated the government supports artists. Actress Chinnoos Chilanka said the play exposes state terrorism, accusing critics of spreading edited clips.



