Connect with us

stop drugs

ഭയം വേണം, ലഹരി മഹാമാരിക്ക് വാക്‌സീനില്ല

ഭയാനകമായ വേഗത്തിലും ആഴത്തിലുമാണ് ലഹരി വ്യാപിക്കുന്നത്. പരിഹാര നടപടികളാണെങ്കിൽ തൊലിപ്പുറമേയുള്ള ചികിത്സ മാത്രമായി ചുരുങ്ങിപ്പോകുന്നു. സമൂഹത്തിന്റെ സർവ വിഭാഗങ്ങളും കൈകോർക്കുന്ന മഹാദൗത്യം കൊണ്ടു മാത്രമേ ഈ മഹാമാരിയിൽ നിന്ന് പുറത്തുകടക്കാനാകൂ. ലഹരിയുടെ നിഗൂഢ വഴികൾ അനാവരണം ചെയ്യുന്ന പരമ്പര ഇന്ന് മുതൽ.

Published

|

Last Updated

കാക്കനാട്ടെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ പോലീസുകാർ ആദ്യം ഒന്നമ്പരന്നു. വീടിന്റെ അടുക്കളയിൽ നിന്ന് കണ്ടെടുത്ത കഞ്ചാവ് ചെടി കണ്ടല്ല, അത് നട്ടു പരിപാലിച്ച രീതിയാണ് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചത്. ചെറിയ മുറിയും അടുക്കളയും ഹാളുമടങ്ങിയ ഫ്ലാറ്റിലെ ഒരു മൂലയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി തഴച്ചുവളരുന്നു. ചെടിക്ക് വെളിച്ചം കിട്ടാൻ ചുറ്റിലും എൽ ഇ ഡി ബൾബുകൾ. മുഴുവൻ സമയവും ഈർപ്പം നിലനിർത്താൻ പ്രത്യേകം തയ്യാറാക്കിയ എക്‌സോസ്റ്റ് ഫാനുകൾ. അങ്ങനെ രാജകീയ പരിചരണത്തിലായിരുന്നു കഞ്ചാവ് ചെടിയുടെ വളർച്ച. നാല് മാസം മുമ്പ് നട്ട ചെടിക്ക് ഇന്നിപ്പോൾ ഒന്നര മീറ്റർ ഉയരം. ഏത് കാലാവസ്ഥയിൽ, എങ്ങനെ കഞ്ചാവ് വളർത്താമെന്ന് ഇന്റർനെറ്റിലൂടെ പഠിച്ചറിഞ്ഞാണത്രെ ഇവരുടെ പരിപാലനം.

മയക്കുമരുന്നിന്റെ ഉപയോഗമുണ്ടെന്ന വിവരത്തിലാണ് ഫ്ലാറ്റിൽ പോലീസെത്തിയത്. പിന്നീട് കഞ്ചാവുമായി വീട്ടുകാരായ ഐ ടി കമ്പനി ജീവനക്കാരനെയും യുവതിയെയും കൈയോടെ പൊക്കുകയും ചെയ്തു. കേസിന് സാക്ഷിയാകാനായി ഫ്ലാറ്റിൽ നിന്ന് വിളിച്ചുവരുത്തിയ ആളിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തുവെന്നത് പോലീസിനെ വീണ്ടുമമ്പരപ്പിച്ചു. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിൽ നിന്നും ഇത്തരത്തിൽ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടികൂടുന്നത് പതിവ് വാർത്തയായിട്ട് കാലമേറെയായി. ജനത്തിരക്കേറെയുള്ള കൊച്ചിയിലെ മെട്രോ പാലത്തിന് കീഴിൽ പോലും ലഹരി മാഫിയ കഞ്ചാവ് കൃഷി നടത്തിയെന്നറിയുമ്പോഴാണ് ആശങ്കയുടെ വ്യാപ്തിയേറുക. നമുക്കൊപ്പം അല്ലെങ്കിൽ ഒരു കൈയകലത്തിൽ, ലഹരിപ്പൊതികളുമായി ആരൊക്കെയോ നടന്നുനീങ്ങുന്നുവെന്ന് എപ്പോഴെങ്കിലും തിരിച്ചറിയുമ്പോഴാണ് ലഹരി പൂത്ത ഈ കാലത്തെ അതിദുരന്തത്തിന്റെ ആഴത്തെക്കുറിച്ച് നാം വേവലാതിപ്പെട്ടു തുടങ്ങുക.

