National
ക്രിമിനല്‍ കേസ്: 22 വര്‍ഷത്തെ പോരാട്ടത്തിനു ശേഷം കുറ്റമവിമുക്തനായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍
2004-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മാര്‍ട്ടിനെ കുറ്റവിമുക്തനാക്കിയത്.
ന്യൂഡല്‍ഹി | ക്രിമിനല്‍ കേസില്‍ നിന്ന് 22 വര്‍ഷത്തിനു ശേഷം മോചിതനായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്‍. മാര്‍ട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി അദ്ദേഹത്തെ മുക്തനാക്കി. കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരികയും റെയില്‍വേയിലെ ജോലി നഷ്ടപ്പെടുന്ന സ്ഥിതി വരെയുണ്ടാവുകയും ചെയ്ത നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ അന്ത്യമായത്.
2004-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി മാര്‍ട്ടിനെ കുറ്റവിമുക്തനാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471, 120ബി വകുപ്പുകളും പാസ്പോര്‍ട്ട് നിയമത്തിലെ 12-ാം വകുപ്പും പ്രകാരമുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്നത്. യു കെ ഇമിഗ്രേഷന്‍ സ്റ്റാമ്പ് വ്യാജമായി ഉണ്ടാക്കിയതും യാത്രാ ക്രമീകരണങ്ങളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതുമായിരുന്നു ആരോപണങ്ങള്‍. കുറ്റകൃത്യങ്ങളുമായി മാര്‍ട്ടിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.
2004-ല്‍ യു കെയിലേക്ക് പോയ ഒരു ക്രിക്കറ്റ് ടീമിലെ അംഗം വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തങ്ങിയതിനെ തുടര്‍ന്നാണ് ഈ കേസ് ആരംഭിച്ചത്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനു മുമ്പ് ആ കളിക്കാരന്‍ വ്യാജ ഇമിഗ്രേഷന്‍ സ്റ്റാമ്പ് നേടിയെന്നും പിന്നീട് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവെക്കപ്പെട്ടെന്നും മാര്‍ട്ടിന്‍ പറയുന്നു. യഥാര്‍ഥ എഫ് ഐ ആറില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും അന്വേഷണത്തിനിടെയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലുള്ള തന്റെ പ്രശസ്തി കേസില്‍ ഉള്‍പ്പെടുന്നതിന് കാരണമായിട്ടുണ്ടാകാമെന്നാണ് മാര്‍ട്ടിന്‍ കരുതുന്നത്.
വിചാരണിടെ, മാര്‍ട്ടിന്റെ സാമ്പത്തിക ഇടപാടുകള്‍, അജ്വ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഉടമസ്ഥാവകാശം, നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. ആരോപണങ്ങള്‍ സ്ഥിരീകരിക്കാന്‍ സാക്ഷികള്‍ക്കും കഴിഞ്ഞില്ല.
നീണ്ട നിയമനടപടികള്‍ തന്നെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയെന്നും റെയില്‍വേയിലെ ജോലി നഷ്ടപ്പെടാന്‍ കാരണമായെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ഈ ദുഷ്‌കരമായ കാലയളവില്‍ ബി സി സി ഐയില്‍ നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലെന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ജീവിതത്തിലെ വലിയ വഴിത്തിരിവാണ് ഇതെന്ന് മാര്‍ട്ടിന്‍ വിശേഷിപ്പിച്ചു.
1999-നും 2001-നും ഇടയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മാര്‍ട്ടിന്‍, 10 ഏകദിന മത്സരങ്ങളില്‍ നിന്ന് 22.57 ശരാശരിയില്‍ 158 റണ്‍സ് നേടിയിട്ടുണ്ട്. ബറോഡ, റെയില്‍വേസ്, അസം തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ച അദ്ദേഹം മികച്ചൊരു ആഭ്യന്തര ക്രിക്കറ്റ് താരം കൂടിയായിരുന്നു.
Content Highlights:
Former Indian cricketer Jacob Martin has been acquitted in a criminal case after a 22-year-long legal battle. The case originated in 2003 regarding alleged human trafficking charges. The court finally cleared him of all charges, bringing an end to the prolonged legal struggle.


