Thalasseri mahi bypass
തലശ്ശേരി, മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിക്കും
രാവിലെ എട്ട് മണി മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും
കണ്ണൂര്‍ | തലശ്ശേരി, മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വഹിക്കും. ട്രയല്‍ റണ്ണിനായി കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ബൈപ്പാസ് തുറന്നുകൊടുത്തിരുന്നു. തലശ്ശേരി ചോനാടത്ത് മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
രാവിലെ എട്ട് മണി മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും. 45 മീറ്റര്‍ വീതിയില്‍ 18.6 കിലോ മീറ്റര്‍ നീളത്തില്‍ ബൈപ്പാസ് പൂര്‍ത്തിയാവുന്നത്. 1977ല്‍ സ്ഥലമേറ്റെടുപ്പ് തുടങ്ങിയ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ലാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് വരെയാണ് ബൈപ്പാസ്.
അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് തലശേരി -മാഹി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. 18 കിലോമീറ്റര്‍ പാത യാഥാര്‍ഥ്യമാകുന്നതോടെ വടകരയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രാ സമയം കുത്തനെ കുറയ്ക്കും. മാഹി, തലശേരി പട്ടണങ്ങളില്‍ പ്രവേശിക്കാതെ മുഴപ്പിലങ്ങാട് ഭാഗത്തുനിന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 20 മിനിറ്റ് കൊണ്ട് വാഹനങ്ങള്‍ക്ക് എത്തിച്ചേരാം. തലശേരി, മാഹി പട്ടണങ്ങളിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെടാതെ ഈ ആറുവരി പാതയിലൂടെ സഞ്ചരിക്കാം. ഭൂമി ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് ചെലവ്
ഈ ബൈപ്പാസിലൂടെയുളള യാത്രയ്ക്ക് ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു. കാര്‍, ജീപ്പ് ഉള്‍പ്പെടെ ചെറിയ സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണ് നിരക്ക്. രാവിലെ എട്ട് മണി മുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും. ബസുകള്‍ക്ക് 225 രൂപയാകും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള സ്ഥാപനത്തിനാണ് ടോള്‍ പിരിക്കാന്‍ കരാര്‍. കൊളശ്ശേരിക്കടുത്താണ് ടോള്‍ പ്ലാസ. ടോള്‍ പ്ലാസ കണ്ണൂര്‍ ജില്ലയിലായത് കൊണ്ട് ഇവിടെ രജിസ്റ്റര്‍ ചെയ്ത ടാക്‌സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും 105 രൂപ നിരക്കുണ്ട്. ബസിനും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയാണ്. ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയാകും. പ്രതിമാസം 7430 രൂപക്ക് പാസും കിട്ടും.
ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുളളവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം 330 രൂപ നിരക്കിലാണ് പാസ്. ദേശീയപാതയില്‍ നിലവില്‍ കല്യാശ്ശേരിയില്‍ ടോള്‍ പ്ലാസ പണിയുന്നുണ്ട്. 60 കിലോമീറ്ററില്‍ ഒരു ടോള്‍ പിരിവ് എന്നതാണ് നയം. അങ്ങനെയെങ്കില്‍ ദേശീയപാതാ നവീകരണം പൂര്‍ത്തിയായാല്‍ മാഹി ബൈപ്പാസിലെ ടോള്‍ പിരിവ് ഒഴിവാക്കും.

