Connect with us

Kerala

സുകുമാരക്കുറുപ്പ് തിരോധാന കേസില്‍ ട്വിസ്റ്റ്; പാസ്പോര്‍ട്ടിലെ ഫോട്ടോ തൃശൂര്‍ സ്വദേശി ദാമോദര മേനോന്റേതെന്ന് സഹോദരന്‍

40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് ജോലിക്കായി പോയത്.

Published

|

Last Updated

തൃശൂര്‍| ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. സുകുമാരക്കുറുപ്പിന്റേതെന്ന നിലയില്‍ പുറത്തുവന്ന പാസ്പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂര്‍ സ്വദേശി ദാമോദരമേനോന്റേതാണെന്നാണ് ഇയാളുടെ സഹോദരന്‍ സുരേന്ദ്ര മേനോന്‍ അവകാശപ്പെടുന്നത്. കരുമത്ര സ്വദേശിയാണ് ദാമോദര മേനോന്‍. ഇയാള്‍ വര്‍ഷങ്ങളായി ബ്രൂണൈയിലാണെന്നും സഹോദരന്‍ പറഞ്ഞു.

ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങള്‍ ദാമോദര മേനോന്റേതാണെന്ന് സഹോദരന്‍ പറയുന്നു. ദാമോദര മേനോന് 80 വയസിനടുത്ത് പ്രായമുണ്ട്. ഇയാള്‍ ഇടയ്ക്ക് ഫോണില്‍ വിളിക്കുകയും ബന്ധുക്കളുമായി സംസാരിക്കാറുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. പുറത്തുവന്ന ചിത്രം മൂന്ന് മാസം മുമ്പ് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് നാട്ടുകാരും പറയുന്നുണ്ട്.

40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് ജോലിക്കായി പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച അദ്ദേഹം കുടുംബത്തോടൊപ്പം മലേഷ്യയിലാണ് താമസം. അവിടെ പൗരത്വമുള്ളയാളാണ് ദാമോദര മേനോന്‍. നിലവില്‍ ഒരു അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതിനാല്‍ അദ്ദേഹം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലാണെന്നും കുടുംബം വ്യക്തമാക്കി.

ദാമോദര മേനോന്റെ ചിത്രം വെച്ച് സുകുമാരക്കുറുപ്പാണെന്ന്  പ്രചരിപ്പിക്കുന്നതിനെതിരെ കുടുംബം രോഷം പ്രകടിപ്പിച്ചു. . ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും സഹോദരന്‍ പറഞ്ഞു.

Content Highlights:
A major twist emerged in the claims regarding absconding murderer Sukumara Kurup being spotted in Brunei. A family from Thrissur identified the photo in the viral passport document as their relative Damodara Menon. The family warned of strict legal action against those spreading fake news.

 

---- facebook comment plugin here -----

Latest