Connect with us

Editorial

തീരുവ യുദ്ധം ഫാര്‍മ മേഖലയിലും

ഈ തീരുവാ യുദ്ധത്തിന്റെ വരുംവരായ്കയെക്കുറിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാര മേഖലയില്‍ വ്യത്യസ്ത വീക്ഷണമാണുള്ളത്. നിലവില്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയായതിനാല്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഒരു പക്ഷം.

Published

|

Last Updated

പെട്ടെന്നുണ്ടായ ഉള്‍വിളിയല്ല ഡൊണാള്‍ഡ് ട്രംപ് മരുന്നുകള്‍ക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നില്‍. ഒരു മാസം മുമ്പേ ഉണര്‍ത്തിയതാണ് അദ്ദേഹം ഇക്കാര്യം. അമേരിക്ക ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 200 ശതമാനം വരെ തീരുവ ചുമത്തുമെന്ന് സെപ്തംബര്‍ തുടക്കത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചതാണ്. അതിനു മുന്നേ, തീരുവ പ്രഖ്യാപനത്തെ തുടര്‍ന്ന് അമേരിക്കയില്‍ മരുന്നിന് ക്ഷാമം അനുഭവപ്പെടാതിരിക്കാന്‍ കൂടുതല്‍ മുരുന്നുകള്‍ ഇറക്കുമതി ചെയ്ത് സ്റ്റോക്ക് ചെയ്യാന്‍ മരുന്ന് വ്യാപാരികളോട് നിര്‍ദേശിക്കുകയും ചെയ്തു. അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ഇതിനകം ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷത്തേക്ക് ആവശ്യമായ മരുന്നുകള്‍ വരുത്തി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

അമേരിക്ക ഇതുവരെയും തീരുവ ഏര്‍പ്പെടുത്താത്ത മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍. അടുത്തിടെ യൂറോപില്‍ നിന്നുള്ള ചില മരുന്നുകള്‍ക്ക് പതിനഞ്ച് ശതമാനം തീരുവ ചുമത്തിയതൊഴിച്ചാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് നികുതി ഒഴിവാക്കിയിരുന്നു അമേരിക്ക ഇതുവരെയും. ഈ ഇളവ് ഒഴിവാക്കി ഇറക്കുമതി ചെയ്യുന്ന പേറ്റന്റുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ക്കെല്ലാം 100 ശതമാനം തീരുവയാണ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇത് ഇവിടം കൊണ്ടവസാനിക്കില്ല, താമസിയാതെ തീരുവ 150 ശതമാനത്തിലേക്കും 250 ശതമാനത്തിലേക്കും ഉയര്‍ത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഈ തീരുവാ യുദ്ധത്തിന്റെ വരുംവരായ്കയെക്കുറിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ വ്യാപാര മേഖലയില്‍ വ്യത്യസ്ത വീക്ഷണമാണുള്ളത്. നിലവില്‍ അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയായതിനാല്‍ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ഒരു പക്ഷം. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 31 ശതമാനം അമേരിക്കയിലേക്കാണ്. 870 കോടി ഡോളറിന്റെ (77,000 കോടി രൂപ) മരുന്നാണ് 2023-24ല്‍ യു എസിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ട്രംപിന്റെ തീരുവ പ്രഖ്യാപനം വന്ന ഉടനെ പ്രമുഖ ബ്രാന്‍ഡഡ് മരുന്നു കമ്പനികളായ സണ്‍ഫാര്‍മ, സിപ്ല, റെഡ്ഡീസ് ലാബ് എന്നിവയുടെ ഓഹരികളില്‍ അഞ്ച് ശതമാനം ഇടിവ് സംഭവിക്കുകയും ചെയ്തു. ഈ മേഖലയില്‍ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളിലേക്കുള്ള സൂചനയായി ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

തീരുവ ജനറിക് മരുന്നുകള്‍ക്ക് ബാധകമല്ലെന്നതിനാല്‍ വലിയ ആശങ്കക്കിടയില്ലെന്നാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് (ഐ പി എസ്) സെക്രട്ടറി ജനറല്‍ സുദര്‍ശന്‍ ജയിനിന്റെ പ്രതികരണം. ഇന്ത്യ യു എസിലേക്ക് കയറ്റി അയക്കുന്ന മരുന്നുകളില്‍ ബഹുഭൂരിഭാഗവും ജനറിക് വിഭാഗമാണ്. അമേരിക്കയിലെ ബ്രാന്‍ഡഡ് മരുന്നു വിപണിയില്‍ ഇന്ത്യയുടെ പങ്ക് വളരെ കുറവാണ്. പരമാവധി മൂന്ന് ശതമാനമേ വരികയുള്ളൂവെന്നാണ് റിപോര്‍ട്ട്. മാത്രമല്ല, ഇന്ത്യയിലെ മിക്ക വന്‍കിട ഫാര്‍മ കയറ്റുമതി കമ്പനികളും അമേരിക്കയില്‍ ഒരു നിര്‍മാണ യൂനിറ്റെങ്കിലും ഉള്ളവരാണ്. അമേരിക്കയില്‍ പുതുതായി മരുന്ന് നിര്‍മാണ പ്ലാന്റുകള്‍ തുടങ്ങുന്നവര്‍ക്ക് താരിഫില്‍ ഇളവ് ലഭിക്കുമെന്ന ട്രംപിന്റെ പരാമര്‍ശവും ആശ്വാസകരമായി കാണുന്നു. കൂടുതല്‍ ബ്രാന്‍ഡഡ്, പാറ്റന്റഡ് മരുന്നുകള്‍ കയറ്റി അയക്കുന്ന ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമാകും തീരുവ പ്രഖ്യാപനം കൂടുതല്‍ തിരിച്ചടിയാകുക. എങ്കിലും ജനറിക് മരുന്നുകള്‍ക്ക് ഇപ്പോള്‍ തീരുവ ബാധകമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ അത് ബാധകമാക്കിയേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതോടെ ഇന്ത്യയുടെ കാര്യവും അവതാളത്തിലാകും.

