Connect with us

de monetization

ന്യായാസനത്തിന് എഴുതിത്തള്ളാം; പക്ഷേ ഇത്ര എളുപ്പത്തിലോ?

സൂക്ഷ്മവും നിക്ഷിപ്തവുമായ താത്പര്യങ്ങളുള്ള ഭരണകൂടത്തിന് കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെടുക്കാം. എന്നാല്‍ ആ താത്പര്യങ്ങളൊന്നുമില്ലാത്ത നീതിനിര്‍വഹണ സംവിധാനം ഫലം പരിഗണിക്കാതെ ആ തീരുമാനത്തിന് തുല്യം ചാര്‍ത്തിക്കൊടുക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.

Published

|

Last Updated

രാജ്യത്തെ ജനങ്ങളെയാകെ സാമ്പത്തിക കുറ്റവാളികളായി കണക്കാക്കി, 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ ശരിവെച്ച് സുപ്രീം കോടതിയില്‍ നിന്ന് ഭൂരിപക്ഷ വിധിയുണ്ടായിരിക്കുന്നു. ജസ്റ്റിസുമാരായ എസ് അബ്ദുന്നസീര്‍, ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ചത്. ഒറ്റക്കുള്ള ശബ്ദമായെങ്കിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിധി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാകെ പിന്‍വലിച്ച്, ജനത്തെയാകെ വലച്ച സര്‍ക്കാറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനം തന്നെ ജസ്റ്റിസ് ബി വി നാഗരത്‌ന ചോദ്യം ചെയ്യുന്നു.

“കര്‍മണ്യേവാധികാരസ്‌തേ മാ ഫലേഷു കഥാചന’ എന്ന ഭാഗവത ശ്ലോകം കോടതി പ്രമാണ വാക്യമാക്കിയോ എന്ന സംശയം ഭൂരിപക്ഷ വിധി ബാക്കിവെക്കുന്നു. ഫലം കിട്ടണമെന്ന ആശയോടെ കര്‍മം ചെയ്യുന്നവനായി നീ ഭവിക്കരുത് എന്നാണ് ശ്ലോകത്തിന്റെ പൊരുള്‍. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക, ഭീകരവാദ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് തടയുക എന്നിവയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാകെ പിന്‍വലിക്കുന്നതിന്റെ ലക്ഷ്യങ്ങളായി പ്രധാനമന്ത്രി 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് പ്രഖ്യാപിച്ചത്. നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ലക്ഷ്യങ്ങളായി ഇവയെ നിശ്ചയിച്ചത് യുക്തിസഹമാണെന്ന് വിലയിരുത്തുന്ന കോടതി, ആ ലക്ഷ്യങ്ങള്‍ നേടിയോ ഇല്ലയോ എന്നത് പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നു. ഫലം കിട്ടണമെന്ന ആശയോടെ കര്‍മം ചെയ്യുന്നവനായല്ല നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭവിച്ചത് എന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയോടെ വ്യക്തമാകുകയാണ്. വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ അധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം നിലവില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ആവേശം പകരുന്നതാണ് ഭൂരിപക്ഷ വിധിയെന്ന് നിസ്സംശയം പറയാം. വേദ പുരാണങ്ങളില്‍ അധിഷ്ഠിതമായി വേണം ഇനിയങ്ങോട്ടുള്ള നീതിനിര്‍വഹണം എന്ന മനസ്സ് ന്യായാധിപര്‍ക്കുണ്ടോ എന്നതില്‍ വ്യക്തത പോരാ. ചില വിധിന്യായങ്ങള്‍ ആ മനസ്സ് പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കം വേണ്ട. അതേസമയം പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവകാശങ്ങളുടെ വിപുലമാകുന്ന അതിരുകള്‍ ഭരണകൂടങ്ങള്‍ അംഗീകരിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ഇതേ ന്യായാസനം വ്യാകുലപ്പെടുന്നുമുണ്ട്.

ഫലമിച്ഛിക്കാതെ കര്‍മം ചെയ്യുക എന്ന ഭാഗവത ശ്ലോകം അടിസ്ഥാനമാകുകയാണെങ്കില്‍പ്പോലും 2016 നവംബര്‍ എട്ടിലെ വിജ്ഞാപനം എങ്ങനെ നിലനില്‍ക്കുമെന്നതില്‍ ഭൂരിപക്ഷ വിധിക്ക് ശേഷവും സംശയങ്ങളുണ്ട്. ആ സംശയങ്ങള്‍ക്ക് ആധാരമായ കാരണങ്ങള്‍ കോടതിയുടെ പരിഗണനക്ക് വിഷയമാകുമോ എന്നതിലും സംശയം. കള്ളപ്പണത്തിന്റെ കാര്യമെടുക്കാം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അട്ടിയാക്കിയല്ല കള്ളപ്പണം സൂക്ഷിക്കുന്നത് എന്നും ഭൂമിയിലും സ്വര്‍ണത്തിലും നിക്ഷേപിച്ചാണെന്നും റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, കേന്ദ്രാധികാരത്തെ അറിയിച്ചിരുന്നു. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, ഗണിച്ചും ഹരിച്ചും കണ്ടെത്തിയില്ലെങ്കിലും കള്ളപ്പണത്തിന്റെ സൂക്ഷിപ്പ് ഭൂമിയിലെയും സ്വര്‍ണത്തിലെയും മറ്റും നിക്ഷേപമായിട്ടാണെന്നത് രാജ്യത്തെ പണപ്പയറ്റുകളെക്കുറിച്ച് കേവല ധാരണകളുള്ള ഏത് മനുഷ്യനും അറിയാവുന്നതാണ്. അതങ്ങനെയായിരിക്കെ കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ട് പിന്‍വലിക്കുന്നതുകൊണ്ട് ഫലമുണ്ടാകില്ല എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. സൂക്ഷ്മവും നിക്ഷിപ്തവുമായ താത്പര്യങ്ങളുള്ള ഭരണകൂടത്തിന് കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനമെടുക്കാം. എന്നാല്‍ ആ താത്പര്യങ്ങളൊന്നുമില്ലാത്ത നീതിനിര്‍വഹണ സംവിധാനം ഫലം പരിഗണിക്കാതെ ആ തീരുമാനത്തിന് തുല്യം ചാര്‍ത്തിക്കൊടുക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല.

ലക്ഷ്യം രണ്ട് – കള്ളനോട്ട് ഇല്ലാതാക്കല്‍. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ ആ രണ്ടിനത്തിലെയും കള്ളനോട്ടുകള്‍ ഇല്ലാതാകുക സ്വാഭാവികം. പക്ഷേ, നിലനില്‍ക്കുന്ന നൂറിന്റെയും അമ്പതിന്റെയും നോട്ടുകളുടെ വ്യാജന്‍ ഇല്ലാതാകില്ലല്ലോ. പകരം ഇറക്കിയ രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ എത്രവേഗത്തിലാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ടാമത്തെ ലക്ഷ്യവും അന്തസ്സാരശൂന്യമായിരുന്നുവെന്ന് മനസ്സിലാകും. 15.41 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് പിന്‍വലിച്ചത്. അതുമായി താരതമ്യപ്പെടുത്തിയാല്‍ കള്ളനോട്ടിന്റെ മൂല്യം തുലോം തുച്ഛമാണെന്ന് ഈ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ആര്‍ ബി ഐ, സര്‍ക്കാറിനെ അറിയിച്ചിരുന്നു. 15.41 ലക്ഷം കോടി മൂല്യമുള്ള അസ്സലിന് 400 കോടി മൂല്യം വരുന്ന വ്യാജനാണ് നിലവിലുണ്ടായിരുന്നത് എന്നാണ് ആര്‍ ബി ഐയുടെ കണക്ക്. ഈ 400 കോടി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണെന്ന് ആര്‍ ബി ഐ അറിയിച്ചിരുന്നു.

ഭീകരവാദ ശൃംഖലകള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലാതാക്കലെന്ന മൂന്നാം ലക്ഷ്യത്തിന്റെ കാര്യത്തിലും സമാനമായ അറിയിപ്പ് നേരത്തേയുണ്ടായിരുന്നു. അത്തരം ശൃംഖലകള്‍ക്കുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ പരിഗണിച്ചാല്‍ അവരുടെ സാമ്പത്തിക സ്രോതസ്സ് കേവലം ഇന്ത്യന്‍ രൂപയല്ലെന്നും അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് സഹായകമാകുന്ന കറന്‍സിയാണെന്നുമൊക്കെ. ആര്‍ ബി ഐ, അതങ്ങനെ പരസ്യമായി പറഞ്ഞില്ലെങ്കിലും അത്തരം ശൃംഖലകളെക്കുറിച്ച് കേവല ജ്ഞാനമുള്ള ഏതാണ്ടെല്ലാവര്‍ക്കും അറിയാവുന്ന സംഗതി സൂചിപ്പിച്ചിരുന്നു ആര്‍ ബി ഐ.
ലക്ഷ്യങ്ങളെന്ന് പുറമേക്ക് പറഞ്ഞവ, ലക്ഷ്യങ്ങളായി നിശ്ചയിക്കുന്നതിന് മുമ്പേ തന്നെ അവയെ ലക്ഷ്യങ്ങളായി നിശ്ചയിക്കുന്നതില്‍ കാമ്പില്ലെന്ന് അറിഞ്ഞിരുന്നുവെന്ന് വ്യക്തം. അതങ്ങനെ അറിയിച്ചിരുന്നോ ഇല്ലയോ എന്നതടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ പൂര്‍ണമായി ഹാജരാക്കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍, അവരുടെ വാദങ്ങള്‍ക്ക് ബലമേകും വിധത്തിലുള്ളവ മാത്രം ഹാജരാക്കുകയായിരുന്നു. ന്യായാന്യായം നിശ്ചയിക്കുന്നതിന് മുമ്പ് വ്യവഹാര വിധേയമായ സംഗതിയെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സ്വായത്തമാക്കാന്‍ പോലും പരമോന്നത കോടതിക്ക് സാധിച്ചില്ലായെങ്കില്‍, പരമാധികാരിയുടെ മുന്നില്‍ പഞ്ചപുച്ഛമടക്കുന്ന സംവിധാനമായേ പരമോന്നത കോടതിയെ കാണാനാകൂ. അവ്വിധം താണുനിന്ന് അധികാരം ചെയ്തതൊക്കെ ശരിയെന്ന് വിധിക്കുകയും പിന്‍വലിച്ച നോട്ടുകള്‍ മാറിയെടുക്കാന്‍ 52 നാള്‍ അനുവദിച്ച മഹാമനസ്‌കതയെ പ്രകീര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നോട്ടുമാറിയെടുത്ത്, സാമ്പത്തിക കുറ്റവാളിയല്ലെന്ന് സ്വയം തെളിയിക്കാനും ജീവിത പ്രതിസന്ധികള്‍ മറികടക്കാനും ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഇല്ലാതായവരുടെ കാര്യത്തില്‍ എന്ത് ന്യായം പറയനാകും പരമോന്നത ന്യായാസനത്തിന്. തകര്‍ന്നുപോയ ചെറുകിട – ഇടത്തരം വാണിജ്യ – വ്യവസായ സ്ഥാപനങ്ങള്‍ ആറ് വര്‍ഷത്തിനിപ്പുറവും കിതയ്ക്കുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന് എന്ത് പരിഹാരമാണ് നല്‍കാനാകുക. എല്ലാം രാജ്യത്തിന് വേണ്ടിയെന്ന കണക്കില്‍, പൊലിഞ്ഞ ജീവനുകളെയും തകര്‍ന്ന സമ്പദ് വ്യവസ്ഥയെയും എഴുതിത്തള്ളാന്‍ ഭരണകൂടത്തിന് സാധിക്കും. രാജ്യമെന്നത് അതിലുള്‍ക്കൊള്ളുന്ന ജനങ്ങളും അവര്‍ക്ക് ജീവിക്കാന്‍ ഭരണഘടന നല്‍കിയ അവകാശങ്ങളും ഉള്‍ച്ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന പരമോന്നത ന്യായാസത്തിന് എഴുതിത്തള്ളല്‍ ഇത്രത്തോളം എളുപ്പമാകാമോ.

അങ്ങനെ എളുപ്പത്തില്‍ എഴുതിത്തള്ളാവതല്ല എന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിധി വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ തന്നെ പരിച്ഛേദമാണ് പാര്‍ലിമെന്റ് എന്നും ഭരണകൂടത്തിന് പാര്‍ലിമെന്റിനോടും പാര്‍ലിമെന്റിന് ജനങ്ങളോടും ഉത്തരവാദിത്വമുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ജനാധിപത്യത്തിന്റെ കേന്ദ്ര ബിന്ദുവായ പാര്‍ലിമെന്റിനെ ഇരുട്ടില്‍ നിര്‍ത്തി എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കേണ്ട ബാധ്യത നീതിപീഠത്തിനില്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുമ്പോള്‍ ഏകാധിപത്യ സ്വഭാവം നിലനിര്‍ത്തുന്ന ഭരണകൂടത്തോട് രാഷ്ട്രീയമായി കലഹിക്കുക കൂടിയാണ് ന്യായാധിപ. ആ രാഷ്ട്രീയം ഇല്ലാതായിട്ടില്ലെന്ന് ജനത്തെ ഓര്‍മിപ്പിക്കുക എന്നത് ജുഡീഷ്യറിയുടെ കര്‍ത്തവ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു ജസ്റ്റിസ് നാഗരത്‌ന. നോട്ട് പിന്‍വലിക്കുക എന്ന തീരുമാനം റിസര്‍വ് ബേങ്കിനെ അറിയിച്ച്, അതിന്റെ പിന്തുണ അധികാരമുപയോഗിച്ച് നേടിയെടുക്കുമ്പോള്‍, അത് റിസര്‍വ് ബേങ്ക് സ്വതന്ത്ര മനസ്സുപയോഗിച്ചെടുത്ത തീരുമാനമായി കാണാനാകില്ലെന്ന് രേഖപ്പെടുത്തുമ്പോള്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് വിയോജന വിധി. ആ ഓര്‍മപ്പെടുത്തല്‍ ഭരണത്തിന്റെ തലപ്പത്തുള്ളവരെയോ ആര്‍ ബി ഐയുടെ ഡയറക്ടര്‍മാരെയോ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് ഈ നാട്ടിലെ ജനങ്ങളെ ഉദ്ദേശിച്ചുള്ളതാണ്.

നോട്ട് പിന്‍വലിച്ച നടപടി ശരിവെച്ച ഭൂരിപക്ഷ വിധിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരവും നിയമപരമായി രക്ഷപ്പെടുന്നുണ്ടാകും. പക്ഷേ, ഒറ്റയ്ക്ക് വിയോജിച്ച ശബ്ദം കരുത്തുറ്റ രാഷ്ട്രീയം ജനങ്ങളിലേക്ക് പ്രസരിപ്പിക്കുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന രാഷ്ട്രീയം.

Latest