മയക്കുമരുന്ന് തഴച്ചുവളരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പമോ അതിനപ്പുറമോ കേരളം അതിവേഗം വളരുന്നുവെന്നാണ് നിരീക്ഷണം. ബാല്യ കൗമാരങ്ങൾക്ക് കെണിയൊരുക്കി നാടിന്റെ ഭാവി അപകടത്തിലാക്കിയ ലഹരി മാഫിയ എങ്ങനെയാണ് കേരളത്തിൽ വേരുപിടിച്ചത്? ആരാണ് നട്ടുപിടിപ്പിച്ചത്? നല്ല സംസ്‌കാരവും പാരമ്പര്യവും അവകാശപ്പെട്ടിരുന്ന കേരളം ലഹരിയുടെ നിലയില്ലാക്കയത്തിലേക്ക് ചുഴറ്റിയെറിയപ്പെട്ടത് എങ്ങനെയാണ്? ഉത്തരം കണ്ടെത്താൻ അധികമൊന്നും തലപുകക്കേണ്ടതില്ല. കുടുംബ ഭദ്രതയിലുള്ള തകർച്ച, പൈതൃകമായി കാത്തുവെച്ച മൂല്യങ്ങളുടെ ശോഷണം. ഇങ്ങനെ നിരവധി കാര്യങ്ങൾ ഇതൊടൊപ്പം ചേർത്തുവായിച്ചാൽ നാടിനെ ലഹരി വരിഞ്ഞുമുറുക്കിയതിനുള്ള കാരണങ്ങൾ എളുപ്പം കണ്ടെടുക്കാനാകും.

ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും വേരൂന്നിയ ലഹരി മാഫിയയുടെ പ്രധാന ഇടത്താവളമാണിപ്പോൾ കേരളമെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകില്ല. വർഷങ്ങൾക്ക് മുമ്പുള്ള എക്‌സൈസ് ഇന്റലിജൻസിന്റെ ഈ നിരീക്ഷണം ശരിയെന്നതാണ് ഓരോ ദിവസവും ഇവിടെ നടക്കുന്ന ലഹരി വേട്ടയിൽ തെളിഞ്ഞുവരുന്നത്. കൗമാരക്കാരുൾപ്പെടെയുള്ളവരുടെ ദൗർബല്യങ്ങളെ മുതലെടുത്ത് അവരെ തങ്ങളുടെ വരുതിയിലാക്കുകയെന്ന തന്ത്രമാണ് അന്നും ഇന്നും ലഹരി മാഫിയ പയറ്റുന്നത്. സുഖസൗകര്യങ്ങൾ സ്വന്തമാക്കുകയെന്ന ചിന്തയിൽ കൗമാരക്കാർ ഇവരുടെ വലയിൽ കുരുങ്ങുന്നു. അശ്ലീല വീഡിയോകൾ കാട്ടിയും യഥേഷ്ടം ആൺ, പെൺ സുഹൃത്തുക്കളെ ലഭ്യമാക്കിയും ഇഷ്ടാനുസരണം ലഹരി നൽകിയും കൗമാരക്കാരുടെ സാമാന്യബോധത്തെയും മൂല്യസങ്കൽപ്പങ്ങളെയും ഇവർ നിശ്ശേഷം തച്ചുടക്കുന്നു.

അപകടം കൈയെത്തും ദൂരെ (നാളെ)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest