Connect with us

editorial

പ്രഹസനമാകരുത് തിരഞ്ഞെടുപ്പ്

1.20 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന, ജനാധിപത്യത്തിന് ശക്തിപകരുന്ന പ്രക്രിയ ആകണമെങ്കില്‍ നിഷ്പക്ഷ രീതിയിലും ചട്ടങ്ങള്‍ പാലിച്ചും നടത്തപ്പെടണം.

Published

|

Last Updated

അവസാനത്തോടടുക്കുകയാണ് പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഏഴ് ഘട്ട വോട്ടെടുപ്പില്‍ അഞ്ച് ഘട്ടം ഇതിനകം പൂര്‍ത്തിയായി. കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നുണ്ടെങ്കിലും പെരുമാറ്റച്ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയ, സ്വതന്ത്ര സ്വഭാവം പാടെ നഷ്ടമായ തിരഞ്ഞെടുപ്പായി ചരിത്രം ഈ തിരഞ്ഞെടുപ്പിനെ രേഖപ്പെടുത്താതിരിക്കില്ല. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുള്ള വിദ്വേഷ പ്രസ്താവനകളും കള്ളപ്പണത്തിന്റെ കുത്തൊഴുക്കും കള്ളവോട്ടുമാണ് തിരഞ്ഞെടുപ്പിലുടനീളം കാണാനായത്.

നിഷ്പക്ഷവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂട തലവന്‍ തന്നെയാണ് വിദ്വേഷ പരാമര്‍ശങ്ങളില്‍ മുന്‍പന്തിയിലെന്നതാണ് ജനാധിപത്യ വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ ഇന്ന് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലൊന്നില്‍ പോലും കടുത്ത മുസ്‌ലിം വിദ്വേഷവും പച്ചയായ ഹിന്ദുത്വ വര്‍ഗീയതയും പ്രകടിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. രാജസ്ഥാനിലെ ബന്‍സ്‌വാര, ബിഹാറിലെ ഹാജിപൂര്‍, പശ്ചിമബംഗാളിലെ ഹൗറ, ബഹഖ്പൂര്‍, മഹാരാഷ്ട്രയിലെ നന്ദര്‍ബര്‍, ഉത്തര്‍ പ്രദേശിലെ ബാരാബങ്ക് തുടങ്ങിയ വേദികളില്‍ ആവര്‍ത്തിച്ച വിദ്വേഷ പരാമര്‍ശങ്ങളും മുസ്‌ലിം വിരുദ്ധതയും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി.

തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും ഇക്കാര്യത്തില്‍ നോക്കുകുത്തിയാണ്. പരാതികള്‍ പ്രവഹിച്ചിട്ടും നടപടിയെടുക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വ്യവസ്ഥകളനുസരിച്ച് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയും സ്പര്‍ധയും സൃഷ്ടിക്കുന്ന പരാമര്‍ശങ്ങളും, ഏതെങ്കിലും മതവിഭാഗത്തെയോ മതവിശ്വാസത്തെയോ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന പ്രസ്താവനകളും കുറ്റകരമാണ്. ഈ വിധത്തില്‍ ചട്ടലംഘനം നടത്തിയാല്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷനും നിയമപാലന വിഭാഗത്തിനും ബാധ്യതയുണ്ട.് മോദിക്കും ഭരണപക്ഷ നേതാക്കള്‍ക്കുമെതിരെ നടപടിക്ക് വിമുഖത കാണിക്കുന്ന തിര. കമ്മീഷന്‍ പക്ഷേ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷത്തെ പലര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.

“ബി ജെ പിക്കെതിരായ പരാതികള്‍ യഥാസമയം പരിഹരിക്കുന്നതില്‍ തിര. കമ്മീഷന്‍ അന്പേ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയിട്ടും ഈ വിഷയകമായി കമ്മീഷന്‍ കാണിക്കുന്ന നിസ്സംഗത കോടതിയെ അത്ഭുതപ്പെടുത്തുന്നു’വെന്നാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി കുറ്റപ്പെടുത്തിയത്. ബംഗാള്‍ ബി ജെ പി ഘടകത്തിന്റെ വര്‍ഗീയ വിദ്വേഷം സ്ഫുരിക്കുന്ന പ്രചാരണത്തിനെതിരായ ഹരജിയിലെ ഈ കോടതി പരാമര്‍ശം കേന്ദ്ര തിര. കമ്മീഷനടക്കം ബാധകമാണ്. തിര. കമ്മീഷന്‍ നിര്‍ജീവമാകുമ്പോള്‍ പരിഹാരം കാണേണ്ട ജുഡീഷ്യറിയും നിഷ്പ്രഭം. വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ തിര. കമ്മീഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐ എ എസ് ഓഫീസര്‍ ഇ എ എസ് ശര്‍മ സമര്‍പ്പിച്ച ഹരജികള്‍ തള്ളുകയായിരുന്നു സുപ്രീം കോടതി.

പണമൊഴുക്ക് പൂര്‍വോപരി ശക്തമാണ് ഈ തിരഞ്ഞെടുപ്പില്‍. തിര. കമ്മീഷന്റെ വെളിപ്പെടുത്തലനുസരിച്ച് മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 17 വരെ 8,889 കോടിയുടെ പണവും സാധനങ്ങളുമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്ക് സംഖ്യ ഇനിയും ഉയരും. 3,475 കോടിയുടെ പണവും സാധനങ്ങളുമായിരുന്നു 2019ലെ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് തിര. കമ്മീഷന്റെ കണക്കിലൂടെ പുറത്തുവന്നത്. ഇതിന്റെ പലമടങ്ങ് വരും വോട്ടര്‍മാരെ സ്വാധീനിക്കാനായി തിരഞ്ഞെടുപ്പ് മേഖലയിലേക്ക് ഒഴുകുന്ന പണത്തിന്റെ യഥാര്‍ഥ കണക്ക്. മയക്കുമരുന്നാണ് ഇത്തവണ പിടിച്ചെടുത്തതില്‍ ഏറ്റവും കൂടുതലെന്നതാണ് ആശങ്കാജനകം. 3,958.85 കോടിയുടെ മയക്കുമരുന്നാണ് കണ്ടെടുത്തത്. മൊത്തം കണ്ടുകെട്ടിയതിന്റെ 45 ശതമാനം വരുമിത്. ബി ജെ പി ഭരണത്തിലുള്ള ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്.

കള്ളവോട്ടും വ്യാപകം. നാലാം ഘട്ട വോട്ടെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബൂത്തില്‍ എട്ട് തവണയാണ് ഒരു യുവാവ് ബി ജെ പിക്ക് വേണ്ടി വോട്ട് ചെയ്തത്. ഇ വി എമ്മില്‍ മൂന്നാമതുള്ള ബി ജെ പി സ്ഥാനാര്‍ഥി മുകേഷ് രജ്പുതിന് യുവാവ് തുടര്‍ച്ചയായി വോട്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മറ്റൊരു ബൂത്തില്‍ മുഴുവന്‍ വോട്ടും ബി ജെ പി പ്രവര്‍ത്തകര്‍ ചെയ്തതായി ബി എസ് പി പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പി ആധിപത്യമുള്ള പല പ്രദേശങ്ങളിലും മുസ്‌ലിം വോട്ടര്‍മാര്‍ക്ക് സമ്മതിദാനത്തിനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ സംഭാലി മണ്ഡലത്തിലെ മന്‍സൂര്‍പൂര്‍, ശഹ്ബാസ്പൂര്‍, മുബാറക്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകളെ പോലീസ് തല്ലിയോടിക്കുകയും ഐ ഡി കാര്‍ഡുകള്‍ തട്ടിപ്പറിക്കുകയും ചെയ്തത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുണ്ട്. ബി ജെ പി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ ശരിവെക്കുന്നതാണ് ഈ റിപോര്‍ട്ട്.

1.20 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന, ജനാധിപത്യത്തിന് ശക്തിപകരുന്ന പ്രക്രിയ ആകണമെങ്കില്‍ നിഷ്പക്ഷ രീതിയിലും ചട്ടങ്ങള്‍ പാലിച്ചും നടത്തപ്പെടണം. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി, സ്വാധീനങ്ങളില്‍ അകപ്പെടാതെ സമ്മതിദാനാവകാശം നിര്‍വഹിക്കാനുള്ള സാഹചര്യവും ഉണ്ടാകണം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പൊരു പ്രഹസനമായിത്തീരും.

Latest