Connect with us

Thrikkakara by-election

തൃക്കാക്കര: മതപരമായ പ്രചാരണം തിരിച്ചടിയാവും

ഇടതുമുന്നണിയുടെ ചെലവില്‍ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന പ്രചാരണം ഇടതുപക്ഷം കടുപ്പിച്ചതോടെയാണ് സഭയെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണം തിരിച്ചടിയാകുമെന്ന് യു ഡി എഫ് ക്യാമ്പ് തിരിച്ചറിഞ്ഞത്.

Published

|

Last Updated

കൊച്ചി | തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി  ലിസി ആശുപത്രിയില്‍ പുരോഹിതന്റെ സാന്നിധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഇടതുപക്ഷം മുതലാക്കിയേക്കുമെന്നു യു ഡി എഫ് ക്യാമ്പില്‍ ആശങ്ക. ലെനിന്‍ സെന്ററില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന ശേഷം ഡോ.ജോ ജോസഫിനെ ഔദ്യോഗികമായി വിവരം അറിയിക്കാന്‍  സി പി എം നേതാക്കള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. അവിടെ മാധ്യമങ്ങള്‍ക്കുമുന്നില്‍ സ്ഥാനാര്‍ഥിയും ആശുപത്രി അധികൃതരും സംസാരിക്കുമ്പോഴാണ് താനും എം സ്വരാജും എത്തിയതെന്നും അപ്പോള്‍ അവര്‍ക്കൊപ്പം ഇരിക്കുകമാത്രമാണു ചെയ്തതെന്നുമാണ്  പി രാജീവ് ഇതു സംബന്ധിച്ചു വിശദീകരിക്കുന്നത്.

എന്നാല്‍ ഈ ചിത്രവും ദൃശ്യവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന പ്രചാരണം യു ഡി എഫ് ക്യാമ്പില്‍ നിന്നു തന്നെ ഉയരുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ മതേതര വിശ്വാസ്യത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്  യു ഡി എഫ് ഈ പ്രചാരണം നടത്തിയതെങ്കിലും അതു തിരിച്ചടിയായെന്ന് അവര്‍ തന്നെ തിരിച്ചറിഞ്ഞു എന്നാണ്  ഇപ്പോള്‍ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ഥിയാണെന്ന് യു ഡി എഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനു പറയേണ്ടി വന്നിരിക്കുന്നു. സഭയുടെ ചിഹ്നമുള്ള, സഭയുടെ സ്ഥാപനത്തില്‍ വച്ച് വാര്‍ത്താ സമ്മേളനം നടത്തിയതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. സഭയുടെ സ്ഥാനാര്‍ഥി എന്ന യു ഡി എഫ് പ്രചാരണം ഡോ. ജോ ജോസഫിനു ഗുണകരമാവും എന്നു കണ്ട സാഹചര്യത്തിലാണ് ഈ ആരോപണം പിന്‍വലിക്കുകയും പി സി ജോര്‍ജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സ്ഥാനാര്‍ഥി ആക്കിയതെന്ന ചോദ്യം സതീശന്‍ ഉന്നയിക്കുകയും ചെയ്യുന്നത്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടെന്ന വി ഡി സതീശന്റെ പ്രസ്താവന പ്രചാരണ രംഗത്തു യു ഡി എഫിന് വലിയ തിരിച്ചടിയാണുണ്ടാക്കിയതെന്നു നേതൃത്വം വിലയിരുത്തുന്നു.  ഈ പ്രചാരണത്തിനെതിരെ സഭാനേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ തന്നെ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭ ഇടപെട്ടുവെന്ന ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനു പരസ്യമായി പറയേണ്ടിവന്നു. കോണ്‍ഗ്രസിന് അങ്ങനെയൊരു ആരോപണമില്ലെന്നും ബി ജെ പിയാണ് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും  ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ കത്തോലിക്കാ സഭയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രചാരണം തിരിച്ചടിയാകുമെന്നു മനസ്സിലാക്കി രമേശ് ചെന്നിത്തലയും രംഗത്തുവന്നു. ഇടത് സ്ഥാനാര്‍ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും നിക്ഷിപ്ത താത്പര്യക്കാരാണ് കത്തോലിക്ക സഭയെ വലിച്ചിഴക്കുന്നതെന്നുമായിരുന്നു  ചെന്നിത്തലയുടെ പ്രതികരണം. ഇടതുമുന്നണിയുടെ ചെലവില്‍ സഭാ നേതൃത്വത്തെ അപഹസിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന പ്രചാരണം ഇടതുപക്ഷം കടുപ്പിച്ചതോടെയാണ് സഭയെ മുന്‍ നിര്‍ത്തിയുള്ള പ്രചാരണം തിരിച്ചടിയാകുമെന്ന് യു ഡി എഫ് ക്യാമ്പ് തിരിച്ചറിഞ്ഞത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest