Connect with us

theft case

കരാറുകാരുടെ ഇരുമ്പുകമ്പി മോഷ്ടിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

പുലര്‍ച്ചെ 1.20ന് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

Published

|

Last Updated

പത്തനംതിട്ട | കൊടുമണ്‍ ചന്ദനപ്പള്ളി പാലം പണി നടക്കുന്ന സ്ഥലത്തുനിന്ന് കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പയ്യനാമണ്‍ കിഴക്കേചരുവില്‍ ബിജു കെ (46), കൊല്ലം പത്തനാപുരം പിറവന്തൂര്‍ പൂവന്‍ മുന്നൂര്‍ ശ്യാംകുമാര്‍ (31), കോന്നി പ്രമാടം വെള്ളപ്പാറ പുത്തന്‍വിളയില്‍ ഗോപേഷ് കുമാര്‍ (41) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 1.20ന് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്.

പോലീസ് ജീപ്പ് കണ്ട ഉടന്‍ ഇവര്‍ വാഹനത്തില്‍ കയറി ചന്ദനപ്പള്ളി കൂടല്‍ റോഡിലൂടെ അതിവേഗം കടന്നു. തുടര്‍ന്ന് നെടുമണ്‍കാവ് റോഡിലൂടെ പാഞ്ഞ പിക്ക് അപ്പ് വാഹനത്തെ എസ് സി പി ഓ സക്കറിയായും ഡ്രൈവര്‍ സി പി ഓ രാജേഷും അടങ്ങിയ കൊടുമണ്‍ പോലീസ് സംഘം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍, മറ്റു രണ്ടു പ്രതികളുമായി ചേര്‍ന്ന് പാലം കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി ഇറക്കിയിട്ട ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നെന്ന് സമ്മതിച്ചു. തുടര്‍ന്ന് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എ ടി എം കാര്‍ഡ്, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയുള്‍പ്പെടെ വാഹനം പിടിച്ചെടുത്തു. ഓടിപ്പോയവര്‍ വാനിന്റെ താക്കോല്‍ കൊണ്ടുപോയതിനാല്‍ കൂടലില്‍ നിന്നും ക്രെയിന്‍ വരുത്തി പിക്ക് അപ്പ് പോലീസ് കൊടുമണ്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. എസ് ഐ അനൂപ് ചന്ദ്രനും സംഘവും മറ്റൊരു പ്രതിയായ ഗോപേഷ് കുമാറിന്റെ പ്രമാടത്തുള്ള വീട്ടിലും പരിസരങ്ങളിലും മറ്റും നടത്തിയ തെരച്ചിലിനെ തുടര്‍ന്ന് ചന്ദനപ്പള്ളി ഭാഗത്തുനിന്നും രണ്ടും മൂന്നും പ്രതികളെ പിടികൂടുകയായിരുന്നു. രണ്ടാം പ്രതി ശ്യാം കുമാറാണ് പിക്ക് അപ്പ് ഓടിച്ചത്. അന്വേഷണ സംഘത്തില്‍ എസ് ഐ അനില്‍ കുമാര്‍, എ എസ് ഐ സന്തോഷ്, എസ് സി പി ഓ സക്കറിയ, സി പി ഓ മാരായ രാജേഷ്, ബിജു, പ്രദീപ്, ശ്രീജിത്ത്, ശരത് എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest