Connect with us

iuml

കേരളത്തിലെ ലീഗ് ഐ യു എം എല്‍ ആയത് ചോദ്യ ചെയ്ത ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കും

ഖാഇദ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ചെറുമകന്‍ എം ജി ദാവൂദ് മിയാഖാനാണ് ഹരജി സമര്‍പ്പിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ മുസ്്‌ലിം ലീഗിനെ ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗില്‍ ലയിപ്പിച്ച നടപടി റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കും.

മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ (എം എല്‍ കെ എസ് സി) ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ (ഐ യു എം എല്‍) ലയിപ്പിച്ചതിനെതിരായി ഐ യു എം എല്‍ സ്ഥാപകന്‍ ഖാഇദ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ചെറുമകനും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം ജി ദാവൂദ് മിയാഖാനാണ് ഹരജി സമര്‍പ്പിച്ചത്. നടപടിക്ക് നല്‍കിയ അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത ബുധനാഴ്ച നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചത്. ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ലീഗിന്റെയും പ്രതികരണമാണ് തേടുക.

2011 നവംബറിലാണ് ലീഗ് സംസ്ഥാന കമ്മിറ്റി ഐ യു എം എലില്‍ ലയിച്ചത്. ലയനത്തിലൂടെ ഐ യു എം എല്ലിന്റെ ദേശീയ നിലവാരം ഒരു സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടിയുടേതായി കുറഞ്ഞെന്നും അതിനാല്‍ ലയനം നിയമവിരുദ്ധമാണെന്നാണ് മിയാഖാന്റെ വാദം.

ഹരജിക്കാരന്റെ എതിര്‍പ്പുകള്‍ ലയനത്തിന് മുമ്പ് 2011 ല്‍ തീര്‍പ്പാക്കിയതായി കോടതിയെ അറിയിച്ചു. ഹരജിക്കാരനെ ഐ യു എം എല്ലില്‍ നിന്ന് പുറത്താക്കുകയും അംഗമായി തുടരുന്നതില്‍ നിന്ന് സിവില്‍ കോടതി വിലക്കുകയും ചെയ്തു. ലയന ഉത്തരവ് 2012ല്‍ പാസാക്കിയെന്നും ഹര്‍ജിക്കാരന്‍ വൈകിയാണ് കോടതിയെ സമീപിച്ചതെന്നും വ്യക്തമാക്കി.

കേസ് ആഗസ്റ്റ് ആറിന് വീണ്ടും പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ പ്രമോദ് കുമാര്‍ ദുബെ, അഭിഭാഷകരായ ജി പ്രിയദര്‍ശിനി, രാഹുല്‍ ശ്യാം ഭണ്ഡാരി എന്നിവര്‍ മിയാഖാനുവേണ്ടി ഹാജരായി. അഭിഭാഷകന്‍ സിദ്ധാന്ത് കുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിച്ചത്.

 

Latest