Connect with us

National

കുത്തിയത് 27 തവണ; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൃത്യം നടത്തുന്നതിന് മുന്‍പ് പെട്ടെന്ന് പണം സമ്പാദിക്കുന്നത് എങ്ങനെയെന്ന് രണ്ട് പ്രതികളും ഒരു വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമില്‍ തിരഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ഹൈദരാബാദ് |  തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ 48 കാരിയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് പ്രതികള്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു

കൊണ്ടമല്ലേപ്പള്ളിയിലെ നാഗാര്‍ജുന പബ്ലിക് സ്‌കൂളിന്റെ പ്രിന്‍സിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയെ ഓഗസ്റ്റ് 12ന് രാവിലെയാണ് സ്വന്തം വസതിയില്‍ കൊല്ലപ്പെട്ടത്. 27 കുത്തുകളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഹൈദരാബാദിലായിരുന്ന ഭര്‍ത്താവ്, പ്രിന്‍സിപ്പല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു.

കേസ് അന്വേഷിക്കാന്‍ പോലീസ് അഞ്ച് പ്രത്യേക ടീമുകളെ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് തെളിവുകള്‍, വിരലടയാളങ്ങള്‍, സാങ്കേതിക വിവരങ്ങള്‍ എന്നിവ പരിശോധിക്കുകയും 80-ലധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപ്പൂപ്പനുമായോ മറ്റോ നടത്തിയ ഫോണ്‍ സംഭാഷണത്തിനിടയില്‍ രൂപ റെഡ്ഡി ‘ബാബു’ എന്ന വാക്ക് ഉപയോഗിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.ഈ പേര് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശരത് ചന്ദ്ര പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥികളെചോദ്യം ചെയ്യുകയും, സ്‌കൂളില്‍ വരാതെ വിട്ടുനിന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ധാരാളം പണം ചെലവഴിക്കുകയും പാര്‍ട്ടികള്‍ നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും, ചോദ്യം ചെയ്യലില്‍ രൂപ റെഡ്ഡിയെ കൃത്യമായ പദ്ധതിയിലൂടെ കൊലപ്പെടുത്തിയതായി അവര്‍ സമ്മതിക്കുകയും ചെയ്തതായി പവാര്‍ വ്യക്തമാക്കി.

ഹോസ്റ്റല്‍ മുറിയിലെ ബാഗുകളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കണ്ടെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ രൂപ റെഡ്ഡി ശാസിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അവര്‍ ഇക്കാര്യം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ അറിയിക്കുകയും, തുടര്‍ന്ന് അവരെ ഹോസ്റ്റലില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കുകയും ചെയ്തു. പ്രിന്‍സിപ്പലിനോട് ഇവര്‍ക്ക് മുന്‍പുള്ള ഈ വിദ്വേഷമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോീസ് സംശയിക്കുന്നു.

കൃത്യം നടത്താനായി അഞ്ച് ദിവസത്തോളം പ്രതികള്‍ വീട് നിരീക്ഷിച്ചിരുന്നു.കൊലപാതകത്തിനായി അവര്‍ ഒരു കത്തിയടിക്കുള്ള സാധനങ്ങളും മുഖംമൂടിയും കയ്യുറകളും വാങ്ങിയിരുന്നു.

കൊലപാതകം നടന്ന ദിവസം, വിദ്യാര്‍ഥികളില്‍ ഒരാള്‍ മുഖംമൂടിയും കയ്യുറകളും ധരിച്ച് വീട്ടില്‍ പ്രവേശിച്ചു. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 2.50 ലക്ഷം രൂപ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു.എന്നാല്‍, മുഖംമൂടി വഴുതിവീഴുകയും, രൂപ റെഡ്ഡി അവനെ തിരിച്ചറിയുകയും ചെയ്തു. തന്നെ തിരിച്ചറിയുമെന്ന ഭയത്താല്‍ അയാള്‍ കത്തിയെടുത്ത് അവരെ 27 തവണ കുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതികള്‍ രക്തക്കറയുള്ള വസ്ത്രങ്ങളും മുഖംമൂടിയും കുഴിച്ചിട്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം അവര്‍ ഗോവയിലേക്ക് ഉല്ലാസ യാത്രയും പോയി.പ്രതികളില്‍ നിന്ന് രക്തക്കറയുള്ള കറന്‍സി നോട്ടുകള്‍ ഉള്‍പ്പെടെ 1.54 ലക്ഷം രൂപയും, പ്രതികള്‍ വാങ്ങിയ പുതിയ ഐഫോണും, രൂപ റെഡ്ഡിയുടെ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൃത്യം നടത്തുന്നതിന് മുന്‍പ് പെട്ടെന്ന് പണം സമ്പാദിക്കുന്നത് എങ്ങനെയെന്ന് രണ്ട് പ്രതികളും ഒരു വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമില്‍ തിരഞ്ഞിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights: A 48-year-old school principal, Kallu Roopa Reddy, was stabbed to death in Telangana’s Nalgonda district. Police arrested two 10th-grade students who committed the crime for money to fund a luxurious lifestyle. The accused stole cash, bought an iPhone, traveled to Goa, and were caught using evidence.

 

Latest