Connect with us

Kerala

പ്രതിഷേധക്കാര്‍ക്കുനേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല; മുഖ്യമന്ത്രി

ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

കൊല്ലം| ഗവര്‍ണരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടേത് ജല്‍പനങ്ങളാണെന്നും ഇങ്ങനെ ഒരാളെ ആര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊല്ലം കൊട്ടാരക്കരയില്‍ നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. എന്തെല്ലാം കഠിന പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. എന്തും വിളിച്ചു പറയുന്ന മാനസിക അവസ്ഥയിലേക്ക് അദ്ദേഹം എത്തി. ബ്ലഡി കണ്ണൂര്‍ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണ് ഗവര്‍ണര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനപരമായ അവസ്ഥ സൃഷ്ടിക്കുകയാണ്. എസ്എഫ്‌ഐ ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നതിന് എന്ത് തെളിവാണുളളത്. നാട് കുഴപ്പത്തിലാണെന്ന പ്രതീതി ഉണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍ തല്ലിയ സംഭവത്തില്‍ ഒടുവില്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായി. തന്റെ ഗണ്‍മാന്‍ പ്രതിഷേധക്കാരെ തല്ലുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.