മരുന്നുവില കുറക്കുമെന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളിലൊന്ന്. മരുന്നുകള്‍ക്ക് തീരുവ ഏര്‍പ്പെടുത്തിയ നടപടി വിപരീത ഫലമാണ് സൃഷ്ടിക്കുക. അമേരിക്കയില്‍ മരുന്നുകളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയും മരുന്നുകളെ കൂടുതല്‍ ആശ്രയിക്കുന്ന വയോജനങ്ങളെയും പ്രയാസത്തിലാക്കുകയും ചെയ്യും.

ഫാര്‍മസ്യൂട്ടിക്കല്‍ വിപണികള്‍ക്കു പുറമെ രാഷ്ട്രീയ രംഗത്തും പ്രത്യാഘാതങ്ങള്‍ക്കിടയാക്കും തീരുവ പ്രഖ്യാപനം. ട്രംപുമായി അടുത്ത ബന്ധത്തിലായിരുന്നു നരേന്ദ്ര മോദി സമീപ കാലം വരെയും. അങ്ങനെയാണ് അദ്ദേഹം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഉറ്റ സുഹൃത്തെന്നാണ് ട്രംപിനെക്കുറിച്ച് മോദി വിശേഷിപ്പിക്കാറുള്ളത്. ട്രംപ് മറിച്ചും. പ്രധാനമന്ത്രിപദത്തിലേറിയ ശേഷം ഒമ്പത് തവണയാണ് മോദി അമേരിക്ക സന്ദര്‍ശിച്ചത്. നാല് തവണയും ട്രംപ് അധികാരത്തിലിരിക്കുന്ന കാലത്താണ്. എന്നാല്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇരട്ടി തീരുവ ഏര്‍പ്പെടുത്തിയപ്പോഴും ഇപ്പോള്‍ മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ ചുമത്തിയപ്പോഴും ട്രംപില്‍ ഈ ‘ചങ്ങാത്തം’ കണ്ടില്ല. നിര്‍ദാക്ഷിണ്യമാണ് ഇന്ത്യക്ക് മേല്‍ അധികച്ചുങ്കം അടിച്ചേല്‍പ്പിച്ചത്. മോദി ഭരണകൂടത്തെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. വരികള്‍ക്കിടയിലൂടെ അദ്ദേഹം അത് വ്യക്തമാക്കിയിട്ടുണ്ട്. മോദിയുടെ ഇമേജില്‍ ഇത് വലിയ ഇടിവ് സൃഷ്ടിക്കും.

ഈ പശ്ചാത്തലത്തിലാണ് ഇതുവരെ അമേരിക്കയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ക്കെതിരെ മൗനം പാലിച്ചിരുന്ന മോദി ഭരണകൂടത്തിന് ഇപ്പോള്‍ ട്രംപ് ഭരണകൂടത്തെ ശക്തമായി വിമര്‍ശിക്കേണ്ടി വന്നതും വ്യക്തമായ ഇരട്ടത്താപ്പാണ് ഇന്ത്യയുടെ കാര്യത്തില്‍ ട്രംപ് കൈക്കൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് തുറന്നടിക്കേണ്ടി വന്നതും. ഉറ്റസൗഹൃദം അഭിനയിച്ച് ഇന്ത്യയെ ചൂഷണം ചെയ്യുകയാണ് ട്രംപ് എന്ന് തിരിച്ചറിയാന്‍ മോദി സര്‍ക്കാര്‍ വളരെ വൈകി. ഇതപര്യന്തമുള്ള അമേരിക്ക- ഇന്ത്യ ഉടമ്പടികളും കരാറുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ അമേരിക്കന്‍ താത്പര്യങ്ങളിലൂന്നിയാണ് അത് തയ്യാറാക്കിയതെന്നു കണ്ടെത്താനാകും. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കാനല്ലാതെ ഒരു രാഷ്ട്രവുമായും കൂടുതല്‍ അടുപ്പം കാണിക്കാറില്ല അമേരിക്കന്‍ ഭരണകൂടം. സാമ്രാജ്യത്വ ശക്തികളുടെ ഒരു പൊതുസ്വഭാവമാണിത്.

 

Latest