Cover Story
നാടിന് വേണം ഉരഗ ജാഗ്രത
ചൂടിനെ നേരിടാന്‍ ജനങ്ങള്‍ പല വഴി തേടുമ്പോള്‍ മറഞ്ഞിരിക്കുന്ന മറ്റ് അപകടങ്ങളും നാം മുന്നില്‍ കാണേണ്ടതുണ്ട്. അത് ഉഗ്രവിഷമുള്ള പാമ്പുകളാണ്. ശീതരക്ത ജീവികളായ പാമ്പുകള്‍ ചൂടുകൂടുമ്പോള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളിലെത്തും. വീട്ടുവളപ്പിലെ ചെടിച്ചട്ടികള്‍, ടോയ്്ലറ്റുകള്‍, തറയോടുകള്‍ക്കിടയിലെ വിള്ളലുകള്‍, നനവുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താവളമാക്കും. വേനല്‍ക്കാലത്താണ് മൂര്‍ഖന്റെ മുട്ട വിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതുകൊണ്ടുതന്നെ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ തേടിയെത്തും.
സംസ്ഥാനത്ത് വേനല്‍ ചൂട് കടുത്തതോടെ വീടുകള്‍ക്കുള്ളിലും പരിസരത്തും പാമ്പുകളുടെ സാന്നിധ്യം വര്‍ധിക്കുകയാണ്. ചൂടിനെ നേരിടാന്‍ ജനങ്ങള്‍ പല വഴി തേടുമ്പോള്‍ മറഞ്ഞിരിക്കുന്ന മറ്റ് അപകടങ്ങളും നാം മുന്നില്‍ കാണേണ്ടതുണ്ട്. അത് ഉഗ്രവിഷമുള്ള പാമ്പുകളാണ്. ശീതരക്ത ജീവികളായ പാമ്പുകള്‍ ചൂടുകൂടുമ്പോള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളിലെത്തും. വീട്ടുവളപ്പിലെ ചെടിച്ചട്ടികള്‍, ടോയ്്ലറ്റുകള്‍, തറയോടുകള്‍ക്കിടയിലെ വിള്ളലുകള്‍, നനവുള്ള ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ താവളമാക്കും. വേനല്‍ക്കാലത്താണ് മൂര്‍ഖന്റെ മുട്ടവിരിയുന്നത്. അണലിയുടെ പ്രസവസമയവും ഇപ്പോഴാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതുകൊണ്ടുതന്നെ പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ തേടിയെത്തും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 392 ഓളം പേര്‍ പാമ്പുകടിയേറ്റ് മരിച്ചതായാണ് കണക്കുകള്‍. ഇത്തരത്തില്‍ ഈ ആഴ്ച മാത്രം സംസ്ഥാനത്ത് നാല് ജീവനുകളാണ് പൊലിഞ്ഞത്.
തൃശ്ശൂരില്‍ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരന്‍ ആല്‍ജോ പാമ്പ് കടിയേറ്റ് മരണപ്പെടുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാകുകയും ചെയ്തതായിരുന്നു. പിന്നാലെ തിരുവനന്തപുരം കാരേറ്റില്‍ 75 വയസ്സുകാരി സുധര്‍മ്മയും പാമ്പുകടിയേറ്റ് മരിച്ചു. വീടിന് സമീപത്തെ കിണറിനടുത്തെ മുളകുചെടിക്ക് വെള്ളമൊഴിക്കുന്നതിനിടെയാണ് സുധര്‍മ്മക്ക് കടിയേറ്റത്. ഈ രണ്ട് സംഭവങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുന്നേ ആയിരുന്നു അടുത്ത മരണങ്ങള്‍. തിരുവനന്തപുരം ചിറയിന്‍കീഴില്‍ ആയിരുന്നു മൂന്നാമത്തെ സംഭവം. അഴൂര്‍ മൂലേല്‍ വീട്ടില്‍ എട്ട് വയസ്സുകാരന്‍ ദിക്ഷല്‍ ആണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. പിന്നാലെ അതേ ദിവസം തന്നെ ആലപ്പുഴ കായംകുളത്ത് കല്യാണച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റ് ചേരാവള്ളി സ്വദേശി സെലീനയും മരിച്ചു. വൈകുന്നേരം ബന്ധുവിന്റെ വിവാഹ സത്കാരം കഴിഞ്ഞ് വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടക്കുമ്പോഴാണ് സെലീനക്ക് പാന്പുകടിയേല്‍ക്കുന്നത്. പിന്നീട് സ്ഥലത്തുണ്ടായിരുന്നവര്‍ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വേനലില്‍ വീടുകളിലെ ചില ഇടങ്ങളാണ് ഇവക്ക് കൂടുതല്‍ സുരക്ഷിതത്വം. അവരുടെ സുരക്ഷിതത്വം മനുഷ്യര്‍ക്ക് മറഞ്ഞിരിക്കുന്ന അപകടം കൂടിയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസറും സര്‍ക്കാര്‍ അംഗീകൃത പാമ്പ് സംരക്ഷക കൂടിയായ ഡോ. റോഷ്നി ജി എസ് പറയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക, വിടവുകള്‍ അടക്കുക, വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക, നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക, കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും, വീടിന് പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക, വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടിവെക്കരുത്, പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക, വീടിന് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക, രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക, സന്ധ്യാ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക, കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്, കാല്‍പാദം സംരക്ഷിക്കുന്ന ചെരുപ്പുകള്‍ ധരിക്കുക, ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക, കിടക്കുന്ന സ്ഥലം ശുചിയായി സുരക്ഷിതമായി സൂക്ഷിക്കുക, ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക. പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ, ഭയപ്പെടുത്തരുത്
കടിയേറ്റ് കുറച്ചുസമയത്തിന് ശേഷം മാത്രമേ വിഷബാധയുടെ ലക്ഷണം പ്രകടമാകൂ. പാമ്പുകടിയേറ്റയാളെ ഭയപ്പെടുത്തരുത്. ഇത് രക്തസമ്മര്‍ദം കൂട്ടാന്‍ ഇടയാക്കും. അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക. മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം. ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ട് പോകുമ്പോള്‍ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിനായി സമയം പാഴാക്കരുത്.
സഹായത്തിന് “സര്‍പ്പ’
ബോധവത്കരണവും പാമ്പുകളുടെ സംരക്ഷണവും ലക്ഷ്യമിട്ട് വനംവകുപ്പ് രൂപം നല്‍കിയ സ്നേക് അവയര്‍നസ് റെസ്‌ക്യു ആന്‍ഡ് പ്രൊട്ടക്്ഷന്‍ ആപ്പ് (സര്‍പ്പ) പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് സഹായത്തിനായി ഉപയോഗിക്കാം. വീടിനുള്ളിലോ പരിസരത്തോ അപകടകരമായി ഒരു പാമ്പിനെ കാണുകയോ, പാമ്പ് കയറിയ ഇടത്തിന്റെയോ ചിത്രം മൊബൈലില്‍ പകര്‍ത്തി സര്‍പ്പ ആപ്പില്‍ അപ്്ലോഡ് ചെയ്യണം. ജില്ലയിലുള്ള, പാമ്പ് പിടിക്കുന്നതില്‍ വനംവകുപ്പിന്റെ വിദഗ്ധ പരിശീലനം ലഭിച്ചവര്‍ക്ക് നോട്ടിഫിക്കേഷനായി ഇത് ലഭിക്കും. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് എത്തും. ഈ സേവനം സൗജന്യമാണ്.
ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്
പലപ്പോഴും കുട്ടികള്‍ ഉറക്കത്തില്‍ എന്തോ കടിച്ചു എന്ന് പറയുമ്പോള്‍ നാം അത് നിസ്സാരമായി കാണാറുണ്ട്. എന്നാല്‍ ശരീരത്തില്‍ പല്ലിന്റെ അടയാളങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ഉടന്‍ വൈദ്യസഹായം തേടുകയും വേണം. വെള്ളിക്കെട്ടന്‍ അഥവാ ശംഖുവരയന്‍ പോലുള്ള പാമ്പുകള്‍ കടിക്കുമ്പോള്‍ വേദന കുറവായിരിക്കുമെങ്കിലും അത് പെട്ടെന്ന് മരണകാരണമാകും. നമ്മുടെ ജാഗ്രതക്കുറവ് കൊണ്ട് ഇനിയൊരു ജീവന്‍ കൂടി നഷ്ടപ്പെടാന്‍ പാടില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം രാത്രികാലങ്ങളില്‍ ടോര്‍ച്ച് ഉപയോഗിക്കാനും മുറികള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ഓരോരുത്തരും ശ്രദ്ധിക്കണം.
ആന്റിവെനം; ആദ്യ മണിക്കൂര്‍ നിര്‍ണായകം
പാമ്പ് കടിയേറ്റാല്‍ ആദ്യത്തെ ഒരു മണിക്കൂര്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഈ സമയത്തിനുള്ളില്‍ ആന്റിവെനം നല്‍കണം. താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പോളിവാലന്റ് ആന്റിവെനം ലഭ്യമാണ്. മൂര്‍ഖന്‍, ശംഖുവരയന്‍, അണലി എന്നിവയുടെ വിഷത്തില്‍ നിന്നുള്‍പ്പെടെ ഇത് പ്രതിരോധം തീര്‍ക്കും. ഇല്ലെങ്കില്‍ സമയം കഴിയുംതോറും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് നീങ്ങും.
കുട്ടികളുടെ ശ്രദ്ധക്ക്
സ്‌കൂള്‍ അവധിക്കാലമായതിനാല്‍ കുട്ടികള്‍ പുറത്ത് കളിക്കാനിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ചെരിപ്പോ ഷൂവോ ധരിക്കാന്‍ ശ്രദ്ധിക്കുക. കുറ്റിക്കാടുകള്‍ക്കും കല്ലുകള്‍ക്കും ഇടയില്‍ കളിക്കുന്നത് ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കുക.
വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റാല്‍
വളര്‍ത്തുമൃഗങ്ങള്‍ക്ക് പാമ്പിന്റെ കടിയേറ്റതായി തിരിച്ചറിയുകയോ സംശയം തോന്നുകയോ ചെയ്താല്‍ ഒരു നിമിഷം പോലും സമയം കളയാതെ വിദഗ്ധ സേവനം ഉറപ്പാക്കണം. കടിയേറ്റ മൃഗത്തിന്റെ ശരീര ചലനങ്ങള്‍ കഴിയുന്നത്ര കുറക്കാന്‍ ശ്രദ്ധിക്കുക. കടിയേറ്റ മൃഗത്തെ ഓടാന്‍ അനുവദിക്കരുത്, ഓടുമ്പോള്‍ അവയുടെ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാകുകയും ഹൃദയം, വൃക്ക തുടങ്ങിയ വിവിധ അവയവങ്ങളിലേക്ക് വിഷം പെട്ടെന്ന് എത്തുകയും അപകടസാധ്യത കൂടുകയും ചെയ്യും. രക്തപ്രവാഹമുണ്ടെങ്കില്‍ മുറിവ് വൃത്തിയുള്ള തുണികൊണ്ട് കെട്ടാം. കടിയേറ്റ ഭാഗത്തെ വിഷം കലര്‍ന്ന രക്തം ഞെക്കിക്കളയുകയോ കീറി യെടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. മുറിവില്‍ ഐസ് വെക്കുക, ചൂട് വെക്കുക തുടങ്ങിയ കാര്യങ്ങളും പാടില്ല.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പാമ്പുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കാലാവസ്ഥയും വനവുമെല്ലാം പാമ്പിന് ജീവിക്കാന്‍ അനുകൂലമായതാണ് ഇതിന് കാരണം. അതിനാൽ പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. പലപ്പോഴും ചേരയേയോ നീര്‍ക്കോലിയേയോ ഒക്കെ കാണുമ്പോള്‍ തല്ലിക്കൊല്ലുന്നവരുണ്ട്. എന്നാല്‍ ഇതേ ലാഘവത്തോടെ ഉഗ്രവിഷമുള്ള അണലിയുടെ അടുത്ത് ചെന്നാല്‍ കടിയേല്‍ക്കാന്‍ സാധ്യതയേറെയാണ്. പൊതുവെ ഒളിച്ചിരിക്കാന്‍ താത്പര്യപ്പെടുന്നവയാണ് പാമ്പുകള്‍. ഇരയാണെന്ന് കരുതിയോ ജീവന്‍ അപകടത്തിലാകുന്ന ഘട്ടത്തിലോ ആണ് അവ മനുഷ്യരെ ആക്രമിക്കുന്നത്.
പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സക്കുള്ള ആന്റി സ്‌നേക്ക് വെനം ലഭ്യമാണ്. ശീതരക്ത ഉരഗമായ പാമ്പുകള്‍ക്ക് ചൂട് കൂടുമ്പോള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങിയേ പറ്റൂ. അതാണ് ചൂട് അസഹനീയമാകുമ്പോള്‍ പാമ്പുകടിയും വര്‍ധിക്കുന്നത്. പാമ്പുകളുടെ പ്രജനനകാലമാണ് ഇപ്പോള്‍. അതിനാലാണ് കൂടുതല്‍ കുഞ്ഞുങ്ങളെ പുറത്ത് കാണുന്നത്. ശത്രുക്കളെ ആക്രമിക്കുമ്പോഴും ഇര പിടിക്കുമ്പോഴും പാമ്പുകള്‍ വിഷം ചീറ്റുന്നുണ്ട്. ആക്രമിക്കുമ്പോള്‍ മാത്രമാണ് വിഷം ചീറ്റുന്നത് എന്ന മിഥ്യാധാരണ തെറ്റാണ്. പാമ്പുകള്‍ വീടിനകത്തേക്ക് വരുന്നതിനെ തടയാന്‍ വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക.

