Connect with us

Kozhikode

പുസ്തകത്തിൽ ഒതുങ്ങുന്നതല്ല സയ്യിദ് അലി ബാഫഖി തങ്ങളുടെ ചരിത്രം: കാന്തപുരം

സയ്യിദ് അലി ബാഫഖിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

Published

|

Last Updated

കോഴിക്കോട് | സയ്യിദന്മാരുടെ സൗമ്യസ്വഭാവത്തിൽ ആകൃഷ്ടരായി നിരവധി പേർ മുൻകാലങ്ങളിൽ ഇസ്‌ലാമിലേക്ക് കടന്നുവന്നുവെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. അടിച്ചേൽപ്പിക്കൽ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അലി ബാഫഖി തങ്ങളുടെ ജീവചരിത്രം “സൗമ്യനായ സയ്യിദ്’ കോഴിക്കോട്ട് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യമനിൽ നിന്ന് വന്നവരും അല്ലാത്തവരുമായ അഹ്‌ലുബൈത്ത് കേരളത്തിൽ ധാരാളമുണ്ട്. പല സയ്യിദന്മാരും കോഴിക്കോട്ട് വന്നു. അവരാണ് ഇസ്‌ലാമിന്റെ പാഠങ്ങൾ ജനങ്ങളെ പഠിപ്പിച്ചത്. അവരുടെ സ്വഭാവത്തിലും ശൈലിയിലും ആകൃഷ്ടരായി നിരവധി പേർ ഇസ്‌ലാമിനെ മനസ്സിലാക്കുകയും ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.

മത പ്രബോധനത്തിനായി അഹ്‌ലുബൈത്തിൽ പെട്ടവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി. അക്രമത്തിന്റെയോ അടിച്ചമർത്തലിന്റെയോ ശൈലി അവർ സ്വീകരിച്ചിരുന്നില്ല. അവരിൽ പ്രധാനപ്പെട്ട ഖബീലയാണ് ബാഫഖി. ഈ കുടുംബത്തിലെ പ്രമുഖ വ്യക്തിത്വമാണ് സയ്യിദ് അലി ബാഫഖി തങ്ങൾ. അദ്ദേഹത്തിന്റെ ചരിത്രം പുസ്തകത്തിൽ ഒതുങ്ങുന്നതല്ലെന്നും കാന്തപുരം പറഞ്ഞു.

ഡോ. സയ്യിദ് അബ്ദുസ്വബൂർ അവേലം അധ്യക്ഷത വഹിച്ചു. വി സി ശറഫുദ്ദീൻ കൊടുവള്ളി പുസ്തകം കാന്തപുരത്തിൽ നിന്ന് ഏറ്റുവാങ്ങി. ഡോ. അബൂബക്കർ നിസാമിയെഴുതിയ പുസ്തകം “ഹൃദയഭാഷണ’വും ചടങ്ങിൽ കാന്തപുരം പ്രകാശനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. എം കെ രാഘവൻ എം പി, എളമരം കരീം എം പി, ബശീർ ഫൈസി വെണ്ണക്കോട്, സി പി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ, സൈൻ ബാഫഖി കൊയിലാണ്ടി, നാസർ സഖാഫി അമ്പലക്കണ്ടി, ജലീൽ സഖാഫി കടലുണ്ടി, കരീം നിസാമി കൊയിലാണ്ടി സംബന്ധിച്ചു. മുനീർ സഖാഫി ഓർക്കാട്ടേരി സ്വാഗതവും ഡോ. അബൂബക്കർ നിസാമി നന്ദിയും പറഞ്ഞു.

രണ്ട് മാസം മുമ്പ് കൊയിലാണ്ടിയിൽ സംഘടിപ്പിച്ച സയ്യിദ് അലി ബാഫഖി തങ്ങളുടെ സ്വീകരണത്തോടനുബന്ധിച്ച് രൂപവത്കരിച്ച സമിതിയാണ് ജീവചരിത്രത്തിന്റെ രചന നിർവഹിച്ചത്. ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോ (ഐ പി ബി)ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

 

 

 

 

---- facebook comment plugin here -----

Latest