Connect with us

Editorial

മാധ്യമ സ്വാതന്ത്ര്യത്തിന് അടിവരയിട്ട് സുപ്രീം കോടതി

ഏകപക്ഷീയമായ മാധ്യമ വിലക്ക് അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ അനന്തര ഫലമുണ്ടാക്കുമെന്നും വിചാരണ തുടങ്ങുന്നതിനു മുമ്പേ തന്നെ മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ സംവാദം തടയുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Published

|

Last Updated

മാധ്യമ സ്വാതന്ത്ര്യത്തിന് അടിവരയിടുന്ന സുപ്രധാന വിധിപ്രസ്താവമാണ് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഉള്‍പ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്നും മാധ്യമ വിലക്കിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കീഴ്ക്കോടതികളോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നിര്‍ദേശിച്ചു. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഉള്‍പ്പെട്ട കേസിലെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിനെതിരെ ബ്ലൂംബെര്‍ഗ് ടി വി നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മേല്‍ കേസിലെ വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ബ്ലൂംബെര്‍ഗിനോട് വിചാരണാ കോടതിയും ഡല്‍ഹി ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു. പ്രസ്തുത ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു.

ആരോപണത്തിന്റെ മെറിറ്റ് വിശദമായി പരിശോധിക്കാതെ മാധ്യമങ്ങള്‍ക്കെതിരെ ഏകപക്ഷീയമായ വിലക്ക് പുറപ്പെടുവിക്കരുത്. പകയോടെയുള്ളതോ പ്രത്യക്ഷത്തില്‍ അസത്യമെന്ന് തോന്നുന്നവയോ ആയ റിപോര്‍ട്ടുകള്‍ക്ക് മാത്രമേ വിലക്ക് ഏര്‍പ്പെടുത്താവൂ. അല്ലാതെയുള്ള ഏകപക്ഷീയമായ മാധ്യമ വിലക്ക് അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ അനന്തര ഫലമുണ്ടാക്കുമെന്നും വിചാരണ തുടങ്ങുന്നതിനു മുമ്പേ തന്നെ മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ സംവാദം തടയുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുന്ന കീഴ്ക്കോടതികളുടെ നിലപാടിനെതിരെ പരമോന്നത കോടതി നേരത്തേയും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മുഴുവനും നിര്‍ബന്ധമായും റിപോര്‍ട്ട് ചെയ്യപ്പെടേണ്ടതാണെന്നും കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കരുതെന്നും 2021 മെയില്‍, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ മദ്രാസ് ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ കമ്മീഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സംഭവിക്കുന്നത് എന്തെന്ന് മാധ്യമങ്ങള്‍ അറിയട്ടെ. കോടതി ഉത്തരവുകള്‍ മാത്രമല്ല, പൗരന്മാര്‍ക്ക് വേണ്ടി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍, മറുപടികള്‍, സംവാദങ്ങള്‍ എന്നിവയും പുറംലോകത്തെ അറിയിക്കേണ്ടതാണെന്നും അന്ന് ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് പ്രസ്താവിച്ചു.

സുഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മാധ്യമ റിപോര്‍ട്ടിംഗിന് സി ബി ഐ കോടതി ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ബോംബെ ഹൈക്കോടതിയും, കോടതി വിധികളുടെ റിപോര്‍ട്ടിംഗിന്റെ അനിവാര്യത എടുത്തുപറയുന്നുണ്ട്. നീതി ലഭ്യമാക്കുന്ന ജുഡീഷ്യറി നടപടികള്‍ സുതാര്യവും തൃപ്തികരവുമാണെന്ന് പൊതുജനത്തിന് ബോധ്യപ്പെടണം. ഈ ലക്ഷ്യത്തില്‍ കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കേണ്ടത് അനിവാര്യമാണ്. കോടതി നടപടികളുമായി ബന്ധപ്പെട്ട മാധ്യമ റിപോര്‍ട്ടിംഗിനെയോ മാധ്യമ നിരീക്ഷണത്തെയോ തടയാന്‍ വിചാരണാ കോടതിക്കോ പ്രതിഭാഗം അഭിഭാഷകര്‍ക്കോ അധികാരമില്ലെന്നും അധികാര പരിധി വിട്ടുകടന്നാണ് സി ബി ഐ കോടതി മാധ്യമ വിലക്കേര്‍പ്പെടുത്തിയതെന്നും ബോംബെ ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടി.

ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണ് ജുഡീഷ്യറിയെന്ന പോലെ മാധ്യമങ്ങളും. ഇതുകൊണ്ടാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവക്കൊപ്പം ജനാധിപത്യത്തിന്റെ ഒരു തൂണായി മാധ്യമങ്ങളെയും വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നു മാധ്യമ സ്വാതന്ത്ര്യവും. കേസന്വേഷണ നടപടികളില്‍ സുതാര്യത ഉറപ്പാക്കാനും പോലീസ്, പ്രോസിക്യൂഷന്‍ തുടങ്ങിയ സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നറിയാനും ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിന് കോടതി നടപടികളെ നിരീക്ഷിക്കാനും റിപോര്‍ട്ട് ചെയ്യാനും മാധ്യമങ്ങളെ അനുവദിക്കണം. പരസ്പരം ആശ്രിതരാണ് ജുഡീഷ്യറിയും മാധ്യമങ്ങളും. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലത്ത് കോടതി നടപടികളുടെ തെറ്റായ പോക്കിനെക്കുറിച്ച് പൊതുസമൂഹത്തെ അറിയിക്കാന്‍ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ആശ്രയിച്ചത് മാധ്യമങ്ങളെയായിരുന്നു.

അടച്ചു പൂട്ടിയ, ഇരുമ്പു മറക്കകത്തെ കോടതികളല്ല, തുറന്ന കോടതികളാണ് നീതി ഉറപ്പാക്കാന്‍ ആവശ്യം. കോടതികള്‍ എന്താണ് ചെയ്യുന്നതെന്നും അവിടെ എന്താണ് നടക്കുന്നതെന്നും ജനങ്ങള്‍ അറിയട്ടെ. രേഖകള്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിക്കുന്നതിനെ സുപ്രീം കോടതി ശക്തമായി എതിര്‍ത്തത് ഇതടിസ്ഥാനത്തിലാണ്. വിരമിച്ച സൈനികര്‍ക്ക് കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം അറ്റോര്‍ണി ജനറല്‍ മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ചപ്പോഴാണ് പരമോന്നത കോടതി അതിനെ എതിര്‍ത്തതും കവര്‍ വാങ്ങാന്‍ വിസമ്മതിച്ചതും. ഇത് രഹസ്യ സ്വഭാവമുള്ള രേഖകളാണെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞപ്പോള്‍ കോടതിക്കകത്ത് എന്ത് രഹസ്യ സ്വഭാവമെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ഇതേ നിലപാട് മാധ്യമങ്ങളുടെ കാര്യത്തിലും വേണ്ടതുണ്ട്. വിവരങ്ങള്‍ അറിയിക്കാനും അന്വേഷിച്ച് കണ്ടെത്താനും കൈമാറാനും വാര്‍ത്തകളുമായി ബന്ധപ്പെട്ട് ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുമുള്ള മാധ്യമങ്ങളുടെ അവകാശം ഭരണഘടന ഉറപ്പ് നല്‍കിയതാണ്. ജുഡീഷ്യറിക്കെതിരായ മാധ്യമ വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് ജുഡീഷ്യറിയെ നിയന്ത്രിക്കുന്നവര്‍ക്ക് വേണ്ടത്. മദ്രാസ് ഹൈക്കോടതി മുന്‍ ജസ്റ്റിസ് ചന്ദു ചൂണ്ടിക്കാട്ടിയതു പോലെ, ആരോഗ്യകരമായ വിമര്‍ശനങ്ങളാണ് ജുഡീഷ്യറിയെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുന്നത്. ജനാധിപത്യ സ്ഥാപനങ്ങളിലെ സുതാര്യത അവ സംബന്ധിച്ച പൊതുജന വിശ്വാസം നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്.

 

Latest