Connect with us

International

ഇറാനെതിരെ അതികഠിനമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്നും മുന്നറിയിപ്പ്

Published

|

Last Updated

വാഷിങ്ടണ്‍/തെഹ്റാന്‍ | ഇറാനെതിരെ അതികഠിനമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകള്‍, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ട് ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം.

ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താല്‍ അവര്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിര്‍ദേശം. ഇറാനുമായി സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങള്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.

ഒരു രാജ്യത്തിനെതിരെ ഏര്‍പ്പെടുത്തുന്ന ഏറ്റവും കടുത്ത സാമ്പത്തിക നീക്കമാണ് താന്‍ പ്രഖ്യാപിക്കുന്നത്. ഇതൊരു സാമ്പത്തിക യുദ്ധരീതിയും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒറ്റപ്പെടുത്തലുമായിരിക്കും- ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഏതെങ്കിലും ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങള്‍, ബിസിനസുകള്‍, വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ ഭരണകൂടം- ഇറാന് സഹായം നല്‍കിയാല്‍ അതിശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസ് ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കെ നയതന്ത്രപരമായോ സൈനികപരമായോ യാതൊരു പിന്‍മാറ്റവും ഇരുപക്ഷത്ത് നിന്നും ഉണ്ടായിട്ടില്ല. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവും അവതാളത്തിലാണ്. ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇറാന്‍ അല്ലാതെ മറ്റൊരു രാജ്യത്തിന്റെ പേര് സമൂഹമാധ്യമ പോസ്റ്റില്‍ എങ്ങും പരാമര്‍ശിച്ചിട്ടുമില്ല. യുഎസ് ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷവും തുര്‍ക്കി, ചൈന, ജര്‍മനി, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായി തുടരുന്നുണ്ട്.

നേരത്തെ ഇറാനുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഇറാന്‍ ആണവശക്തിയാകാതെ തടയുന്നതാണ് അമേരിക്കയുടെ പ്രഥമ പരിഗണനയെന്നും ചര്‍ച്ചയില്‍ യു എസ് ഇക്കാര്യത്തിനാകും ഊന്നല്‍ നല്‍കുകയെന്നും ട്രംപ് പറഞ്ഞിരുന്നു.

 

Content Highlights: US President Donald Trump announced unprecedented economic sanctions targeting Iran’s oil, banking, and shipping industries. He warned that any country or entity assisting Iran would face severe economic consequences. Trump emphasized this strategy aims to isolate Iran and prevent it from acquiring nuclear weapons.

 

Latest