Kerala
സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി
കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്ത് പുറത്തുവന്നു
തിരുവനന്തപുരം | സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡ് കേരളത്തിലെ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സുന്നി, ഷിയ, ബൊഹ്‌റ, അഖാഗനി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്.
ഈ വിഭാഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത്, ബന്ധപ്പെട്ട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് നല്‍കിയ കത്ത് പുറത്തുവന്നു.
വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അര്‍ഹത നിര്‍ണയം പൂര്‍ത്തിയാക്കണം. പുനസ്സംഘടനക്ക് മുമ്പ് അര്‍ഹത നിര്‍ണയം നടത്തിയതിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയും അതിനനുസരിച്ച് അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും. അംഗങ്ങളുടെ യോഗ്യതയും പുനസ്സംഘടനക്ക് മുമ്പ് പരിശോധിക്കും.
വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേരളത്തില്‍നിന്ന് മുസ്ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും ഹരജി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറും കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഇത് ആഗസ്റ്റ് 25ന് സുപ്രിംകോടതിയുടെ പരിഗണനക്കെത്തുമെന്നും റവന്യൂ അഡി. ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
Content Highlights: The Kerala Waqf Board has initiated a detailed census to assess the total count and valuation of assets held by various Muslim sects like Sunni, Shia, Bohra, and Aghakhani. This exercise aims to ensure proportional representation during the board’s reorganization based on total property valuation. Meanwhile, issues surrounding Waqf Act amendments remain under Supreme Court consideration.





