UAE
ഷാർജയിൽ പുതിയ തിരുത്തൽ- പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ നിയമം
തടവുകാരുടെ സുരക്ഷയ്‌ക്കൊപ്പം സ്വഭാവ പരിഷ്‌കരണത്തിനും മുൻഗണന
ഷാർജ|ഷാർജയിൽ പുതിയ തിരുത്തൽ-പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനുമായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുതിയ നിയമം പുറപ്പെടുവിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ സ്വഭാവ രൂപീകരണത്തിനും സാമൂഹിക പുനരധിവാസത്തിനും മോചനത്തിന് ശേഷമുള്ള സുരക്ഷിതമായ ജീവിതത്തിനും ഊന്നൽ നൽകുന്നതാണ് പുതിയ നിയമം.
സ്ഥാപനത്തിന്റെ ഭരണപരവും സാമ്പത്തികവുമായ പൂർണ ചുമതലകൾ ഷാർജ പോലീസിനായിരിക്കും. തടവുകാരെ കേവലം ശിക്ഷ അനുഭവിക്കുന്നവരായി മാത്രം കാണാതെ, നിയമപരമായ ചട്ടക്കൂടിലൂടെ അവരെ പരിഷ്‌കരിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിയമം നിലവിൽ വരുന്നതോടെ തടവുകാരുടെ അവകാശ സംരക്ഷണം, മാനസിക-ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ പരിശീലനം തുടങ്ങിയ മേഖലകളിൽ കൂടുതൽ കൃത്യതയാർന്ന മാർഗരേഖ നിലവിൽ വരും. കുറ്റകൃത്യത്തിന്റെ സ്വഭാവവും പെരുമാറ്റ രീതികളും വിലയിരുത്തി ഓരോ തടവുകാരനും അനുയോജ്യമായ പുനരധിവാസ സഹായങ്ങൾ ലഭ്യമാക്കും. തടവുകാലത്തെ വിദ്യാഭ്യാസവും പ്രായോഗിക തൊഴിൽ പരിശീലനങ്ങളും മോചനത്തിന് ശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത് തടയാൻ സഹായിക്കും.
Content Highlights:
Sharjah Ruler Sheikh Dr Sultan bin Muhammad Al Qasimi issued a law to establish a new correctional and rehabilitation center. The facility will operate under Sharjah Police to ensure inmate safety and social reintegration. It emphasizes education and vocational training to build secure futures.


