Connect with us

Kerala

ഭാര്യ നല്‍കിയ ക്വട്ടേഷന്‍: തൃശൂരില്‍ ലോഡ്ജില്‍ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു, കൂടെയുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

അഞ്ച് പേര്‍ അറസ്റ്റില്‍. കൃത്യത്തില്‍ പങ്കാളിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ട്

Published

|

Last Updated

തൃശൂര്‍| ഭാര്യ നല്‍കിയ ക്വട്ടേഷനെത്തുടര്‍ന്ന് തൃശ്ശൂരിലെ ലോഡ്ജില്‍ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചുഅവശനാക്കുകയും ഒപ്പമുണ്ടായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ യുവാവും യുവതിയും തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടെ സെപ്റ്റംബര്‍ 22നായിരുന്നു ക്രൂരമായ ആക്രമണമുണ്ടായത്. ഭര്‍ത്താവിനെ ആക്രമിക്കാനായി ഭാര്യ ഏര്‍പ്പാടാക്കിയ ആറംഗ ക്വട്ടേഷന്‍ സംഘമാണ് കൃത്യം നടത്തിയത്.

ഭാര്യ യുവാവിന്റെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ക്വട്ടേഷന്‍ സംഘത്തിന് കൈമാറുകയായിരുന്നു. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ലോഡ്ജ് മുറിയിലേക്കെത്തിയ സംഘം മുറിക്കുള്ളിലുണ്ടായിരുന്ന യുവാവിന്റെയും യുവതിയുടെയും കൈകാലുകള്‍ കൂട്ടിക്കെട്ടുകയും വായില്‍ തുണി തിരുകി ശബ്ദമുയര്‍ത്താനാകാത്ത വിധം നിയന്ത്രിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ബലമായി കാറില്‍ കയറ്റി തമിഴ്‌നാട് ഭാഗത്തേക്ക് തട്ടിക്കൊണ്ടുപോയി. യാത്രയ്ക്കിടയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഘം ഇരു കൈകളും കാലുകളും തല്ലിയൊടിച്ചു. തുടര്‍ന്ന് തിരുപ്പൂരിനടുത്തുള്ള ഒരു ആശുപത്രിക്ക് മുന്നിലെ റോഡില്‍ യുവാവിനെ ഉപേക്ഷിച്ചു. ശേഷം യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് സംഘത്തിലെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിനിരയായ യുവതി തമിഴ്നാട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് സംഭവം നടന്നത് തൃശ്ശൂരിലായതിനാല്‍ അന്വേഷണം തൃശ്ശൂര്‍ സിറ്റി പോലീസിന് കൈമാറുകയുമായിരുന്നു. തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.

പ്രതികളിലൊരാളെ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തുനിന്നാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെ തിരുപ്പൂരില്‍ നിന്നും നാലാമനെ തമിഴ്‌നാട്ടിലെ പളനിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ പങ്കാളിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

Content Highlights:
Five individuals were arrested for attacking a man and gang-raping a woman in Thrissur. The attack was ordered by the victim’s wife who supplied their location to a quotation gang. Thrissur City Police launched a probe and remanded the suspects after Tamil Nadu Police transferred the case.

 

---- facebook comment plugin here -----

Latest