Connect with us

Kerala

അഭിഭാഷകനെ പോലീസ് സ്‌റ്റേഷനില്‍ അധിക്ഷേപിച്ച സംഭവം; പോലീസ് മേധാവി ഹാജരാകണമെന്ന് ഹൈക്കോടതി

പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍ പോലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

Published

|

Last Updated

കൊച്ചി  | പാലക്കാട് ആലത്തൂരില്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനെ എസ് ഐ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് മേധാവിയോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. പത്ത് ദിവസത്തിന് ശേഷം കേസ് പരിഗണിക്കുമ്പോള്‍ പോലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ആലത്തൂരില്‍ പോലീസ് സ്റ്റേഷനില്‍ എസ് ഐയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട അഭിഭാഷകനെതിരെ കേസെടുത്തത് വിവാദമായിരുന്നു. അഭിഭാഷകനായ അക്വിബ് സുഹൈലിനെതിരെയാണ് പോലീസ് കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയതായിരുന്നു അക്വിബ് സുഹൈല്‍. സ്റ്റേഷനിലെത്തിയ അഭിഭാഷകന്‍ ആലത്തൂര്‍ എസ് ഐ റിനീഷുമായി രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോടതി ഉത്തരവ് പരിശോധിക്കണമെന്നും ഡ്രൈവറെ ഹാജരാക്കാതെ വാഹനം വിട്ടുനല്‍കാനാവില്ല എന്നുമാണ് പോലീസ് വാദം .തര്‍ക്കത്തിനിടെ നീ പോടായെന്ന് എസ് ഐ പലവട്ടം പറഞ്ഞതായി അഭിഭാഷകന്‍ ആരോപിച്ചു. മര്യാദയ്ക്ക് സംസാരിക്കണമെന്നും അഭിഭാഷകന്‍ താക്കീത് ചെയ്തു. വാഹനം വിട്ടുതരില്ലെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞതോടെ ചിറ്റൂര്‍ കോടതിയില്‍ അഭിഭാഷകന്‍ പുന:പരിശോധന ഹരജി നല്‍കി.

 

Latest